ഡോ. വന്ദന ദാസിന്റെ കൊലപാതകം: വിചാരണ നടപടികൾ നാളെ മുതൽ

Mail This Article
കടുത്തുരുത്തി ∙ ഡോ. വന്ദന ദാസ് കൊലപാതക കേസിന്റെ വിചാരണ നടപടികൾ നാളെ കൊല്ലം അഡീഷനൽ സെഷൻസ് കോടതിയിൽ ആരംഭിക്കും. മുട്ടുചിറ നമ്പിച്ചിറക്കാലായിൽ മോഹൻ ദാസിന്റെയും വസന്ത കുമാരിയുടെയും ഏക മകൾ വന്ദന ദാസ് എംബിബിഎസ് പഠനത്തിനു ശേഷം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്യുന്നതിനിടെയാണ് 2023 മേയ് 10 ന് പുലർച്ചെ അക്രമിയുടെ കുത്തേറ്റ് മരിച്ചത്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് പൊലീസ് കൊണ്ടു വന്ന സന്ദീപ് എന്നയാളുടെ കുത്തേറ്റായിരുന്നു മരണം. കേസിൽ 131 സാക്ഷികളാണ് ഉള്ളത്. ഇതിൽ ആദ്യത്തെ 50 സാക്ഷികളുടെ വിസ്താരമാണ് നാളെ ആരംഭിക്കുന്നത്. പ്രതി സന്ദീപിന്റെ ജാമ്യ ഹർജി ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിരുന്നു. സന്ദീപിന്റെ മാനസിക നില പരിശോധിക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ സന്ദീപിന്റെ മാനസിക നില പരിശോധന നടത്തിയിരുന്നു.
മാനസിക നിലയിൽ തകരാറില്ല എന്നാണ് കോടതിക്കു ലഭിച്ചിരിക്കുന്ന മെഡിക്കൽ റിപ്പോർട്ട്. മകളുടെ മരണത്തിന് കാരണം പൊലീസിന്റെ ഗുരുതരമായ വീഴ്ചയാണ് എന്നാണ് മാതാപിതാക്കളുടെ ആരോപണം. പൊലീസിന്റെ വീഴ്ചയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളിയിരുന്നു.