‘കേരളത്തിന് 350 കി.മീ വേഗം ആവശ്യമില്ല, 200 മതി: വേണ്ടത് 15–30 മിനിറ്റ് ഇടവേളയിൽ ഇരുദിശയിലും ട്രെയിൻ സർവീസ്’

Mail This Article
തിരുവനന്തപുരം ∙ ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (ഡിഎംആർസി) മുൻപു വിശദപദ്ധതിരേഖ (ഡിപിആർ) തയാറാക്കിയ തിരുവനന്തപുരം – കണ്ണൂർ ഹൈസ്പീഡ് പാതയുടെ അലൈൻമെന്റിൽ വ്യത്യാസം വരുത്തിയാകും പുതിയ സെമി ഹൈസ്പീഡ് പാതയ്ക്ക് അലൈൻമെന്റ് കണ്ടെത്തുകയെന്ന് ഇ.ശ്രീധരൻ. മുഖ്യമന്ത്രിക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും നൽകിയ കത്തിലാണ് ഇക്കാര്യമുള്ളത്.
തുടർച്ചയായി നഗരങ്ങളുള്ള കേരളത്തിൽ 350 കിലോമീറ്റർ വേഗം ആവശ്യമില്ലെന്നും പരമാവധി 200 കിലോമീറ്റർ മതിയെന്നുമാണു ശ്രീധരന്റെ നിലപാട്. 135 കിലോമീറ്റർ ശരാശരി വേഗത്തിൽ ട്രെയിൻ ഓടിച്ചാൽ തിരുവനന്തപുരം – കണ്ണൂർ (430 കിലോമീറ്റർ) ദൂരം മൂന്നേകാൽ മണിക്കൂറിൽ പിന്നിടാം. ഒരു ലക്ഷം കോടി രൂപയാണു പദ്ധതിക്കു ചെലവു പ്രതീക്ഷിക്കുന്നത്.
ഇതിനായി റെയിൽവേക്ക് 51 ശതമാനവും കേരളത്തിന് 49 ശതമാനവും ഓഹരിയുള്ള പ്രത്യേക ദൗത്യനിർവഹണ ഏജൻസി (എസ്‌പിവി) രൂപീകരിക്കണം. ഇതിൽ കേന്ദ്ര, സംസ്ഥാന വിഹിതമായി 30,000 കോടി രൂപ വീതവും 40,000 കോടി രൂപയുടെ വായ്പാനിക്ഷേപവും ലക്ഷ്യമിടുന്നു. ഭാവിയിൽ ചെന്നൈ – ബെംഗളൂരു – കോയമ്പത്തൂർ ഹൈസ്പീഡ് പാതകളുമായി ബന്ധിപ്പിച്ച് ദേശീയ ഹൈസ്പീഡ് റെയിൽ ശൃംഖലയുടെ ഭാഗമാകുക എന്ന ലക്ഷ്യത്തോടെയാണു പാത സ്റ്റാൻഡേഡ് ഗേജിലാക്കുന്നതെന്നും പറയുന്നു.
2016ൽ 350 കിലോമീറ്റർ വേഗമുള്ള പദ്ധതി ശുപാർശ ചെയ്ത ശേഷം ഇപ്പോൾ 200 കിലോമീറ്റർ വേഗത്തിലേക്കുള്ള ചുവടുമാറ്റത്തിനു കാരണമെന്ത്?
സ്റ്റോപ്പുകൾ കുറവാണെങ്കിലേ കൂടിയ വേഗം കൊണ്ടു കാര്യമുള്ളൂ. ജനസാന്ദ്രത കൂടിയ കേരളത്തിൽ കൂടുതൽ പേർക്കു പ്രയോജനം ലഭിക്കണമെങ്കിൽ 25–30 കിലോമീറ്റർ ഇടവേളയിൽ സ്റ്റേഷനുകൾ വേണം. കേരളത്തിലെ യാത്രക്കാരുടെ ആവശ്യം പരിഗണിക്കുമ്പോൾ 15–30 മിനിറ്റ് ഇടവേളയിൽ ഇരുദിശയിലും ട്രെയിൻ സർവീസുകൾ ആവശ്യമാണ്.
റെയിൽവേ 160 കിലോമീറ്റർ വേഗം സാധ്യമാകുന്ന 3, 4 പാതകൾക്കായി സർവേ നടത്തുന്നുണ്ടല്ലോ?
കൊങ്കൺ പാതയിൽ ഡിസൈൻ സ്പീഡ് 160 കിലോമീറ്ററുണ്ടായിട്ടും മിക്സ്ഡ് ട്രാഫിക് കാരണം ട്രെയിനുകൾ ആ വേഗത്തിലോടുന്നില്ല. 200 കിലോമീറ്റർ വേഗം സാധ്യമാകുന്ന സാങ്കേതികവിദ്യയും കോച്ചുകളും രാജ്യത്തുള്ളപ്പോൾ എന്തിനാണ് 160 കിലോമീറ്റർ വേഗത്തിലുള്ള പാതയ്ക്കു പണം ചെലവാക്കുന്നത്. റെയിൽവേ ഇപ്പോൾ നടത്തുന്നത് സാധ്യതാപഠനം മാത്രമാണ്.
തൃശൂരിൽനിന്നു പാലക്കാട്ടേക്ക് റാപ്പിഡ് റെയിലിനായി (ആർആർടിഎസ്) കേന്ദ്രമന്ത്രി സുരേഷ് ഗോപി പരിശ്രമിക്കുന്നുണ്ടല്ലോ. അതു കേരളത്തിൽ വ്യാപിപ്പിക്കാൻ സാധ്യമാണോ?
ചെറിയ ദൂരത്തിലാണ് അത്തരം പദ്ധതികൾ വരുന്നത്. തിരുവനന്തപുരം–കണ്ണൂർ പോലെ 430 കിലോമീറ്റർ ദൂരത്തിൽ അത്തരം പദ്ധതിക്കു സാധ്യത കുറവാണ്. സെമി ഹൈസ്പീഡ് പദ്ധതിയാണ് അനുയോജ്യം.
സിൽവർലൈൻ പദ്ധതിക്കെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നല്ലോ?
പുതിയ പദ്ധതിക്കെതിരെ അത്തരം പ്രതിഷേധം ഉണ്ടാകില്ല. കാരണം, ഇതിൽ ഏറെ ഭാഗവും ഭൂമിക്കടിയിലൂടെയും പാലങ്ങളിലൂടെയുമാകും കടന്നുപോകുക. ഭൂമിയേറ്റെടുക്കൽ പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് തുരങ്കത്തിലൂടെയും തൂണുകളിലൂടെയും പാത ശുപാർശ ചെയ്തിരിക്കുന്നത്. തൂണുകൾ വരുന്ന സ്ഥലങ്ങളിൽ 20 മീറ്റർ വീതിയിൽ ഭൂമിയേറ്റെടുക്കണം. നിർമാണത്തിന് ശേഷം ഭൂമി ഉടമകൾക്കു പാട്ടത്തിനു തിരികെനൽകാം.