ADVERTISEMENT

ബജറ്റ് എത്ര ചെറുപ്പം?

യുവാക്കളുടെ വിദേശത്തേക്കുള്ള ഒഴുക്കു ഭാവിയിലുണ്ടാക്കാവുന്ന പ്രതിസന്ധിയെക്കുറിച്ച് ആശങ്കപ്പെട്ട ധനമന്ത്രി കെ.എൻ.ബാലഗോപാൽ, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പുതിയ അവസരങ്ങളൊരുക്കുന്നതിനുമുള്ള പ്രഖ്യാപനങ്ങൾ നടത്തിയോ? കേരളം ഒറ്റ നഗരമായി വികസിപ്പിക്കാനുള്ള ദീർഘവീക്ഷണം ബജറ്റിൽ പ്രതിഫലിച്ചോ?

ബജറ്റ് അവതരണത്തിന്റെ പശ്ചാത്തലത്തിൽ മനോരമ സംഘടിപ്പിച്ച ചർച്ചയിലെ വിലയിരുത്തലുകളും വീക്ഷണങ്ങളും.

പാനൽ : അനൂപ് അംബിക– കേരള സ്റ്റാർട്ടപ് മിഷൻ സിഇഒ

അശ്വതി റേച്ചൽ വർഗീസ് – അസിസ്റ്റന്റ് പ്രഫസർ, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ.

രഞ്ജിത് ബാലൻ– ഐടി വിദഗ്ധൻ, പ്രഫഷനൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്

Q ടേക്ക് ഓഫിന് ഒരുങ്ങിയോ കേരളം?

A അശ്വതി: കേരളത്തിന്റെ സാമ്പത്തിക സൂചികകൾ പുരോഗമനം കാണിക്കുന്നുണ്ട്. ധനക്കമ്മിയും വരുമാനക്കമ്മിയും കുറഞ്ഞു. അതുകൊണ്ടുതന്നെ ‘ബജറ്റ് സൈസ്’ കൂടിയിട്ടുണ്ട്. ഇതു നല്ല സൂചനയാണ്. പദ്ധതി ചെലവുകൾക്കുള്ള വിഹിതം ഉയർന്നു. ഇതുകൊണ്ടാവാം സമ്പദ്‌വ്യവസ്ഥ പറക്കാൻ തുടങ്ങുന്നു എന്നു ധനമന്ത്രി പറഞ്ഞത്. വളർച്ചയ്ക്കുള്ള സാധ്യതകൾ ഏറക്കുറെ ഈ ബജറ്റിലുണ്ട്.

∙ അനൂപ്: വിവിധ കമ്മികളും കടമെടുപ്പും കുറഞ്ഞതിനെയാണ് ടേക്ക് ഓഫ് എന്നതുകൊണ്ട് ഉദ്ദേശിച്ചത്. 2000 കോടിയുടെ കുറവ് കടമെടുപ്പിലുണ്ടായി. വളർച്ചയുടെ സൂചനകൾ പല മേഖലകളിലും കണ്ടു തുടങ്ങിയിട്ടുണ്ട്.

∙ രഞ്ജിത്ത്: നിതി ആയോഗിന്റെ കണക്കിൽ 18 സംസ്ഥാനങ്ങളിൽ വളർച്ചയുടെ കണക്കിൽ കേരളം 15–ാം സ്ഥാനത്താണ്. പക്ഷേ, ഇത് കോവിഡിനു മുൻപുള്ള കാലയളവിലെ കണക്കാണെന്ന് ആശ്വസിക്കാം. ടൂറിസം രംഗത്തും വളർച്ചയുണ്ട്. എന്നാൽ കോവിഡിനു മുൻപുള്ള കണക്കുകൾ വച്ചാണ് നാം ഈ വളർച്ചയെ താരതമ്യം ചെയ്യേണ്ടത്.

