ശബരിമല വിമാനത്താവളം: ‘സ്ഥലമേറ്റെടുക്കുമ്പോൾ കിടപ്പാടം പോകുന്നവർക്കായി പാക്കേജ് വേണം’

Mail This Article
എരുമേലി∙ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി സ്ഥലമേറ്റെടുക്കുമ്പോൾ ചെറുവള്ളി എസ്റ്റേറ്റിലെ തൊഴിലാളികൾക്കും കുടിയിറക്കപ്പെടുന്നവർക്കും ഉപജീവനമാർഗം നഷ്ടപ്പെടുന്നവർക്കും വേണ്ടി സമഗ്രമായ പാക്കേജ് അനുവദിക്കണമെന്നു വിദഗ്ധ സമിതിയുടെ ശുപാർശ. തൃക്കാക്കര ഭാരതമാതാ കോളജിലെ സ്കൂൾ ഓഫ് സോഷ്യൽ വർക്ക് നടത്തിയ സാമൂഹികാഘാത പഠന റിപ്പോർട്ട് അവലോകനം ചെയ്താണു സമിതിയുടെ ശുപാർശ.
സാമൂഹികനീതി വകുപ്പ് റിട്ട. അഡിഷനൽ ഡയറക്ടർ പി.പ്രതാപൻ ചെയർമാനായ 9 അംഗ സമിതിയാണു സർക്കാരിനു ശുപാർശ കൈമാറിയത്. പദ്ധതിമൂലം നാടിനു ലഭിക്കുന്ന സാമ്പത്തിക, സാമൂഹിക പ്രയോജനം പദ്ധതിയുണ്ടാക്കുന്ന സാമൂഹികാഘാതത്തെക്കാൾ കൂടുതലാണ് എന്നതിനാൽ വിമാനത്താവള നിർമാണവുമായി മുന്നോട്ടുപോകാമെന്നും സമിതി ശുപാർശ ചെയ്തു.
എസ്റ്റേറ്റ് ഇല്ലാതാകുന്നതോടെ പെരുവഴിയിലാകുന്നവരുടെ ചികിത്സച്ചെലവുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ പാക്കേജിൽ ഉൾപ്പെടുത്തണം. പദ്ധതി പ്രദേശത്തുള്ള 5 കച്ചവടസ്ഥാപനങ്ങൾ, ഒരു റേഷൻകട, ഒരു ഡിസ്പെൻസറി എന്നിവയ്ക്കു നഷ്ടപരിഹാരം നൽകണം. മണിമല, കാരിത്തോട് ഭാഗങ്ങളിലുള്ള കുറച്ചു വീടുകളെ പദ്ധതി പ്രദേശത്തുനിന്ന് ഒഴിവാക്കണമെന്ന ആവശ്യം പരിശോധിക്കണം.
108 വർഷം പഴക്കമുള്ള കാരിത്തോട് എൻഎം എൽപി സ്കൂളിനെ ഹെറിറ്റേജ് സ്കൂൾ എന്ന നിലയിൽ പരിഗണിച്ച് അധികം ദൂരെയല്ലാത്ത സ്ഥലത്തേക്കു മാറ്റി സ്ഥാപിക്കണം. പഞ്ചതീർഥ പരാശക്തി ക്ഷേത്രം, പൂവൻപാറമല ക്ഷേത്രം എന്നിവയുടെ കാര്യത്തിൽ ക്ഷേത്രം ഭാരവാഹികളും വിശ്വാസികളുമായി ചർച്ച ചെയ്തു പരിഹാരമുണ്ടാക്കണം.
സെന്റ് തോമസ് എക്യുമെനിക്കൽ ചർച്ച്, ഹിദായത്തുൽ ഇസ്‌ലാം ജുമാ മസ്ജിദ്, അമ്മൻ കോവിൽ, സെന്റ് ഗ്രിഗോറിയോസ് കുരിശുപള്ളി എന്നീ ആരാധനാലയങ്ങളും മാറ്റേണ്ടതുണ്ട്. ശ്മശാനങ്ങളും മാറ്റി സ്ഥാപിക്കണം. നാടിന്റെ പൊതുവായ വികസനത്തിന് ആരാധനാലയങ്ങൾ ഉൾപ്പെടുന്ന സ്ഥലം ഏറ്റെടുക്കാം എന്നും സമിതി ശുപാർശ ചെയ്തു. ചെറുവള്ളി കുള്ളൻ പശുക്കളുടെ പുനരധിവാസ പദ്ധതി നടപ്പാക്കണം. കുടിയൊഴിപ്പിക്കുന്ന കുടുംബങ്ങളിലെ അംഗങ്ങളിൽ അവരുടെ വിദ്യാഭ്യാസയോഗ്യത അനുസരിച്ച് വിമാനത്താവളത്തിൽ ജോലി നൽകണമെന്നും സമിതി നിർദേശിക്കുന്നു.