സംസ്ഥാന ബജറ്റ്: വൻ പദ്ധതികൾക്കുപോലും നിസ്സാര തുക; തുടരും സ്വപ്നഭാരം

Mail This Article
തിരുവനന്തപുരം ∙ കഴിഞ്ഞ എട്ടര വർഷത്തിനിടെ ആദ്യമായി സാമ്പത്തിക പ്രതിസന്ധി നീങ്ങി നല്ല കാലം വരുന്നുവെന്നു പ്രഖ്യാപിച്ച സംസ്ഥാന ബജറ്റിൽ ജനങ്ങളിലേക്കു പണമെത്തിക്കുന്ന പദ്ധതികളില്ല. വരുമാനം വർധിക്കുന്നുവെന്നു കണക്കു നിരത്തി മന്ത്രി വാദിക്കുമ്പോഴും 60 ലക്ഷം പേർക്കു ഗുണം ചെയ്യുന്ന ക്ഷേമ പെൻഷൻ കൂട്ടാത്തത് ബജറ്റിനുമേൽ നിരാശയുടെ കാർമേഘം പടർത്തി. സാമ്പത്തിക പ്രതിസന്ധി കാരണം കഴിഞ്ഞ ബജറ്റിലെ പദ്ധതികളിൽ പകുതിയോളം വെട്ടിക്കുറച്ചതിനാൽ ഇൗ ബജറ്റിലെ പദ്ധതികളുടെ ഭാവിയും തുലാസിലാണ്. വൻകിട വികസന പദ്ധതികളിൽ പലതും മുൻ ബജറ്റുകളുടെയും കിഫ്ബി പ്രഖ്യാപനങ്ങളുടെയും ആവർത്തനമായി. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആനുകൂല്യങ്ങളും നേരത്തേ വാഗ്ദാനം ചെയ്തതിനപ്പുറം പോയില്ല.
-
Also Read
സംസ്ഥാന ബജറ്റ്: ക്ഷേമപെൻഷൻകാരെ മറന്നു
സർക്കാർ നിർബന്ധമായും പണം ചെലവിടേണ്ടി വരുന്ന ക്ഷേമ പെൻഷൻ പോലുള്ള ആനുകൂല്യങ്ങളിൽ വർധന വരുത്താതെ കോടികളുടെ പദ്ധതി പ്രഖ്യാപിക്കുന്നത് സാമ്പത്തിക ശേഷിയില്ലായ്മയുടെ ലക്ഷണമാണെന്ന് ചില സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വരുമാനം ഉയരുമെന്നു ബജറ്റിൽ പ്രതീക്ഷിക്കുകയും പദ്ധതി വിഹിതത്തിൽ 10% വർധന വരുത്തുകയും ചെയ്തിട്ടുണ്ട്. വരുമാനം ഉറപ്പാക്കാനായില്ലെങ്കിൽ പദ്ധതികൾ വെട്ടിച്ചുരുക്കും. ഇൗ തന്ത്രം വരുംവർഷത്തിലും പയറ്റാനുള്ള വഴികൾ ബജറ്റിലുണ്ട്. പ്രഖ്യാപിച്ച പല വൻകിട പദ്ധതികൾക്കു പോലും നിസ്സാര തുകയാണു ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.
പ്രഖ്യാപനവും യാഥാർഥ്യവും
പിഎഫ് പിൻവലിക്കൽ
ബജറ്റ് പ്രസംഗത്തിന്റെ ആമുഖം കഴിഞ്ഞയുടൻ മന്ത്രി ആദ്യം പ്രഖ്യാപിച്ച സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങളിൽ പുതുമയില്ല. കഴിഞ്ഞ ശമ്പള പരിഷ്കരണം നിലവിൽ വരുന്നതിനു മുൻപ് കുടിശികയായി ഉണ്ടായിരുന്ന 2019 ജനുവരിയിലെ 3%, 2019 ജൂലൈയിലെ 5%, 2020 ജനുവരിയിലെ 4% ക്ഷാമബത്തയാണ് പ്രോവിഡന്റ് ഫണ്ടിൽ ലയിപ്പിച്ചത്. യഥാക്രമം 2023 ഏപ്രിൽ 1, സെപ്റ്റംബർ 1, 2024 ഏപ്രിൽ 1, സെപ്റ്റംബർ 1 തീയതികളിൽ ഇവ പിഎഫിൽ നിന്നു പിൻവലിക്കാമെന്നു വാക്കു നൽകിയിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം പിൻവലിക്കൽ കാലാവധി നീട്ടി. പണ്ടേ മാറ്റേണ്ട ലോക്ക് ഇൻ കാലാവധിയാണ് ഇപ്പോൾ മാറ്റുമെന്നു ബജറ്റിൽ പ്രഖ്യാപിച്ചത്.
ശമ്പള പരിഷ്കരണ കുടിശിക
11–ാം ശമ്പള പരിഷ്കരണത്തിന്റെ 2019 ജൂലൈ മുതൽ 2021 ഫെബ്രുവരി വരെയുള്ള കുടിശിക 25% വീതം 2023 ഏപ്രിൽ 1, ഒക്ടോബർ 1, 2024 ഏപ്രിൽ 1, ഒക്ടോബർ 1 തീയതികളിൽ പിഎഫിൽ ലയിപ്പിക്കുമെന്നായിരുന്നു 2021ലെ ഉത്തരവ്. പണമില്ലാത്തതിനാൽ അതിൽ ഒരു ഗഡു പോലും ലയിപ്പിച്ചില്ല. അന്നു ലയിപ്പിക്കും എന്ന് പ്രഖ്യാപിച്ച 4 ഗഡുക്കളിൽ 2 ഗഡുക്കൾ ആണ് ഇനി ലയിപ്പിക്കും എന്നു ബജറ്റിൽ പ്രഖ്യാപിച്ചത്.
ക്ഷാമബത്ത
കഴിഞ്ഞ മാസത്തേതു കൂടി കൂട്ടിയാൽ 21% ആണ് ജീവനക്കാർക്ക് ലഭിക്കാനുള്ള ആകെ ക്ഷാമബത്ത കുടിശിക. വരുന്ന ഏപ്രിലിൽ അനുവദിക്കും എന്ന് ബജറ്റിൽ പ്രഖ്യാപിച്ച 3% ക്ഷാമബത്ത കുറച്ചാൽ ബാക്കി 18% വീണ്ടും കുടിശികയാണ്. അനുവദിക്കുന്ന ക്ഷാമബത്തയുടെ കുടിശിക സംബന്ധിച്ചും വ്യക്തതയില്ല.
പങ്കാളിത്ത പെൻഷൻ
കഴിഞ്ഞ ബജറ്റിൽ പറഞ്ഞത് തന്നെ ആവർത്തിച്ചു. പഴയ സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കില്ലെന്നും പകരം പുതിയതു വരുമെന്നും ഉറപ്പിക്കുന്ന തരത്തിലാണ് ഇത്തവണത്തെ പ്രഖ്യാപനം.