Q സംരംഭക ഹബ്, ഐടി വികസനം

A അനൂപ്: എംഎസ്എംഇ മേഖല വളർച്ചയുടെ പാതയിലാണ്. കേരളത്തിലെ ചെറുനഗരങ്ങളിൽ ഒട്ടേറെ നിർമാണ യൂണിറ്റുകൾ പ്രവർത്തിക്കുന്നു. കെ ഫോൺ കണക്ടിവിറ്റി എല്ലാവർക്കും ലഭിക്കുന്നു. കേരളം ഒറ്റ നഗരമായി വളരുകയാണ്. എൻഎച്ച് നിർമാണം കൂടി തീർന്നാൽ വലിയ കണക്ടിവിറ്റിയും ലഭിക്കും. മതിയായ ടാലന്റും ഇവിടെയുണ്ട്. ഇന്ത്യയുടെ ആകെ മെഡിക്കൽ ഡിവൈസ് നിർമാണത്തിന്റെ 20 % കേരളത്തിലാണ്. നാം അറിയാതെ കേരളം വികസിച്ചുകൊണ്ടിരിക്കുകയാണ്. 300 പേർക്ക് 50,000 രൂപയോ അതിലധികമോ ശമ്പളം കൊടുക്കുന്ന സ്ഥാപനങ്ങൾ കൊട്ടാരക്കരയിലും ചേർത്തലയിലുമൊക്കെ വരുമ്പോൾ ആളുകളുടെ ചെലവഴിക്കൽ കൂടുന്നു. അങ്ങനെ സമ്പദ്‌വ്യവസ്ഥയും വളരുന്നു.

∙ രഞ്ജിത്ത്: കണ്ണൂരിലും കൊട്ടാരക്കരയിലുമെല്ലാം ഐടി പാർക്കുകൾ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ടെക്നോപാർക്ക്, ഇൻഫോപാർക്ക് പോലുള്ള ഐടി ഹബ്ബുകളിൽ മുന്നൂറോളം കമ്പനികൾ കെട്ടിടങ്ങൾക്കായി സ്ഥലം ആവശ്യപ്പെട്ട് പുറത്തുനിൽക്കുന്നു. ഉടനടി അതിനുള്ള അടിസ്ഥാന സൗകര്യമൊരുക്കിയാൽ 50,000 യുവാക്കൾക്കു ജോലി നൽകാനാകും. ഗ്രാമങ്ങളിലെ വികസനങ്ങൾ നല്ലതുതന്നെ. പക്ഷേ, ഈ ചെറുനഗരങ്ങളിൽ പ്രഖ്യാപിച്ച ഐടി പാർക്കുകൾ പൂർത്തിയാകാൻ 3–4 വർഷമെങ്കിലുമെടുക്കും. സ്ഥലം ചോദിച്ച കമ്പനികൾ പക്ഷേ, കാത്തുനിൽക്കില്ല, അവർ ബെംഗളൂരുവിലേക്കോ പുണെയിലേക്കോ പോകും. 21 കോടി രൂപ മാത്രമാണ് ടെക്നോപാർക്കിനും ഇൻഫോപാർക്കിനും ബജറ്റിൽ പ്രഖ്യാപിച്ചത്. പുതിയ കെട്ടിടങ്ങൾക്കുള്ള പദ്ധതിയില്ല. ഇത് ഒട്ടേറെ യുവാക്കൾക്കുള്ള അവസരം നഷ്ടമാക്കും.

∙ അശ്വതി: ഭൂമി ഏറ്റെടുക്കലിന് പോർട്ടൽ കൊണ്ടുവരാനുള്ള തീരുമാനവും മികച്ചതാണ്. വിവിധ വകുപ്പുകളുടെ ഭൂമി കണ്ടെത്താനാകും. ഭൂമി ലഭ്യതയാണ് കേരളത്തിൽ തൊഴിൽ സൃഷ്ടിക്കുന്നതിനുള്ള വലിയ വെല്ലുവിളി.

