ക്ഷേമ പെൻഷൻ വർധന തള്ളാതെ മന്ത്രി

Mail This Article
തിരുവനന്തപുരം ∙ ക്ഷേമ പെൻഷൻ വർധന പരിഗണനയിലുണ്ടെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ. കുടിശിക കൊടുത്തു തീർക്കുന്നതിനാണ് ഇപ്പോൾ മുൻഗണന നൽകുന്നത്. അതിനു ശേഷം തുക വർധിപ്പിക്കാൻ കഴിയുമോ എന്നാലോചിക്കും. ക്ഷേമ പെൻഷൻ വർധിപ്പിക്കുന്നത് ബജറ്റിലൂടെ തന്നെ വേണമെന്നു നിർബന്ധമില്ല. ക്ഷേമ പെൻഷൻ 2500 രൂപയാക്കുമെന്ന എൽഡിഎഫ് പ്രകടന പത്രികയിലെ പ്രഖ്യാപനത്തിന് ഒപ്പം തന്നെയാണു നിൽക്കുന്നത്. എന്നാൽ പ്രകടന പത്രിക തയാറാക്കുന്ന ഘട്ടത്തിൽ കേന്ദ്രം ഇതുപോലെ കേരളത്തെ സാമ്പത്തികമായി ഞെരുക്കുമെന്നു കരുതിയിരുന്നില്ല. കേരളത്തിന്റെ ഭാവി ശോഭനമാക്കാൻ കഴിയുന്ന പല പദ്ധതികൾ പല മേഖലകളിലായി ബജറ്റിലുണ്ട്. വലിയ പ്രഖ്യാപനങ്ങൾക്കു മുതിർന്നിട്ടില്ല.
-
Also Read
‘നല്ല പ്രായ’ത്തിൽ ന്യൂ ഇന്നിങ്സ്
സർക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടെന്നു പറയാൻ കഴിയില്ലെങ്കിലും ആശങ്കാജനകമായ സാഹചര്യത്തിൽ നിന്നുള്ള മാറ്റം പ്രകടമാണ്. ഭൂനികുതിയിലെ വർധന സാധാരണക്കാരെ ബാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു. ഒരു ആറിന് (രണ്ടര സെന്റ്) അഞ്ചു രൂപ ആയിരുന്നത് 7.5 രൂപ ആയാണു വർധിപ്പിച്ചത്. ഇതു കാലാനുസൃതമായ മാറ്റം മാത്രമാണ്. ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തി മുന്നോട്ടുപോകും. സ്വന്തം ജില്ലയായ കൊല്ലത്തിന് അനർഹ പരിഗണന നൽകിയെന്ന പ്രചാരണം മന്ത്രി തളളി. എല്ലാ മേഖലയ്ക്കും അർഹമായ പ്രാധാന്യമുണ്ട്. മെഡിസെപ് പദ്ധതി എങ്ങനെ മുന്നോട്ടു പോകണം എന്നതു സംബന്ധിച്ചു ജീവനക്കാരുമായും ഇൻഷുറൻസ് കമ്പനിയുമായും ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.