പാതിവില തട്ടിപ്പിൽ ഇതുവരെ 3600 പരാതി

Mail This Article
തിരുവനന്തപുരം ∙ തൊടുപുഴ സ്വദേശി അനന്തുകൃഷ്ണന്റെ പാതിവില തട്ടിപ്പു കേസുകൾ ക്രൈംബ്രാഞ്ചിനു കൈമാറാൻ എഡിജിപി മനോജ് ഏബ്രഹാം സംസ്ഥാന പൊലീസ് മേധാവിക്കു ശുപാർശ നൽകി. ഇതുവരെ 72 കേസുകൾ റജിസ്റ്റർ ചെയ്തു. 62 കോടി രൂപയാണ് ഇതിലൂടെ തട്ടിയെടുത്തത്. സംസ്ഥാനമൊട്ടാകെ 3600 പരാതിക്കാർ പൊലീസിനെ സമീപിച്ചിട്ടുണ്ട്. ഇതിൽ പലതിലും ഉടൻ കേസെടുക്കും. ലഭിച്ച പരാതികളുടെ മാത്രം അടിസ്ഥാനത്തിൽ 450– 500 കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് ആഭ്യന്തരവകുപ്പിന്റെ പ്രാഥമിക കണക്ക്. ക്രൈംബ്രാഞ്ചിനു പകരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസുകൾ അന്വേഷിപ്പിക്കാമെന്നാണു ഡിജിപി എസ്.ദർവേഷ് സാഹിബിന്റെ നിലപാട്.
-
Also Read
ജൂൺ ഒന്നുമുതൽ സിനിമാ സമരം
ചില ജില്ലകളിൽ പൊലീസ് കേസെടുക്കാൻ വിസമ്മതിച്ചതും ഒത്തുതീർപ്പിനു ശ്രമിച്ചതും ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെട്ടതോടെ ഒത്തുതീർപ്പു കർശനമായി വിലക്കി. അനന്തുവിനെ 5 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ ലഭിച്ചതിനാൽ വിശദ ചോദ്യംചെയ്യലിനു ശേഷമേ അന്വേഷണത്തിൽ അന്തിമ തീരുമാനമാകൂ. സംസ്ഥാനത്തൊട്ടാകെ സീഡ് സൊസൈറ്റി അംഗങ്ങളിൽ നിന്നായി 40,000 വാഹനങ്ങൾ നൽകുന്നതിനായി പകുതി വിലയായ 60,000 രൂപ വീതം അനന്തു കൈപ്പറ്റിയിട്ടുണ്ടെന്ന് ആദ്യഘട്ട ചോദ്യം ചെയ്യലിൽ വ്യക്തമായി. ഇതു മാത്രം 240 കോടിയോളം രൂപ വരും. ലാപ്ടോപ്, തയ്യൽ മെഷീൻ, രാസവളം എന്നിവ കൂടാതെ ആണിത്. ഇതുവരെ ഒരു കമ്പനിയിൽ നിന്നും സിഎസ്ആർ ഫണ്ട് ലഭിച്ചിട്ടില്ലെന്നും അനന്തു സമ്മതിച്ചു. എവിടെ നിന്ന് എത്രത്തോളം പണം വാങ്ങിയെന്നും ഇത് എവിടെയൊക്കെയാണ് സൂക്ഷിച്ചിരിക്കുന്നതെന്നും ഇനിയും വ്യക്തമാകേണ്ടതുണ്ട്.
അനന്തുവിന്റെ 4 ബാങ്ക് അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചു. അതിൽ 8 കോടി രൂപ ബാക്കിയുണ്ട്. വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. ഫ്ലാറ്റും മുദ്രവച്ചു.
കേസിൽ കോൺഗ്രസ് നേതാവും അഭിഭാഷകയുമായ ലാലി വിൻസന്റിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. സർക്കാരിന്റെ വിശദീകരണം തേടിയ ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ അറസ്റ്റ് വിലക്കി.
ഏഴാം പ്രതിയാക്കി കണ്ണൂർ ടൗൺ സൗത്ത് പൊലീസ് കേസെടുത്തതിനെ തുടർന്നാണു ലാലി വിൻസന്റ് മുൻകൂർ ജാമ്യ ഹർജി നൽകിയത്.
പ്രധാനമന്ത്രിക്കൊപ്പം നിൽക്കുന്ന ഫോട്ടോ; ഇ.ഡിയും വരുന്നു
തിരുവനന്തപുരം∙ അനന്തു കൃഷ്ണന്റെ തട്ടിപ്പിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) കേസെടുക്കും. പ്രധാനമന്ത്രിക്കൊപ്പം നിൽക്കുന്ന ഫോട്ടോ വരെ പ്രചരിപ്പിച്ച് കൂടുതൽ തട്ടിപ്പിനു കളമൊരുക്കിയെന്ന് ഇന്റലിജൻസ് ബ്യൂറോയും (ഐബി) റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രി ബിജെപിയുടെ പരിപാടിക്കെത്തിയപ്പോഴാണ് അനന്തു കൃഷ്ണൻ ശ്രീസത്യസായി ഓർഫനേജ് ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാറിനൊപ്പം അടുത്തെത്തിയത്. ഇത്തരം സന്ദർശനങ്ങൾക്ക് ബിജെപി നേതൃത്വമാണ് അവസരമൊരുക്കുന്നതെന്നാണ് ഐബി റിപ്പോർട്ട്. കേസുമായി ബന്ധപ്പെട്ടവരുടെ മറ്റു സാമ്പത്തിക ബന്ധവും ഐബി ശേഖരിക്കുന്നുണ്ട്.