ബ്യൂറോ ഓഫ് പബ്ലിക് എന്റർപ്രൈസസ് റിപ്പോർട്ട്; ലാഭ സ്ഥാപനങ്ങൾ കുറഞ്ഞു, നഷ്ട കമ്പനികൾ കൂടി

Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്തു ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 61ൽ നിന്ന് 53 ആയി കുറഞ്ഞെന്നും നഷ്ടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം 63 ൽ നിന്ന് 65 ആയി ഉയർന്നെന്നും ബ്യൂറോ ഓഫ് പബ്ലിക് എന്റർപ്രൈസസിന്റെ വാർഷിക റിപ്പോർട്ട്.
കഴിഞ്ഞ വർഷം 87 കോടി നഷ്ടത്തിലായിരുന്ന കെടിഡിഎഫ്സി 538 കോടി ലാഭത്തിലെത്തി. ലാഭക്കണക്കിൽ ഒന്നാമതായി. കെഎസ്ആർടിസി എടുത്ത വായ്പകൾ പലതും തിരിച്ചടച്ചതാണു കമ്പനി ലാഭത്തിലാകാൻ മുഖ്യകാരണം. നഷ്ടത്തിൽ മുന്നിൽ സാമൂഹിക സുരക്ഷ പെൻഷൻ കമ്പനിയാണ്. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സഹായം കൊണ്ടാണു പെൻഷൻ കമ്പനി പ്രവർത്തിക്കുന്നത്. 6,100 കോടി രൂപ സർക്കാർ ഗ്രാന്റായി നൽകിയെങ്കിലും പെൻഷൻ വിതരണത്തിനായി 9,421 കോടി ചെലവിടേണ്ടി വന്നു. ഇതാണ് കമ്പനിയെ നഷ്ടത്തിലാക്കിയത്.
കെഎസ്ആർടിസി 1,314 കോടി നഷ്ടത്തിലാണെങ്കിലും കഴിഞ്ഞ വർഷത്തെക്കാൾ 11.85% നഷ്ടം കുറയ്ക്കാൻ കഴിഞ്ഞു. 90,077 കോടിയാണ് കഴിഞ്ഞ വർഷം പൊതുമേഖല സ്ഥാപനങ്ങളിൽ നടത്തിയ നിക്ഷേപം. ഇത് മുൻവർഷത്തെക്കാൾ 9.91% അധികമാണ്. എല്ലാ സ്ഥാപനങ്ങളിൽനിന്നും 44,203 കോടി വിറ്റുവരവുണ്ടായി. വർധന 7.81%. 64 സ്ഥാപനങ്ങൾ ചേർന്നുണ്ടാക്കിയ പ്രവർത്തന ലാഭം 8,750 കോടി. ഇത് 50% വർധനയാണ്. പൊതുമേഖലാ സ്ഥാപനങ്ങൾ ചേർന്ന് 17,289 കോടി സർക്കാരിനു കൈമാറി. 130 കോടി ഗ്യാരന്റി കമ്മിഷനായും നൽകി.
10 വർഷത്തെ വിശകലനം അനുസരിച്ച് വികസനം, അടിസ്ഥാന സൗകര്യം, സേവനം, വ്യാപാരം, കൺസൽറ്റൻസി എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് ലാഭത്തിലേക്കു നീങ്ങുന്നത്. കൃഷി, തോട്ടം മേഖല, കന്നുകാലി വളർത്തൽ, പൊതുസേവനങ്ങൾ, പരമ്പരാഗത വ്യവസായം തുടങ്ങിയ മേഖലകളിൽ നഷ്ടം കുറയുന്നു. സാമ്പത്തിക, ഉൽപാദന മേഖലകളിലാണ് നഷ്ടം പെരുകുന്നത്.
വേഗം കുറഞ്ഞ്, ജനസംഖ്യാ വളർച്ച
തിരുവനന്തപുരം ∙ രാജ്യത്തെ ജനസംഖ്യ, 11 വർഷത്തിനുശേഷം 25% ഉയരുമെങ്കിൽ കേരളത്തിൽ അതു 10% മാത്രമായിരിക്കുമെന്നു സംസ്ഥാന സാമ്പത്തിക സർവേ റിപ്പോർട്ട്.
2011ലെ സെൻസസ് അനുസരിച്ചു രാജ്യത്തെ ജനസംഖ്യ 121.09 കോടിയിൽനിന്നു 2036 ൽ 151.83 കോടി ആകുമെന്നാണു കണക്കുകൂട്ടൽ. 25% വർധനയാണിത്. അതേസമയം, കേരളത്തിലെ ജനസംഖ്യ 2036 ൽ 3.69 കോടിയായി ഉയരുമെന്നാണു പ്രതീക്ഷ. 2011ൽ 3.34 കോടിയായിരുന്നു. വർധിക്കുന്നത് 10.6% . 2001ലെ സെൻസസിൽ കേരളത്തിലെ ജനസംഖ്യ 3.18 കോടി ആയിരുന്നു. 2001 മുതൽ 2011 വരെ, സംസ്ഥാനങ്ങളിൽ ഏറ്റവും കുറഞ്ഞ ജനസംഖ്യാ വളർച്ചനിരക്കായിരുന്നു കേരളത്തിൽ, 4.9%.
ഹൃദ്രോഗം വില്ലൻ
∙ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേരുടെ മരണത്തിനു കാരണമാകുന്നതു ഹൃദ്രോഗമാണെന്നും റിപ്പോർട്ടിൽ പറയുന്നു. 2021ലെ കണക്കനുസരിച്ച് 47.5% പേരും മരിച്ചതുഹൃദ്രോഗങ്ങൾ മൂലമാണ്. രണ്ടാം സ്ഥാനത്ത് ആസ്മയാണ് 16.6% .
ലാഭത്തിൽ മുന്നിൽ
കെടിഡിഎഫ്സി 538 കോടി, കെഎസ്എഫ്ഇ 404 കോടി, ബവ്റിജസ് കോർപറേഷൻ 236 കോടി, കെഎസ്ഇബി 218 കോടി, കേരള മിനറൽസ് ആൻഡ് മെറ്റൽസ് 100 കോടി.
നഷ്ടത്തിൽ മുന്നിൽ
സാമൂഹിക സുരക്ഷാ പെൻഷൻ കമ്പനി 3321 കോടി, കെഎസ്ആർടിസി 1314 കോടി, സിവിൽ സപ്ലൈസ് കോർപറേഷൻ 78 കോടി, ടൈറ്റാനിയം 75 കോടി, കശുവണ്ടി കോർപറേഷൻ 71 കോടി.