ADVERTISEMENT

തിരുവനന്തപുരം ∙ സിൽവർലൈൻ പദ്ധതി നടക്കില്ലെന്ന തിരിച്ചറിവിലേക്കു സംസ്ഥാന സർക്കാർ എത്തിയെങ്കിലും പദ്ധതി ഉപേക്ഷിച്ചതായി തൽക്കാലം പ്രഖ്യാപിക്കില്ല. ഇ.ശ്രീധരൻ നിർദേശിച്ച സെമി ഹൈസ്പീഡ് റെയിൽ പദ്ധതിയുടെ കാര്യത്തിൽ റെയിൽവേയുടെ പച്ചക്കൊടി ലഭിക്കുന്നതുവരെ കാത്തിരിക്കാനാണു തീരുമാനം. കേന്ദ്രം സമ്മതിക്കുമെങ്കിൽ ബദൽ പദ്ധതിയുമായി മുന്നോട്ടുപോകാമെന്ന രാഷ്ട്രീയ തീരുമാനം സർക്കാർ സ്വീകരിച്ചിട്ടുണ്ട്.

ഏറ്റവും വലിയ എതിർപ്പുയർന്ന ഘട്ടത്തിലും ‘സിൽവർലൈൻ വരും കേട്ടോ’ എന്നു മുഖ്യമന്ത്രി ആവർത്തിച്ചിരുന്നു. എന്നാൽ 2020 ജൂൺ 17നു സമർപ്പിച്ച ഡിപിആർ പ്രകാരം പദ്ധതി പൂർത്തിയാകേണ്ട സമയമായിട്ടും റെയിൽവേ മന്ത്രാലയം അനുമതി നൽകാതിരുന്നതോടെ ഇനി ലഭിക്കില്ലെന്നു സർക്കാരിനു ബോധ്യമായിട്ടുണ്ട്. 2025–26 ലാണു പദ്ധതി പൂർത്തിയാകേണ്ടിയിരുന്നത്. സിൽവർലൈനിൽ റെയിൽവേയുമായുള്ള ചർച്ചയുടെ എല്ലാ വഴികളും അടഞ്ഞെന്നു മനസ്സിലായതോടെയാണു സർക്കാർ ട്രാക്ക് മാറ്റിയത്. സംസ്ഥാനസർക്കാരിനു കൂടുതൽ ഓഹരി പങ്കാളിത്തമുള്ള കെ റെയിലിനു പകരം കേന്ദ്രസർക്കാരിനു കൂടുതൽ ഓഹരി പങ്കാളിത്തമുള്ള ഏജൻസി നടത്തിപ്പ് ഏറ്റെടുക്കണമെന്നാണു ശ്രീധരന്റെ നിർദേശം. ഇതു കേന്ദ്രസർക്കാരിന്റെ മനസ്സറിഞ്ഞാകാം. അങ്ങനെ വരുമ്പോൾ ചിത്രത്തിൽനിന്നു കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ പുറത്താകും. സംസ്ഥാന സഹകരണത്തോടെയുള്ള കേന്ദ്ര പദ്ധതിയായി സെമി ഹൈസ്പീഡ് റെയിൽ മാറും.

കേന്ദ്രം സമ്മതമറിയിച്ചാൽ ബദൽ പദ്ധതി സംസ്ഥാന സർക്കാർ ഔദ്യോഗികമായി കേന്ദ്രത്തിനു മുൻപിൽ വയ്ക്കും. അതിനുശേഷമാകും ഡിപിആർ തയാറാക്കുന്നതിലേക്കും അലൈൻമെന്റ് തീരുമാനിക്കുന്നതിലേക്കും കടക്കുക. തൂണുകളിലും തുരങ്കങ്ങളിലുമായി ബദൽ റെയിൽവേ ലൈനിന്റെ അധികഭാഗവും വരികയെന്നതാണ് ഇ.ശ്രീധരന്റെ നിർദേശമെങ്കിലും അലൈൻമെന്റ് അറിയുന്നതുവരെ ആശങ്ക തുടരും. സിൽവർലൈനിന്റെ അനുഭവം മുൻപിലുള്ളതിനാൽ വിശദമായ സാമൂഹികാഘാത പഠനവും പരിസ്ഥിതി പഠനവും നടത്തിയതിനുശേഷമേ പുതിയ പദ്ധതിക്കു സർക്കാർ മുതിരാനിടയുള്ളൂ. സ്വപ്ന പദ്ധതിയായ സിൽവർലൈൻ ഉപേക്ഷിച്ചുവെന്നു പറയാനുള്ള ജാള്യം സർക്കാരിനുണ്ട്. അതുകൊണ്ടു തന്നെ പുതിയ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ നിലനിർത്തേണ്ടതു തിരഞ്ഞെടുപ്പിലേക്കു കടക്കുന്ന ഘട്ടത്തിൽ ആവശ്യവുമാണ്. 

പ്രഖ്യാപനം വരാതെ ആശങ്ക മാറില്ല 

പഴയ പദ്ധതി ഉപേക്ഷിച്ചെന്ന പ്രഖ്യാപനം വരാതെ മഞ്ഞക്കുറ്റികൾ ഉൾപ്പെടെ സിൽവർലൈൻ വിതച്ച ആശങ്ക മാറില്ല. മഞ്ഞക്കുറ്റി സ്ഥാപിച്ച ഭൂമി ക്രയവിക്രയം ചെയ്യുന്നതിൽ ഇപ്പോഴും ആശങ്കകളുണ്ട്. സിൽവർലൈൻ വിരുദ്ധ സമരത്തിനെതിരെ എടുത്ത കേസുകളും നിലവിലുണ്ട്. 100 കോടിയിലധികം രൂപ സിൽവർലൈനിന്റെ പഠനത്തിനും ഓഫിസ് പ്രവർത്തനത്തിനുമായി ചെലവിടുകയും ചെയ്തു. 

English Summary:

SilverLine Project Future Uncertain: SilverLine project's future remains uncertain as the Kerala government awaits central approval for an alternative plan. The decision hinges on the Railway Ministry's acceptance, leaving the project's fate and associated land acquisition issues unresolved.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com