ഹൈദരാബാദിൽ കേരള ഹൗസ്; വാർത്താ പ്രചാരണത്തിന് 44 കോടി

Mail This Article
തിരുവനന്തപുരം ∙ ഹൈദരാബാദിൽ കേരള ഹൗസ് തുറക്കുമെന്നു ബജറ്റ് പ്രഖ്യാപനം. ഇതിനായി 5 കോടി രൂപ അനുവദിച്ചു. നിലവിൽ ഡൽഹിയിലും മുംബൈയിലുമാണ് കേരള ഹൗസുള്ളത്. താമസസൗകര്യം, നോർക്ക സേവനം എന്നിവയടക്കമുള്ള സൗകര്യങ്ങളാണു കേരള ഹൗസിലുണ്ടാവുക. റസിഡന്റ് കമ്മിഷണർക്കായിരിക്കും മേൽനോട്ടച്ചുമതല.
വാർത്താ പ്രചാരണത്തിന് 44 കോടി
തിരുവനന്തപുരം ∙ സർക്കാരിന്റെ പരസ്യ കുടിശികകൾ തീർക്കാനും പുതിയ പരിപാടികൾക്കുമായി ബജറ്റിൽ 30 കോടി രൂപ അധികമായി വകയിരുത്തി. വാർത്താവിതരണ, പ്രചാരണ മേഖലയ്ക്ക് 44 കോടി; മുൻ വർഷത്തെക്കാൾ 6.8 കോടി രൂപ അധികം. കേരള മീഡിയ അക്കാദമിക്ക് 7.5 കോടി രൂപ. സംസ്ഥാന മാധ്യമ അവാർഡുകളുടെ തുക ഇരട്ടിയാക്കും. മാധ്യമപ്രവർത്തന സമഗ്ര സംഭാവനയ്ക്കുള്ള സർക്കാർ പുരസ്കാരം ‘സ്വദേശാഭിമാനി കേസരി’ യുടെ തുക ഒരുലക്ഷം രൂപയിൽനിന്ന് 1.50 ലക്ഷമാക്കി.
വനിതകളേ, പൊലീസ് കാവലുണ്ട്
തിരുവനന്തപുരം ∙ പൊലീസ് സ്റ്റേഷനുകളിൽ വനിതാ സെൽ നടപ്പാക്കുന്ന പദ്ധതിക്ക് 5.10 കോടി രൂപ വകയിരുത്തി. ഇതടക്കം പൊലീസ് വകുപ്പിനായി 170 കോടി രൂപ അനുവദിച്ചു. പൊലീസ് സ്റ്റേഷൻ നിർമാണം, സബ് ഡിവിഷൻ ഓഫിസ് നിർമാണം, ജില്ലാ പൊലീസ് ഓഫിസുകൾ, ഫൊറൻസിക് സയൻസ് ലബോറട്ടറി, ക്രൈംബ്രാഞ്ച് ഓഫിസുകൾ, എപി ബറ്റാലിയനുകൾ, സൈബർ ഡോം, കേരള പൊലീസ് അക്കാദമി വിപുലീകരണം, പൊലീസ് ട്രെയ്നിങ് കോളജ് വിപുലീകരണം എന്നിവയ്ക്കായി 48.89 കോടി രൂപ വേറെയും അനുവദിച്ചു. ജയിൽ വകുപ്പിനുള്ള വിഹിതത്തിൽ 11.50 കോടി രൂപ വർധിപ്പിച്ചു.