Qക്ഷേമ പെൻഷനോ, പുതിയ അവസരങ്ങളോ

A അനൂപ്: 2500 രൂപ ക്ഷേമ പെൻഷൻ നൽകുകയെന്നതിന്റെ അർഥം നാളേക്കുള്ള പല പദ്ധതികളും മുടങ്ങുകയെന്നതാണ്.

ന്യൂ ഇന്നിങ്സ് പോലുള്ള മികച്ച പദ്ധതികളുടെ രൂപത്തിലേക്ക് ഇങ്ങനെയുള്ള ഫണ്ടുകൾ മാറുന്നു. ആളുകൾക്ക് 23 വർഷത്തോളം സർക്കാർ പെൻഷൻ കൊടുക്കേണ്ടിവരുന്നുണ്ട്. അവരെ സാമ്പത്തിക പ്രവർത്തനങ്ങളിലേക്കു കൊണ്ടുവരാനുള്ള ശ്രമങ്ങളാണു വേണ്ടത്. തുടക്കമെന്ന രീതിയിലാണ് 5 കോടി രൂപ.

∙ അശ്വതി: സാമൂഹിക പെൻ‌ഷൻ സമൂഹത്തിന്റെ സന്തുലിതാവസ്ഥയ്ക്ക് ആവശ്യമാണ്. 200 രൂപയെങ്കിലും കൂടണമായിരുന്നു. അനർഹരിലേക്ക് ഇവ എത്താതിരിക്കാൻ സോഷ്യൽ ഓഡിറ്റിങ് കൊണ്ടുവരുന്നത് നല്ല കാര്യമാണ്. അവരുടെ ഉൽപാദനക്ഷമത വർധിപ്പിക്കുന്ന പദ്ധതി, ക്ഷേമപെൻഷനെ മാറ്റിക്കൊണ്ടാവരുത്. ന്യൂ ഇന്നിങ്സ് ദീർഘവീക്ഷണമുള്ള പദ്ധതിയാണ്. യുവാക്കളുടെ തൊഴിലവസരം നഷ്ടപ്പെടുത്താതെ മുതിർന്നവരെ സാമ്പത്തിക പ്രവർത്തനങ്ങളുടെ ഭാഗമാക്കണം.

∙ രഞ്ജിത്ത്: ക്ഷേമപെൻഷൻ അർഹിക്കുന്നവർക്കു ലഭിക്കണം. വർധനയും വേണം. പെൻഷന്റെ വിതരണത്തിലെ വലിയ അന്തരം ഒഴിവാക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കണം. ന്യൂ ഇന്നിങ്സിനെ ഡിസൈൻ ചെയ്തെടുക്കാനുള്ള ബജറ്റ് തീരുമാനം സ്വാഗതാർഹം.

Qപ്രതീക്ഷ പുതിയ ഐടി നയത്തിൽ

A അനൂപ്: ടെക്നോ പാർക്കിന്റെയും ഇൻഫോപാർക്കിന്റെയും ബ്രാൻഡിങ് സ്വകാര്യ മേഖലയിലേക്കു വ്യാപിപ്പിക്കുന്നതാണു പുതിയ നയം. ഇതു വലിയ അവസരങ്ങൾക്കു വഴിയൊരുക്കും. സ്വകാര്യ സ്ഥാപനങ്ങൾ അടിസ്ഥാനസൗകര്യങ്ങളൊരുക്കും. ഒരു വർഷത്തിൽ താഴെ മാത്രമെടുത്തു പൂർത്തിയാകുന്ന പുതുതലമുറ കെട്ടിടങ്ങൾ വലിയ മാറ്റങ്ങൾകൊണ്ടുവരും. ടെൻഡറിങ് രീതി വരെ മാറും.

