തോമസ് ഐസക് നിലപാട് മാറ്റി; ടോൾ പിരിക്കാം

Mail This Article
തിരുവനന്തപുരം∙ കിഫ്ബി പദ്ധതികൾക്ക് ടോളോ യൂസർഫീസോ ഏർപ്പെടുത്തുന്നത് പരിഗണനയിലില്ലെന്നു ധനമന്ത്രിയായിരിക്കെ നിയമസഭയിൽ വ്യക്തമാക്കിയ ഡോ.തോമസ് ഐസക് അതു തിരുത്തി. കാലം മാറിയതനുസരിച്ച് നിലപാട് മാറ്റി മുന്നോട്ടു പോകണമെന്നും ഇപ്പോൾ ടോൾ പിരിക്കുകയേ വഴിയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ടോളിനെ ശാശ്വതമായി എതിർക്കേണ്ടതില്ലെന്നും ഇക്കാര്യത്തിൽ താൻ മുൻപു പറഞ്ഞതിന് ഇപ്പോൾ സാധുതയില്ലെന്നും വ്യക്തമാക്കി. എന്നാൽ ദേശീയ പാതകളിലെ ടോൾ പിരിവിനെതിരെ സമരം ചെയ്തിട്ടുള്ള സിപിഎം ഇപ്പോൾ ആ ടോളിനെയും അംഗീകരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാൻ തയാറായില്ല.
‘ജനങ്ങൾക്കു ബാധ്യത വരാത്ത വിധം ആന്വിറ്റി രീതിയിൽ വിഭാവനം ചെയ്ത കിഫ്ബി പദ്ധതി മോഡലിനെ തകർക്കാൻ കേന്ദ്രവും അതിനെ പിന്തുണയ്ക്കുന്ന യുഡിഎഫും ശ്രമിക്കുമ്പോൾ അതിനെ മറികടക്കാനുള്ള ബദൽ മാർഗങ്ങളാണ് സ്വീകരിക്കുന്നത്. ഇതിനെ എതിർക്കുന്ന യുഡിഎഫ് ബദൽ മാർഗമെന്തെന്നു വ്യക്തമാക്കണം. 10–15 വർഷം കൊണ്ട് നിക്ഷേപം തിരിച്ചു കിട്ടുന്ന തരത്തിലുള്ള ടോളിനു പകരം 50–60 വർഷം കൊണ്ട് തിരിച്ചുകിട്ടുന്ന തരത്തിലാക്കിയാൽ ടോൾ നിരക്ക് ദേശീയ പാതയുടേതിനെ അപേക്ഷിച്ച് നാലിലൊന്നായി കുറയ്ക്കാനാകും. ഇരുചക്ര–മുച്ചക്ര വാഹനങ്ങളെ ഈ ടോളിൽ നിന്നു സർക്കാരിന് ഒഴിവാക്കാം. ഇതിനെ എതിർക്കുന്നവർക്ക് ടോൾ എന്ന വാക്കിനോടാണ് പ്രശ്നമെങ്കിൽ മറ്റെന്തെങ്കിലും വിളിക്കാം. ദേശീയ പാത അതോറിറ്റിയെ പോലെ കിഫ്ബി വരുമാനം ഉണ്ടാക്കുന്ന ഏജൻസിയായി മാറിയാൽ അതിന്റെ സാമ്പത്തിക ബാധ്യത സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധിയിൽ നിന്ന് ഒഴിവാക്കേണ്ടി വരും. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുമാകും’– അദ്ദേഹം പറഞ്ഞു.