‘നല്ല പ്രായ’ത്തിൽ ന്യൂ ഇന്നിങ്സ്

Mail This Article
തിരുവനന്തപുരം ∙ മുതിർന്ന പൗരന്മാർക്കു പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ന്യൂ ഇന്നിങ്സ് പദ്ധതിയും ആരോഗ്യ സംരക്ഷണത്തിന് ഓപ്പൺ എയർ ജിമ്മും ആരംഭിക്കും. ചില വ്യവസായികൾ മുതിർന്ന പൗരൻമാരായതിനു ശേഷമാണു വ്യവസായ – വാണിജ്യ രംഗത്തേക്കു കടന്നതെന്നും ഇതാണ് ന്യൂ ഇന്നിങ്സിന്റെ അടിത്തറയെന്നും ബജറ്റിൽ പറയുന്നു. പദ്ധതിക്ക് 5 കോടി രൂപ നൽകും. പാർക്കുകളിൽ മുതിർന്ന പൗരന്മാർക്കു വ്യായാമ യന്ത്രങ്ങൾ സ്ഥാപിച്ച് മൾട്ടി ജനറേഷൻ പാർക്കുകളാക്കി മാറ്റും. ഇതിനും 5 കോടി രൂപ.
വയോജനങ്ങൾക്കു സമ്പൂർണ ആരോഗ്യ സേവനം ഉറപ്പാക്കുന്നതിനു നിലവിലെ സ്കീമുകൾ യോജിപ്പിക്കും. ആരോഗ്യ, സാമൂഹികക്ഷേമ, തദ്ദേശ വകുപ്പുകൾ യോജിപ്പിച്ചു ചികിത്സ, മരുന്ന്, ഭക്ഷണം, സാന്ത്വന പരിചരണം എന്നിവ ഉറപ്പാക്കും. സർക്കാർ അംഗീകൃത ഡിജിറ്റൽ ഗ്രിഡിൽ റജിസ്റ്റർ ചെയ്യുന്ന എല്ലാ കിടപ്പു രോഗികൾക്കും ചികിത്സയും മരുന്നും ഉൾപ്പെടെ ഉറപ്പാക്കും. സൗജന്യ സേവനങ്ങൾക്കു പുറമേ സ്ഥിരം കെയർ ഗിവർ, ഡയറ്റ് ഭക്ഷണം, എഐ സർവയലൻസ് തുടങ്ങിയവ ഫീസ് ഈടാക്കി ലഭ്യമാക്കും. കിടപ്പുരോഗികൾ അല്ലാത്ത വയോജനങ്ങൾക്ക് ആരോഗ്യകരമായ പ്രായമാകൽ പദ്ധതി (ഹെൽത്തി ഏജിങ്) നടപ്പാക്കും. അധിക ധനസമാഹരണത്തിന് 50 കോടി രൂപ.