പി.സി. ചാക്കോയുടെ രാജി സ്വീകരിക്കരുതെന്ന് 10 ജില്ലാ പ്രസിഡന്റുമാർ; ശരദ് പവാറിനു കത്തയച്ചു

Mail This Article
കൊച്ചി ∙ എൻസിപി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയുടെ രാജി സ്വീകരിക്കരുതെന്നാവശ്യപ്പെട്ടു 10 ജില്ലാ പ്രസിഡന്റുമാർ ദേശീയ പ്രസിഡന്റ് ശരത് പവാറിനു കത്തയച്ചു. രാജി അംഗീകരിക്കുകയും പുതിയ പ്രസിഡന്റിനെ നിയമിക്കുകയും ചെയ്താൽ അതിനു മുൻപു 14 ജില്ലാ പ്രസിഡന്റുമാരുടെയും അഭിപ്രായം തേടണമെന്നും കത്തിൽ ആവശ്യപ്പെട്ടു. പാർട്ടിയിൽ വിഭാഗീയത സൃഷ്ടിക്കാൻ ഇറങ്ങിപ്പുറപ്പെട്ട ചില നേതാക്കളാണു പ്രശ്നങ്ങൾ വഷളാക്കി ഇവിടെവരെ എത്തിച്ചത്. ഇന്നത്തെ സാഹചര്യത്തിൽ പ്രസിഡന്റിന്റെ രാജി സ്വീകരിച്ചാൽ പാർട്ടി തകരും. രാജിക്ക് ഇടയായ സാഹചര്യം ദേശീയ നേതൃത്വം പരിശോധിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. പാർട്ടിയിൽ താഴേത്തട്ടിലുള്ള നേതാക്കൾക്കും പ്രവർത്തകർക്കും അംഗീകാരം ലഭിക്കുന്ന ത്രിതല പഞ്ചായത്തു തിരഞ്ഞെടുപ്പുകൾ വരാനിരിക്കെയാണ് അപ്രതീക്ഷിത രാജി. തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ചാക്കോയുടെ നേതൃത്വത്തിൽ പാർട്ടിയിൽ നടന്നുവരികയായിരുന്നുവെന്നും കത്തിൽ പറയുന്നു.