കേരളത്തിൽ തൊഴിലില്ലായ്മ കൂടി; ആസൂത്രണ ബോർഡിന്റെ റിപ്പോർട്ട്

Mail This Article
തിരുവനന്തപുരം ∙ കേരളത്തിൽ തൊഴിലില്ലായ്മ നിരക്ക് 7.2% ആയെന്നും ഇതു ദുർബല സമ്പദ്‌വ്യവസ്ഥയുടെ ലക്ഷണമാണെന്നും ആസൂത്രണ ബോർഡിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ട്. നേരത്തേ 7% ആയിരുന്നു. ദേശീയ തലത്തിൽ തൊഴിലില്ലായ്മ നിരക്ക് 3.2% മാത്രമുള്ളപ്പോഴാണ് കേരളത്തിലെ ഉയർന്ന നിരക്ക്.
തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള സർക്കാർ പദ്ധതികൾ ഫലപ്രദമല്ല. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് സർക്കാർ ഉൗന്നൽ നൽകണമെന്നും റിപ്പോർട്ട് നിർദേശിച്ചു.
പുരുഷ തൊഴിലില്ലായ്മ നിരക്ക് 4.4 ശതമാനവും സ്ത്രീകളുടേത് 11.6 ശതമാനവുമാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിന് യുവാക്കൾക്ക് (പ്രായം 15–29) തൊഴിൽ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ഗ്രാമ പ്രദേശങ്ങളിലെ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 35.1 ശതമാനവും നഗരങ്ങളിൽ 24.1 ശതമാനവുമാണ്. ദേശീയ തലത്തിൽ ഇത് യഥാക്രമം 8.5 ശതമാനവും 14.7 ശതമാനവും മാത്രമാണ്.
ഇൗ പ്രതിസന്ധി മറികടക്കാൻ ഇപ്പോൾ തുടരുന്ന നൈപുണ്യ വികസന പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കണം. യുവതികളെ തൊഴിലുകളിലേക്ക് ആകർഷിക്കുന്ന പദ്ധതികൾ വേണം. സംഘടിത മേഖലയിലെ തൊഴിലിന്റെ വളർച്ചയും നിശ്ചലാവസ്ഥയിലാണ്. 11.3 ലക്ഷത്തിൽനിന്നു 12.6 ലക്ഷത്തിലേക്കു മാത്രമാണു വളർച്ച. ഏറ്റവും കൂടുതൽ പേർ തൊഴിലെടുക്കുന്നത് എറണാകുളം ജില്ലയിലാണ്. കുറവ് വയനാട്ടിലും. പ്രഫഷനൽ, സാങ്കേതിക യോഗ്യതയുള്ള തൊഴിലന്വേഷകർ 2 ലക്ഷമാണ് കേരളത്തിൽ. ഇതിൽ 63.3% ഐടിഐ, ഡിപ്ലോമ, എൻജിനീയറിങ് യോഗ്യതയുള്ളവരാണ്. 9024 മെഡിക്കൽ ബിരുദധാരികളും തൊഴിൽ തേടുകയാണ്.
തൊഴിലില്ലായ്മ നിരക്ക് മാസത്തിലൊരിക്കൽ പ്രസിദ്ധീകരിക്കും
ന്യൂഡൽഹി ∙ നഗരമേഖലകളിലെ തൊഴിലില്ലായ്മ നിരക്ക് ഏപ്രിൽ മുതൽ ഓരോ മാസവും പ്രസിദ്ധീകരിക്കാൻ കേന്ദ്രം തീരുമാനിച്ചു. നിലവിൽ 3 മാസത്തിലാണു പ്രസിദ്ധീകരിക്കുന്നത്.
ഗ്രാമീണമേഖലകളിലേതു വർഷത്തിലൊരിക്കൽ മാത്രമാണു പുറത്തുവിടുന്നത്. ഇതിനു മാറ്റമുണ്ടാകില്ല.