∙ രഞ്ജിത്ത്: ഇൻഫോ പാർക്ക്, ടെക്നോ പാർക്കിലെ വികസനത്തിനു ഫണ്ടില്ലാത്തതു തൊഴിൽ കാത്തുനിൽക്കുന്ന ചെറുപ്പക്കാരോട് ചെയ്യുന്ന അനീതിയാണ്. പക്ഷേ, ഐടി നയത്തിൽ പ്രതീക്ഷ വയ്ക്കുന്നു.

∙ അശ്വതി: നിർമാണ മേഖലയിൽ പ്രഖ്യാപിച്ച മാറ്റങ്ങൾ ‘ഗെയിം ചേഞ്ചർ’ ആയേക്കും. വളരെ വേഗത്തിൽ നിർമാണം പൂർത്തിയാകുന്നത് ചെലവു കൂട്ടിയാലും ദീർഘകാലാടിസ്ഥാനത്തിൽ വലിയ ലാഭം കൊണ്ടുവരും.

Qകൊല്ലവും കണ്ണൂരും വെറുതേയല്ല...

A അനൂപ്: വിഴിഞ്ഞം വികസന ട്രയാംഗിളിന്റെ ഭാഗമായാണു കൊല്ലത്തു പദ്ധതികൾ വരുന്നത്. കൊല്ലത്ത് ഐടി പാർക്കിനായി സ്ഥലം ഏറ്റെടുക്കുന്നില്ല. കോർപറേഷന്റെ സ്ഥലത്താണ് ഐടി പാർക്ക് വരുന്നത്. കണ്ണൂരിലും വയനാട്ടിലും ഐടി ഹബ്ബുകൾ വരുന്നത് ബെംഗളൂരുവിന്റെ അടുത്തായതിനാലാണ്. ബിസിനസ് കണ്ടിന്യുവിറ്റി പ്ലാൻ എന്ന നിലയിലാണ് ഈ വികസനം.

∙ രഞ്ജിത്ത്: കണ്ണൂരിലെയും കൊല്ലത്തെയും മറ്റും ഐടി പാർക്കുകൾ ദീർഘകാലാടിസ്ഥാനത്തിൽ പ്രയോജനകരമാണ്. പക്ഷേ, ഇപ്പോഴത്തെ പ്രശ്നം പരിഹരിക്കേണ്ടതുണ്ട്. ടെക്നോപാർക്കിലും മറ്റും പശ്ചാത്തലവികസനം ഒരുക്കാനുള്ള അവസരമൊരുക്കിയാൽ നേട്ടമുണ്ടാകും.

∙ അശ്വതി: തദ്ദേശസ്ഥാപനങ്ങൾക്കു വരുമാനം ലഭിക്കുന്ന തരത്തിൽ പദ്ധതികൾ വരുന്നുണ്ട്. കൊല്ലത്തെ പാർക്ക് ഒരു വർഷത്തിനുള്ള പൂർത്തിയാകുമെന്നു പ്രത്യേകം പറഞ്ഞിട്ടുണ്ട്.

Qഎഐയെ പറ്റി ചിന്തിച്ചില്ലേ..

A രഞ്ജിത്ത്: തെലങ്കാന എഐ ഗ്ലോബൽ സിറ്റിക്കായി 200 കോടി വകയിരുത്തുന്നു. തമിഴ്നാട്, കർണാടക പോലുള്ള സംസ്ഥാനങ്ങളും വലിയ തുക മാറ്റിവയ്ക്കുന്നു. എഐ ഒട്ടേറെ തൊഴിലവസരങ്ങളിലേക്കു വാതിൽ തുറക്കുന്ന മേഖലയാണ്. എഐ ഹാക്കത്തണിനായി ഒരു കോടി രൂപ മാത്രമാണ് ഇത്തവണ നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം 130 കോടി സ്റ്റാർട്ടപ് മിഷനു നൽകി. ഇത്തവണ പ്രഖ്യാപനം 103 കോടി മാത്രം. കേരളം എഐ മിഷനായി വലിയ ഫണ്ട് മാറ്റിവച്ചാൽ വൻ കമ്പനികൾ വരും. എഐയെ സർക്കാർ സമീപിച്ചിരിക്കുന്ന രീതി നിരാശാജനകം.

