കൈത്തറി, കശുവണ്ടി, കയർ: ലക്ഷ്യം പുനരുജ്ജീവനം

Mail This Article
തിരുവനന്തപുരം ∙ കൈത്തറി, കശുവണ്ടി, കയർ എന്നീ പരമ്പരാഗത തൊഴിൽമേഖലകളുടെ പുനരുജ്ജീവനം ലക്ഷ്യമിട്ടുള്ള പദ്ധതികൾ പ്രഖ്യാപിച്ചു.
കൈത്തറി, യന്ത്രത്തറി മേഖലയ്ക്ക് ആകെ 56.89 കോടി രൂപ അനുവദിച്ചു. കൈത്തറി സഹകരണസംഘങ്ങൾ, ഹാൻടെക്സ്, ഹാൻവീവ് എന്നിവയ്ക്ക് 5.30 കോടി, ഹാൻടെക്സ്, ഹാൻവീവ് മൂലധന അടിത്തറ ശക്തിപ്പെടുത്താൻ 4.50 കോടി, സമഗ്ര കൈത്തറിഗ്രാമം സ്ഥാപിക്കുന്നതടക്കം പദ്ധതികൾക്ക് 6.95 കോടി, കൈത്തറി – യന്ത്രത്തറി മേഖലയിലെ ഉൽപാദനത്തിനും വിപണനത്തിനും പരിശീലനത്തിനുമായി 11.20 കോടി എന്നിവയുൾപ്പെട്ടതാണു വിഹിതം.
കൈത്തറി മേഖലയിൽ പ്രീമിയം ഉൽപന്നങ്ങൾ വികസിപ്പിക്കുന്നതിന് 5 കോടി നീക്കിവച്ചു. ആറന്മുളക്കണ്ണാടി, കഥകളി, തെയ്യം എന്നിവയുമായി ബന്ധപ്പെട്ട ടൂറിസം സുവനീറുകൾ തയാറാക്കാൻ കരകൗശല വികസന കോർപറേഷന് 25 ലക്ഷം അനുവദിച്ചു. ടെക്സ്ഫെഡിനു കീഴിലെ സഹകരണ സ്പിന്നിങ് മില്ലുകളുടെ പുനരുദ്ധാരണ പദ്ധതിക്ക് 6 കോടി നൽകും.
സ്വകാര്യ കശുവണ്ടി സ്ഥാപനങ്ങളിൽ സ്ത്രീസൗഹൃദ തൊഴിലന്തരീക്ഷം സൃഷ്ടിക്കാൻ 2 കോടി അനുവദിച്ചു. കശുവണ്ടി മേഖലയുടെ പുനരുജ്ജീവനത്തിനു 30 കോടിയും ഉൽപന്ന വൈവിധ്യവൽക്കരണത്തിന് 5 കോടിയും നീക്കിവച്ചു. കേരള കാഷ്യു ബോർഡിന് 41 കോടി, കശുവണ്ടി വികസന കോർപറേഷന് 3.05 കോടി, കശുമാവുകൃഷി വ്യാപന പദ്ധതിക്ക് 6.31 കോടി എന്നിങ്ങനെയും നീക്കിവച്ചു.
കയർ മേഖലയ്ക്കു 107.64 കോടിയാണു വിഹിതം. ഇതിൽ, കയർ വ്യവസായത്തിലെ യന്ത്രവൽക്കരണത്തിനും അടിസ്ഥാനസൗകര്യ വികസനത്തിനും 22 കോടി, കയർ ഉൽപന്നങ്ങളുടെയും ചകിരിയുടെയും വിലസ്ഥിരത ഉറപ്പാക്കാൻ 38 കോടി, ചകിരിച്ചോറ് വ്യവസായ വികസനത്തിന് 5 കോടി, കയർ സഹകരണ സംഘങ്ങളുടെ പുനരുജ്ജീവനത്തിന് 13.50 കോടി എന്നിങ്ങനെ നീക്കിവച്ചു. ഖാദിഗ്രാമവ്യവസായത്തിലെ വിവിധ പദ്ധതികൾക്കായി 15.70 കോടി വകയിരുത്തി.