ഐസിയു പീഡനക്കേസ്: മെഡി. കോളജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്

Mail This Article
കോഴിക്കോട് ∙ മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസ് കൈകാര്യം ചെയ്യുന്നതിൽ കോളജ് അധികൃതർക്ക് ഗുരുതരവീഴ്ച പറ്റിയെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ അന്വേഷണ റിപ്പോർട്ട്. കേസിന്റെ ഗൗരവം ഉൾക്കൊള്ളാതെയാണ് അധികൃതർ വൈദ്യപരിശോധന നടത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി എസ്.എസ്.സുരേഷ്കുമാർ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
ആശുപത്രിയിലെ അറ്റൻഡർ ശശീന്ദ്രനെതിരെയാണ് പീഡന ആരോപണമുയർന്നത്. മെഡിക്കോ-ലീഗൽ കേസുകളിൽ പരിചയ സമ്പന്നരായ ഡോക്ടറെ പരിശോധനയ്ക്കു നിയോഗിക്കാത്തത് കോളജ് അധികൃതരുടെ വീഴ്ചയാണ് ഗുരുതരമായ ലൈംഗിക പീഡന ആരോപണമുള്ള കേസാണ് ഇതെന്ന് താൻ അറിഞ്ഞിരുന്നില്ലെന്നാണ് ഡോ. പ്രീതിയുടെ മൊഴി. മെഡിക്കോ-ലീഗൽ പരിശോധനയ്ക്കായി മെഡിക്കൽ കോളജ് ഇൻസ്പെക്ടർ ആശുപത്രി സൂപ്രണ്ടിനും മെഡിക്കൽ ഓഫിസർക്കും നൽകിയ അപേക്ഷകളിൽ അതിജീവിത ഗുരുതരമായ ലൈംഗിക പീഡനത്തിന് വിധേയയായിട്ടുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.
ഡോ. പ്രീതിയോ അവരെ നിയോഗിച്ച അധികൃതരോ പൊലീസ് നൽകിയ അപേക്ഷ ശ്രദ്ധയോടെ കണ്ടിരുന്നുവെങ്കിൽ കേസിന്റെ ഗൗരവം ബോധ്യപ്പെടുമായിരുന്നു. പീഡനം നടന്നിട്ടുണ്ടോയെന്നു മനസ്സിലാക്കുന്നതിന് ആവശ്യമായ പരിശോധനകൾ നടത്തിയിട്ടില്ല. ഈ കേസിൽ അതിന്റെ ആവശ്യമില്ലെന്നാണ് പരിശോധിച്ച ഡോക്ടർ പറയുന്നതെന്നും ഡിവൈഎസ്പിയുടെ റിപ്പോർട്ടിലുണ്ട്. കൃത്യമായ പരിശോധന നടത്താതെയും പരിശോധനയിൽ കണ്ട മുറിവുകളും മറ്റും രേഖപ്പെടുത്താതെയുമാണ് മെഡിക്കോ- ലീഗൽ സർട്ടിഫിക്കറ്റ് തയാറാക്കിയതെന്ന അതിജീവിതയുടെ പരാതി ശരിവയ്ക്കുന്നതാണ് ഡിവൈഎസ്പിയുടെ റിപ്പോർട്ട്. അതിജീവിതയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് ഉത്തര മേഖലാ ഐജി കെ.സേതുരാമൻ നിയോഗിച്ച അന്വേഷണ സംഘവും കണ്ടെത്തിയിരുന്നു. 2023 മാർച്ച് 18നാണ് കേസിനാസ്പദമായ സംഭവം. ജില്ലാ സെഷൻസ് കോടതിൽ കേസ് വിചാരണ ഘട്ടത്തിലാണ്. ഡോ. പ്രീതിക്കെതിരെ താൻ ഉന്നയിച്ച ആരോപണം സത്യമാണെന്ന് തെളിഞ്ഞുവെന്ന് അതിജീവിത പറഞ്ഞു. പ്രതികളെ രക്ഷിക്കാനാണ് ശ്രമിച്ചത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വീണ്ടും പരാതി നൽകുമെന്നും അതിജീവിത പറഞ്ഞു.