വൻകിട പദ്ധതികൾക്ക് ത്രാണിയില്ല; പഴയവയിൽ മിനുക്കുപണി

Mail This Article
തിരുവനന്തപുരം ∙ സംസ്ഥാന ബജറ്റിൽ പുതിയ പശ്ചാത്തല വികസന പദ്ധതികളൊന്നുമില്ല. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ വിഴിഞ്ഞം– കൊല്ലം– പുനലൂർ ഇൻഡസ്ട്രിയൽ ആൻഡ് ഇക്കണോമിക് ഗ്രോത്ത് ട്രയാംഗിൾ പദ്ധതിയാണ് ഈ മേഖലയിലെ വലിയ ബജറ്റ് പ്രഖ്യാപനം. 1000 കോടി രൂപ ചെലവിട്ടു ഭൂമി വാങ്ങുമെന്നും പ്രഖ്യാപിച്ചു. എന്നാൽ, കഴിഞ്ഞ നവംബറിൽ കിഫ്ബി ബോർഡ് അംഗീകാരം നൽകിയ പദ്ധതിയാണിത്. ഭൂമി വാങ്ങാൻ 1000 കോടി രൂപയ്ക്കും കിഫ്ബി അംഗീകാരം നൽകിയിരുന്നു. സാമ്പത്തികഞെരുക്കത്തിൽനിന്നു കരകയറിയെന്നു ബജറ്റ് പ്രസംഗത്തിന്റെ ആമുഖത്തിൽ മന്ത്രി അവകാശപ്പെട്ടെങ്കിലും വൻകിട പദ്ധതികൾ ഏറ്റെടുക്കാനുള്ള ത്രാണി കൈവരിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്നതാണു പശ്ചാത്തല വികസന പദ്ധതികളോടുള്ള സമീപനം.
-
Also Read
സംസ്ഥാന ബജറ്റ്: ക്ഷേമപെൻഷൻകാരെ മറന്നു
ദേശീയ പാത 66, പുതിയ ഗ്രീൻഫീൽഡ് ദേശീയപാത 744, കൊല്ലം–കൊട്ടാരക്കര–ചെങ്കോട്ട ദേശീയപാത 744, എംസി റോഡ്, മലയോര–തീരദേശ പാതകൾ, തിരുവനന്തപുരം–കൊല്ലം റെയിൽപാത, കൊല്ലം–ചെങ്കോട്ട റെയിൽപാത എന്നീ ഗതാഗത ഇടനാഴികൾ ബന്ധിപ്പിച്ചാണു ബജറ്റിൽ വികെപിജിടി പദ്ധതി പ്രഖ്യാപിച്ചത്. വികസന ത്രികോണ മേഖലകളിൽ വിവിധോദ്ദേശ്യ പാർക്കുകൾ, ഉൽപാദന കേന്ദ്രങ്ങൾ, സംഭരണ സൗകര്യങ്ങൾ, സംസ്കരണ യൂണിറ്റുകൾ, അസംബ്ലിങ് യൂണിറ്റുകൾ, കയറ്റിറക്കു കേന്ദ്രങ്ങൾ എന്നിവ സ്ഥാപിക്കുമെന്നു ബജറ്റിൽ പറയുന്നു.
വിഴിഞ്ഞം തുറമുഖത്തോടനുബന്ധിച്ച് 4000 കോടി രൂപയുടെ വികസന ഇടനാഴി നേരത്തേ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഈ ഇടനാഴിയെക്കുറിച്ച് ഇത്തവണ പരാമർശിച്ചില്ലെങ്കിലും ട്രയാംഗിൾ പദ്ധതിയുടെ ഭാഗമാകുമെന്നാണു കരുതുന്നത്. ഇതുവരെ റൂട്ട് അന്തിമമാകാത്ത തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനം ഈ വർഷം ആരംഭിക്കുമെന്ന പ്രഖ്യാപനമുണ്ട്. കൊച്ചി മെട്രോ റെയിലിന്റെ വികസനം ഉറപ്പാക്കുന്നതിനൊപ്പം തിരുവനന്തപുരം, കോഴിക്കോട് മെട്രോകളും യാഥാർഥ്യമാക്കും.
ആദ്യഘട്ടം പൂർത്തിയാകാത്ത കോവളം– ബേക്കൽ വെസ്റ്റ് കോസ്റ്റ് കനാൽ പദ്ധതി 2026 ൽ പൂർത്തിയാക്കും. കനാലിന് അനുബന്ധമായി ടൂറിസം പദ്ധതികൾ നടപ്പാക്കുമെന്ന പഴയ പ്രഖ്യാപനവും ഇടംപിടിച്ചു. ആദ്യഘട്ടത്തിൽ ആക്കുളം– കൊല്ലം റീച്ചിന്റെ സ്വാധീനമേഖലയിൽ വരുന്ന 15.11 ഹെക്ടർ ഏറ്റെടുക്കും. മണ്ണാറ്റംപാറ– കല്ലായി റീച്ച് പ്രദേശത്ത് 17.56 ഹെക്ടറും ഏറ്റെടുക്കും. തെക്കൻ കേരളത്തിൽ കപ്പൽനിർമാണശാല സ്ഥാപിക്കുന്നതിനു കേന്ദ്രസർക്കാരുമായി ചർച്ച നടത്തുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. കെ ഫോൺ പദ്ധതിക്കു 100 കോടി രൂപ പ്രഖ്യാപിച്ചെങ്കിലും അതു നിലവിൽ കെ ഫോൺ കേബിളുകൾ സ്ഥാപിച്ചതിനു സർക്കാർ നൽകാനുള്ള തുകയാണ്.
പറയാതെ പറഞ്ഞ് സിൽവർലൈൻ
കേരളത്തിലെ സമരവും കേന്ദ്രസർക്കാരിന്റെ എതിർപ്പും മൂലം തടസ്സപ്പെട്ട സിൽവർലൈൻ പദ്ധതി വീണ്ടും സജീവമാക്കി മന്ത്രി കെ.എൻ.ബാലഗോപാൽ. സംസ്ഥാനത്തു നിലവിലുള്ള റെയിൽവേ അസൗകര്യങ്ങളുടെ അപര്യാപ്തത എല്ലാവരും തിരിച്ചറിയുന്നുണ്ടെന്നും കേരളത്തിന് അതിവേഗ റെയിൽപാത വേണമെന്നതിൽ അഭിപ്രായ സമന്വയം രൂപപ്പെടുന്നുണ്ടെന്നും ബജറ്റ് പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. എന്നാൽ, സിൽവർലൈൻ എന്ന പേരു പരാമർശിക്കുകയോ പദ്ധതി യാഥാർഥ്യമാക്കുന്നതിനുള്ള ശ്രമം തുടരുമെന്നു പറയുകയോ ചെയ്തില്ല.