മുണ്ടക്കൈ, ചൂരൽമല പുനരധിവാസം: ഒരു ടൗൺഷിപ്പിൽ ഒതുങ്ങാൻ സാധ്യത

Mail This Article
തിരുവനന്തപുരം ∙ വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരെ പുനരധിവസിപ്പിക്കാൻ പ്രഖ്യാപിച്ച 2 ടൗൺഷിപ്പുകളിൽ ഒന്ന് സർക്കാർ ഒഴിവാക്കിയേക്കും. ടൗൺഷിപ്പിൽ വീടിനായി അപേക്ഷിക്കുന്നവരുടെ എണ്ണം കുറയാനുള്ള സാഹചര്യം പരിഗണിച്ചാണിത്. ഇതോടെ പുനരധിവാസ പദ്ധതിയുടെ ചെലവിലും കുറവുണ്ടാകും.
നിലവിൽ 242 പേരുള്ള ആദ്യ ഗുണഭോക്തൃ പട്ടികയാണു പുറത്തുവന്നത്. ഇനി 2 പട്ടിക കൂടി വരാനുള്ളതിൽ ഒരെണ്ണം തയാറായി. ദുരിതമേഖലയിലെ ഒറ്റപ്പെട്ട വീടുകളിലുള്ളവരെ പുനരധിവസിപ്പിക്കാനുള്ള പട്ടികയാണ് അടുത്തത്. ഇവ രണ്ടും പുറത്തുവരുന്നതോടെ ഗുണഭോക്താക്കളുടെ എണ്ണത്തിൽ വ്യക്തത വരും.
ടൗൺഷിപ്പിൽനിന്ന് ഒഴിവാകുന്നവർക്ക് 15 ലക്ഷം രൂപയാണു സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം. ഇതു തിരഞ്ഞെടുക്കുന്നവർകൂടി വിട്ടുപോകുന്നതോടെ ടൗൺഷിപ്പിനുള്ള ഗുണഭോക്താക്കളുടെ പട്ടിക പിന്നെയും ചുരുങ്ങും. കഴിഞ്ഞ വർഷം ജൂലൈയിലുണ്ടായ ഉരുൾപൊട്ടലിനെത്തുടർന്ന് 813 കുടുംബങ്ങൾക്കാണു സർക്കാർ വാടകയ്ക്കു വീടെടുത്തു നൽകിയത്. എങ്കിലും സർക്കാർ മാനദണ്ഡങ്ങൾ പ്രകാരം ഗുണഭോക്താക്കളെ നിശ്ചയിക്കുമ്പോൾ പരമാവധി 600 കുടുംബങ്ങളെ ഉണ്ടാകൂ എന്നാണു സൂചന.