നേതാക്കൾ പണത്തിനും പാർലമെന്ററി മോഹത്തിനും പിന്നാലെ; സിപിഎം തൃശൂർ ജില്ലാ സമ്മേളനത്തിൽ വിമർശനം

Mail This Article
കുന്നംകുളം ∙ തിരഞ്ഞെടുപ്പു വിജയം ലക്ഷ്യമിട്ട് ആർഎസ്എസ് നേതൃത്വവും സുരേഷ് ഗോപിയും രണ്ടു വർഷം തൃശൂരിൽ തമ്പടിച്ചു നടത്തിയ പ്രവർത്തനങ്ങൾ മുൻകൂട്ടി കാണാനോ ഇടപെടാനോ ജില്ലാ നേതൃത്വത്തിനു കഴിഞ്ഞില്ലെന്നു സിപിഎം തൃശൂർ ജില്ലാ സമ്മേളന പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ വിമർശനം.
ന്യൂനപക്ഷ പ്രീണനം കടുത്തതോടെ ഇടതുപക്ഷത്തിന്റെ പ്രധാന വോട്ടുബാങ്കായ ഈഴവ വോട്ടുകൾ ബിജെപിക്ക് അനുകൂലമാകുന്ന അവസ്ഥയിലേക്കു നീങ്ങുന്നുവെന്നും പ്രതിനിധികൾ രൂക്ഷവിമർശനമുയർത്തി. ക്രിസ്ത്യൻ വോട്ടുകൾ അനുകൂലമാക്കാൻ ബിജെപിക്കു കഴിയുന്നുവെന്നും പ്രതിനിധികൾ ലോക്സഭാ തിരഞ്ഞെടുപ്പിനെ ഉദാഹരണമാക്കി പറഞ്ഞു.
നേതാക്കൾ പണത്തിനും പാർലമെന്ററി മോഹത്തിനും പിന്നാലെ പോകുന്നുവെന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രതിനിധി സമ്മേളനത്തിൽ വിമർശിച്ചു. കരുവന്നൂരിലടക്കം അതാണു കണ്ടത്. കരുവന്നൂരിൽ നടന്ന തട്ടിപ്പുകൾ തടയാൻ ജില്ലാ നേതൃത്വത്തിനായില്ല. ഇങ്ങനെ മുന്നോട്ടുപോയാൽ വലിയ വില കൊടുക്കേണ്ടിവരും. തൃശൂർ മേയർ ടേം വ്യവസ്ഥ ലംഘിച്ചതിലെ അതൃപ്തി പ്രവർത്തന റിപ്പോർട്ടിലുണ്ടെന്നു വിവരമുണ്ട്. രണ്ടര വർഷത്തിനു ശേഷം സിപിഎമ്മിനു മേയർ പദവി ലഭിക്കുമെന്ന വ്യവസ്ഥ ലംഘിക്കപ്പെട്ടതിനെതിരെ ഒന്നും ചെയ്യാൻ പാർട്ടിക്കായില്ല. ആഭ്യന്തര വകുപ്പിനെതിരെ കടുത്ത വിമർശനങ്ങളുയർന്നു. വലതുപക്ഷ മനോഭാവത്തോടെയാണു പൊലീസ് പ്രവർത്തിക്കുന്നതെന്നും സിപിഎം പ്രാദേശിക നേതാക്കളോടു മോശമായി പെരുമാറുന്നുവെന്നും വിമർശിച്ചു. കുന്നംകുളത്തു പൊലീസ് ആർഎസ്എസ്, കോൺഗ്രസ് നേതാക്കളുടെ കങ്കാണികളായി പ്രവർത്തിക്കുന്നുവെന്നും പ്രതിനിധികൾ പറഞ്ഞു.
ഡൽഹി: കോൺഗ്രസിനെ പരിഹസിച്ച് എം.വി.ഗോവിന്ദൻ
ഡൽഹിയിൽ കോൺഗ്രസിന് 2% വോട്ട് കൂടുതൽ കിട്ടിയെന്ന അവകാശവാദത്തെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സിപിഎം തൃശൂർ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ‘വോട്ട് അധികം കിട്ടിയിട്ട് എന്തിനാണ്? പുഴുങ്ങിത്തിന്നാനോ? സീറ്റ് വട്ടപ്പൂജ്യമാണ്. അവിടെ കോൺഗ്രസിന്റെ ചെലവിലാണ് ബിജെപി അധികാരത്തിൽ എത്തിയിരിക്കുന്നത്.’ കോൺഗ്രസ് വല്യേട്ടൻ മനോഭാവം തുടരുകയാണെന്നും എം.വി.ഗോവിന്ദൻ കുറ്റപ്പെടുത്തി. പ്രിയങ്ക ഗാന്ധി പറഞ്ഞത് പഠിക്കാനുണ്ട് എന്നാണ്. എപ്പോൾ പഠിക്കാനാണ്? ബിജെപി വിരുദ്ധ ശക്തികൾക്ക് ആകെ 50% വോട്ട് ഉണ്ട്. ഒന്നിച്ചുനിന്നിരുന്നെങ്കിൽ അവിടെ ബിജെപി സർക്കാർ വരില്ലായിരുന്നു.
ബ്രാഹ്മണർക്ക് ഇതര സമുദായങ്ങളിലെ സ്ത്രീകളിൽ കുട്ടികൾ ഉണ്ടാകുന്നതാണ് സനാതന ധർമം എന്ന് ഇടുക്കിയിൽ താൻ പ്രസംഗിച്ചപ്പോൾ ചിലർക്കു പൊള്ളി. പൊള്ളണം. പൊള്ളാൻ വേണ്ടി തന്നെയാണു പ്രസംഗിക്കുന്നത്. മതസമുദായങ്ങളെക്കുറിച്ചു പറഞ്ഞുപോയാൽ വലിയ കുഴപ്പമാണ് എന്നാണു പറയുന്നത്. ആ കുഴപ്പം ഉണ്ടാകട്ടെ. അതിനെ വകവയ്ക്കുന്നില്ല.
കഴിഞ്ഞ ജില്ലാ സമ്മേളനങ്ങളിലെല്ലാം പത്രങ്ങൾ എഴുതിയത്, വിമർശനം ഉയർന്നു എന്നാണ്. വിമർശനം ഉണ്ടാകണം. പാർട്ടിയെ പുതുക്കാൻ വിമർശനവും സ്വയംവിമർശനവും അവിഭാജ്യമാണ്. അക്രമത്തിലൂടെ കമ്യൂണിസ്റ്റ് പാർട്ടിയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ ജനത്തെ ഉപയോഗിച്ച് നേരിടും എന്നു വന്നപ്പോൾ ഇപ്പോൾ പുതിയ രീതിയാണ്. പട്ടികജാതി– പട്ടികവർഗ മേഖലകൾ കേന്ദ്രീകരിച്ചും ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുമുള്ള ചിലരുടെ പ്രവർത്തനങ്ങൾ അതിന്റെ ഭാഗമാണ് – ഗോവിന്ദൻ പറഞ്ഞു.