ADVERTISEMENT

പത്തനംതിട്ട ∙ വിവാഹസൽക്കാരത്തിൽ പങ്കെടുത്തു മടങ്ങിയ സംഘത്തെ പൊലീസ് മർദിച്ച സംഭവത്തിൽ റജിസ്റ്റർ ചെയ്ത 2 എഫ്ഐആറുകളിലെയും സമയത്തിൽ വൈരുധ്യം. പത്തനംതിട്ട അബാൻ ജംക്‌ഷനിലെ ബാറിൽ സംഘർഷം നടക്കുന്നുണ്ടെന്ന് പരാതി ലഭിച്ചത് അന്വേഷിക്കാൻ എത്തിയതാണ് എസ്ഐ ജെ.യു.ജിനുവും സംഘവും എന്നായിരുന്നു പൊലീസിന്റെ വിശദീകരണം. 

എന്നാൽ ബാർ ഹോട്ടലിൽ അക്രമം ഉണ്ടായതിന് റജിസ്റ്റർ ചെയ്ത കേസിന്റെ എഫ്ഐആർ പ്രകാരം ബഹളം ഉണ്ടായത് ചൊവ്വാഴ്ച രാത്രി 11.15ന് ആണ്. അതേസമയം മർദനമേറ്റവർ നൽകിയ പരാതിയിൽ റജിസ്റ്റർ ചെയ്ത കേസിന്റെ എഫ്ഐആറിൽ വിവാഹ സംഘത്തെ പൊലീസ് മർദിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നത് രാത്രി 11 എന്നാണ്. ഈ എഫ്ഐആറുകൾ അനുസരിച്ച് സംഘർഷം ഉണ്ടാകുന്നതിനും 15 മിനിറ്റ് മുൻപ് പൊലീസ് സ്ഥലത്തെത്തി ഇവരെ മർദിച്ചതായാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. 

ഇരുകൂട്ടരും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ എടുത്തതെന്നും സമയത്തിലെ വൈരുധ്യം എങ്ങനെ വന്നെന്നത് സിസി ടിവി പരിശോധിച്ചശേഷം തുടരന്വേഷണം നടത്തി മാത്രമേ സ്ഥിരീകരിക്കാൻ സാധിക്കൂ എന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. 

    പ്രതിപട്ടികയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ ഇതുവരെ എഫ്ഐആറിൽ ചേർത്തിട്ടില്ല. പകരം പൊലീസ് ഉദ്യോഗസ്ഥർ എന്നാണ് ചേർത്തിട്ടുള്ളത്.എസ്ഐയെയും മറ്റു പൊലീസുകാരെയും പ്രതിചേർക്കുന്നത് പരാതിക്കാരിൽനിന്ന് കൂടുതൽ തെളിവെടുത്ത ശേഷമായിരിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. പരാതി അന്വേഷിക്കുന്ന സംഘത്തിൽ ഇതേ സ്റ്റേഷനിലെ സിഐയുമുണ്ട്. 

ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് മർദനമേറ്റ സിത്താരമോൾ കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു പറഞ്ഞിരുന്നു. പട്ടികജാതി, പട്ടികവർഗ പീഡന നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ കേസിൽ ചേർത്തിട്ടില്ലെന്നും പരാതി ഉയർന്നിരുന്നു. എഫ്ഐആറിലെ പൊരുത്തക്കേടുകളും അപാകതകളും വ്യക്തമാക്കി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്ന് സിത്താരമോളും കുടുംബവും പറഞ്ഞു. 

പത്തനംതിട്ട ജില്ലയ്ക്ക് പുറത്തുള്ള  ഉദ്യോഗസ്ഥൻ അന്വേഷിക്കണം: മനുഷ്യാവകാശ കമ്മിഷൻ 

തിരുവനന്തപുരം ∙ വിവാഹ സൽക്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ സ്ത്രീകൾ അടക്കമുള്ള സംഘത്തിനു നേരെയുണ്ടായ പൊലീസ് ആക്രമണത്തെക്കുറിച്ച് പത്തനംതിട്ട ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്ന എസ്പി റാങ്കിലുള്ള സീനിയർ ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.

തിരുവനന്തപുരം റേഞ്ച് ഐജിക്കാണ് നിർദേശം നൽകിയത്. അന്വേഷണം സത്യസന്ധവും സുതാര്യവും ആയിരിക്കണമെന്നും ഉത്തരവിൽ പറയുന്നു. റേഞ്ച് ഐജി ഒരു മാസത്തിനകം കമ്മിഷനിൽ റിപ്പോർട്ട് സമർപ്പിക്കണം. 

എസ്പിയുടെ അന്വേഷണ റിപ്പോർട്ടും ഒപ്പം സമർപ്പിക്കണം. അടുത്ത മാസം 14ന്പത്തനംതിട്ട ഗവ. ഗെസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കുമ്പോൾ ഐജി നിയോഗിക്കുന്ന സീനിയർ ഉദ്യോഗസ്ഥർ ഹാജരാകണം. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ റജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

English Summary:

Pathanamthitta Wedding Party Assault: FIR time discrepancy sparks outrage

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com