മുണ്ടക്കൈ–ചൂരൽമല പുനരധിവാസം: ഗുണഭോക്താക്കളുടെ ആദ്യഘട്ട അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു

Mail This Article
കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളുടെ ആദ്യഘട്ട അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. കരടു പട്ടികയിൽ നിന്നുള്ള 235 പേരും ആക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ ഉൾപ്പെടുത്തിയ 7 പേരും അടക്കം 242 പേരുടെ അന്തിമ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ഏറ്റവും കൂടുതൽ പേർ ഉൾപ്പെട്ടതു 12–ാം വാർഡായ ചൂരൽമലയിൽ നിന്നാണ്–108 പേർ. 11–ാം വാർഡായ മുണ്ടക്കൈയിൽനിന്ന് 83 പേർ പട്ടികയിൽ ഇടം നേടി. 10–ാം വാർഡായ അട്ടമലയിൽ നിന്ന് 51 പേരും പട്ടികയിലുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന ദുരന്തനിവാരണ അതോറിറ്റി യോഗം അന്തിമ പട്ടികയ്ക്ക് അംഗീകാരം നൽകി.
ദുരന്തത്തിൽ വീടു നഷ്ടപ്പെട്ടവർ, വാടകയ്ക്കു താമസിച്ചിരുന്ന ദുരന്ത ബാധിതർ, പാടികളിൽ താമസിച്ചിരുന്ന ദുരന്തബാധിതർ എന്നിവരിൽ മറ്റെവിടെയും വീടില്ലാത്തവരെയാണു ആദ്യഘട്ട അന്തിമ പട്ടികയിൽ ഉൾപ്പെടു ത്തിയത്. ദുരന്തമേഖലയിൽ (നോ ഗോ സോൺ) ഉൾപ്പെട്ടതും നാശനഷ്ടം സംഭവിച്ചിട്ടില്ലാത്തതുമായ വീടുകൾ, ദുരന്ത മേഖലയിലൂടെ മാത്രം എത്തിപ്പെടാവുന്ന വീടുകൾ, ദുരന്തം മൂലം ഒറ്റപ്പെട്ട വീടുകൾ എന്നിവ രണ്ടാം ഘട്ട പട്ടികയിൽ ഉൾപ്പെടുത്തും.