ആംബുലൻസ് വിളിക്കാൻ ഇനി മൊബൈൽ ആപ്

Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്തെ എല്ലാ ആംബുലൻസുകളെയും ആശുപത്രികളെയും പൊലീസിനെയും ഉൾപ്പെടുത്തി അടിയന്തര സഹായത്തിനായി മൊബൈൽ ആപ് വരുന്നു. മോട്ടർ വാഹനവകുപ്പിന്റെ നേതൃത്വത്തിലാണ് ആപ് തയാറാക്കുന്നത്. ആംബുലൻസുകളുടെയും ആശുപത്രികളുടെയും യോഗം വിളിച്ച് ജില്ലാ തലത്തിൽ ആപ്പിലേക്കു വിവരശേഖരണം നടത്തിവരുന്നു. ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെയും ഗതാഗത കമ്മിഷണറുയെടും യോഗം ഇതിനായി ചേർന്നു. പുതിയ മൊബൈൽ ആപ്പിലേക്ക് 108 ആംബുലൻസുകളെയും ഉൾപ്പെടുത്തും.
പൊലീസിന്റെ 112 എന്ന നമ്പറാണ് ആംബുലൻസ് ആപ്പിന്റെ നമ്പർ. 112 ലേക്കു വിളിച്ചാൽ , വിളിച്ചയാൾ നിൽക്കുന്ന സ്ഥലത്തേക്ക് ഏറ്റവും അടുത്തുള്ള പൊലീസ് സംഘത്തെ അയയ്ക്കുന്ന രീതിയാണ് പൊലീസിനുള്ളത്.
ആംബുലൻസ് ആപ് നിലവിൽ വരുന്നതോടെ 112 ൽ ആംബുലൻസ് സഹായത്തിനു വിളിച്ചാൽ ഏറ്റവും അടുത്തുള്ള ആംബുലൻസിനെ അവിടേക്ക് അയയ്ക്കാൻ ആപ്പിൽ നിന്നു തന്നെ അലർട്ട് ലഭിക്കും. പരുക്കിന്റെ സ്വഭാവം അനുസരിച്ച് പോകേണ്ട ആശുപത്രിയുടെ വിവരവും അപ്പോൾ തന്നെ കൈമാറും. സിപിആർ ഉൾപ്പെടെ പ്രാഥമിക ചികിത്സയ്ക്ക് എവിടെയെങ്കിലും പ്രവേശിപ്പിക്കേണ്ടതുണ്ടെങ്കിൽ ആ വിവരവും ആപ്പിൽ നിന്ന് ആംബുലൻസിലേക്ക് ഉടൻ കൈമാറും. ആംബുലൻസുകൾ അമിത ചാർജ് ഈടാക്കുന്നത് ഒഴിവാക്കാൻ നിരക്ക് ഏകീകരിച്ചിരുന്നു. ഈ നിരക്കും മൊബൈൽ ആപ്പിൽ കാണാം.