∙ അനൂപ്: ഹാക്കത്തണിനു മാത്രമാണ് ഒരു കോടി. എഐയ്ക്കു കുറച്ചുകൂടി ഫണ്ട് വേണ്ടതാണ്. ഇന്ത്യ എഐ മിഷൻ പ്രഖ്യാപിച്ചെങ്കിലും നമുക്ക് എഐ മോഡൽ ഇല്ല. ഡേറ്റ പോളിസിയാണ് ആദ്യം വേണ്ടത്. ജിപിയു ക്ലസ്റ്റർ, സൂപ്പർ കംപ്യൂട്ടർ ക്ലസ്റ്റർ പ്രഖ്യാപനങ്ങളെല്ലാം പുതുതലമുറ സാങ്കേതികവിദ്യയുടെ വികസനത്തിനായാണ്.

∙ അശ്വതി: ഗ്ലോബൽ കപ്പാസിറ്റി സെന്ററിൽ തീർച്ചയായും എഐയും നോളജും വരും. ഇതു ലക്ഷ്യം വയ്ക്കുന്നതും എഐ പോലുള്ള പുതുതലമുറ സാങ്കേതികവിദ്യ അറിയുന്നവരെയാണ്. സമാന്തരമായ പദ്ധതികളിലൂടെ ബജറ്റിൽ എഐ കവർ ചെയ്യപ്പെടുന്നുണ്ട്.

Qപറന്നു പോയവരെ തിരിച്ചു വിളിക്കാൻ

A രഞ്ജിത്: യുവാക്കളെ ഇവിടെ പിടിച്ചു നിർത്താൻ ബ്രാൻഡ് ചെയ്ത പദ്ധതികൾ കേരളത്തിന് ഒട്ടേറെ വേണം. ഇന്ത്യയുടെ എഐ ഹബ് ആകാനുള്ള ശേഷി കേരളത്തിനുണ്ട്. 10 വർഷത്തിനു ശേഷമുള്ള കാര്യങ്ങൾ ചിന്തിക്കണം. ഇത്തരം പദ്ധതികളുടെ അഭാവം ബജറ്റിലുണ്ട്.

∙ അനൂപ്: വിഴിഞ്ഞം നമുക്കു മുന്നിലുള്ള വലിയ അവസരങ്ങളുടെ കടലാണ്. വിഴിഞ്ഞംകൊണ്ട് കേരളത്തിനു പ്രയോജനമുണ്ടാകണമെങ്കിൽ ഇവിടെ നിന്നുള്ള ഉൽപന്നങ്ങൾ കപ്പലിൽ കയറ്റാനാകണം. അസംബ്ലിങ് യൂണിറ്റുകൾ, റിങ് റോഡുകളുടെ വികസനം തുടങ്ങിയവ വേണം. കുടിയേറ്റക്കാർ തിരിച്ചുവരുമെന്ന സൂചന നൽകിയാണു ധനമന്ത്രി ബജറ്റ് അവസാനിപ്പിക്കുന്നത്.

∙ അശ്വതി: തൊഴിലവസരങ്ങൾ കൂടാനും യുവാക്കളുടെ ഒഴുക്കു തടയാനും വിഴിഞ്ഞത്തുനിന്നു തുടങ്ങുന്ന ഒരു വികസന ചിന്ത നന്നാവുമെന്നു തോന്നുന്നു. അനുബന്ധ വികസനം കൃത്യമായ സമയപരിധിയിൽ നടക്കണം.

English Summary:

Kerala Budget 2025: Kerala's latest budget focuses on economic growth and job creation through initiatives like the Vizhinjam Triangle and increased IT investment.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com