യുവാവിന്റെ കാൽ തല്ലിയൊടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Mail This Article
പനച്ചിക്കാട് ∙ കുത്തിപ്പരുക്കേൽപിച്ച ശേഷം യുവാവിന്റെ കാൽ തല്ലിയൊടിച്ചെന്ന പരാതിയിൽ പ്രതി അറസ്റ്റിൽ. പനച്ചിക്കാട് കച്ചേരിക്കവല ബൈജുവാണ് അറസ്റ്റിലായത്. ഓട്ടം വിളിച്ചിട്ടു പോകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ പുതുപ്പറമ്പിൽ പി.ടി. രാജേഷിനു (43) നേരെയാണ് ആക്രമണമുണ്ടായത്. സിഐടിയു നേതാവായ ബൈജുവിനെ സംരക്ഷിക്കാൻ തുടക്കം മുതലേ ശ്രമം ഉണ്ടായതായി രാജേഷ് ആരോപിക്കുന്നു. ബൈജു സ്റ്റീൽ നഖംവെട്ടി ഉപയോഗിച്ച് വീശിയപ്പോൾ രാജേഷിന്റെ വയറിൽ ചെറിയ പോറലുണ്ടായെന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ സ്റ്റീൽ കത്തി ഉപയോഗിച്ച് വയറ്റിൽ കുത്തിയെന്നും കത്തിയുടെ പിടി ഒടിഞ്ഞ് നിലത്തു വീഴുകയായിരുന്നു എന്നുമാണ് മൊഴി നൽകിയിരുന്നത്. വയറ്റിൽ തറഞ്ഞ ബാക്കി ഭാഗം ബൈജു വലിച്ചൂരിയെന്നു മൊഴി നൽകിയെങ്കിലും പൊലീസ് അതെല്ലാം മാറ്റിയെഴുതിയെന്നു രാജേഷ് ആരോപിക്കുന്നു. സംഭവം നടന്നു ശേഷം ദിവസങ്ങൾ കഴിഞ്ഞാണു പൊലീസ് കേസെടുക്കാൻ തയാറായതെന്നും പരാതിയുണ്ട്. പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ലോക്കൽ കമ്മിറ്റി അംഗങ്ങളും എത്തിയെന്നു ബൈജു ആരോപിക്കുന്നു.
ഇക്കഴിഞ്ഞ രണ്ടിനു വൈകിട്ട് ഏഴിനായിരുന്നു സംഭവം. പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിന് സമീപം സുഹൃത്തുക്കളുമൊത്ത് ഇരിക്കുകയായിരുന്ന രാജേഷിനെ ഓട്ടോയിലെത്തിയ ബൈജു കുത്തി പരുക്കേൽപ്പിച്ചു എന്നാണു കേസ്. ഇരുമ്പു പൈപ്പ് കൊണ്ടുള്ള അടിയിൽ രാജേഷിന്റെ ഇടതുകാലിന് ഒടിവുണ്ട്. രണ്ടിഞ്ച് ആഴത്തിലാണ് വയറിനു കുത്തേറ്റത്. അതേസമയം, മൊഴി പ്രകാരമാണ് കേസെടുത്തതെന്നും കൃത്യമായ നടപടിക്രമം പാലിച്ചിട്ടുണ്ടെന്നും മറിച്ചുള്ള പ്രചാരണം ശരിയല്ലെന്നും ചിങ്ങവനം പൊലീസ് അറിയിച്ചു. പൊലീസ് അന്വേഷണം ശരിയായ രീതിയിലല്ലെങ്കിൽ സമരവുമായി മുന്നോട്ടു പോകുമെന്നു യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് പറഞ്ഞു.