മെഡിസെപ് പരിഷ്കരണം: അന്തിമ റിപ്പോർട്ട് 2 ആഴ്ചയ്ക്കകം; പ്രീമിയം കൂടും

Mail This Article
തിരുവനന്തപുരം ∙ സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിലെ ചികിത്സാ പാക്കേജുകൾ പുതുക്കാൻ തീരുമാനിച്ചു. 3 വർഷ കാലാവധിയിൽ ഓറിയന്റൽ ഇൻഷുറൻസ് കമ്പനിക്ക് നൽകിയ കരാർ ജൂണിൽ അവസാനിക്കും. പദ്ധതി തുടങ്ങിയിട്ടു 3 വർഷം ആകുന്നെങ്കിലും പാക്കേജുകൾ അതിനും 2 വർഷം മുൻപു തയാറാക്കിയിരുന്നു. പുതിയ ചികിത്സാരീതികൾ വന്നതും നിരക്കിൽ ഉണ്ടായ വർധനയും കണക്കിലെടുത്താണു പരിഷ്കരണം. ഡോക്ടർമാരുടെ സംഘത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പാക്കേജ് പരിഷ്കരണത്തിന്റെ റിപ്പോർട്ട് 2 ആഴ്ചയ്ക്കുള്ളിൽ ലഭിക്കുമെന്നാണു പ്രതീക്ഷ. ഇതു പരിശോധിച്ചശേഷം അന്തിമ തീരുമാനം എടുക്കും. തുടർന്നു പ്രീമിയം നിശ്ചയിക്കും.
നിലവിൽ മാസം 500 രൂപയാണ് പ്രീമിയം. പാക്കേജ് രൂപീകരിച്ച ശേഷം ജീവനക്കാരുടെ സംഘടനകളുമായി ചർച്ച നടത്തിയേ പ്രീമിയം നിശ്ചയിക്കുകയുള്ളൂ. സ്വകാര്യ കമ്പനികൾക്ക് കരാർ കൊടുക്കേണ്ടെന്നാണ് 3 വർഷം മുൻപു നിശ്ചയിച്ചത്. അതിൽ മാറ്റം വരുത്തണമെന്ന ശുപാർശയിൽ തീരുമാനം എടുക്കും. ജീവനക്കാരും കുടുംബാംഗങ്ങളും ആശ്രിതരും ഉൾപ്പെടെ 30.82 ലക്ഷം പേരാണു പദ്ധതിയുടെ ഗുണഭോക്താക്കൾ.
കാസ്പ്: ബജറ്റിൽ 21 കോടി അധികം
∙കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് (കാസ്പ്) ബജറ്റിൽ അധികമായി അനുവദിച്ചത് 21 കോടി രൂപ. നിലവിൽ 1300 കോടി രൂപ കുടിശിക ഉള്ളപ്പോഴാണിത്. കഴിഞ്ഞ ബജറ്റിൽ 679 കോടി രൂപയായിരുന്നു. ഇത്തവണ 700 കോടി രൂപയായി. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന 41.99 ലക്ഷം കുടുംബങ്ങളെ ലക്ഷ്യമിട്ടുള്ള പദ്ധതിയിൽ വൻ കുടിശികയായതോടെ എംപാനൽ ചെയ്തിരിക്കുന്ന സ്വകാര്യ ആശുപത്രികളിൽ പലതും പിൻവാങ്ങി. കുടിശിക പെരുകിയതിനാൽ സർക്കാർ ആശുപത്രികളിലും കാസ്പ് അംഗങ്ങളുടെ ചികിത്സ കുറച്ചു.
കേന്ദ്ര സർക്കാർ പ്രീമിയത്തിൽ ആനുകാലിക വർധന വരുത്താത്തതാണ് പ്രതിസന്ധിയുടെ പ്രധാന കാരണം. ഒരു കുടുംബത്തിന് 1050 രൂപയാണ് പ്രീമിയം. ആകെ കുടുംബങ്ങളിൽ 23.97 ലക്ഷം കുടുംബങ്ങളുടെ വാർഷിക പ്രീമിയത്തിൽ 418.80 രൂപയാണു കേന്ദ്ര വിഹിതം. ഇതിന്റെ ശേഷിക്കുന്ന തുകയും 18.02 ലക്ഷം കുടുംബങ്ങളുടെ മുഴുവൻ പ്രീമിയവും സംസ്ഥാനം നൽകണം. പ്രീമിയവും വിഹിതവും വർധിപ്പിക്കണമെന്നു നിരന്തരം കേന്ദ്രത്തോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും തള്ളിക്കളയുകയാണു പതിവ്.