റാഗിങ്: ഒന്നുമറിയാതെ ഹൗസ് കീപ്പർ; നോക്കാനാളില്ലാതെ സിസി ടിവി

Mail This Article
കോട്ടയം ∙ റാഗിങ് തടയുന്നതിൽ കോട്ടയം ഗവ. നഴ്സിങ് കോളജ് അധികൃതർക്കു സംഭവിച്ചത് വൻ വീഴ്ച. ആന്റി റാഗിങ് കമ്മിറ്റി യോഗം മാസം തോറും കൂടണമെന്നാണ് നിയമം. 2024 ഒക്ടോബർ 15നു ശേഷം കമ്മിറ്റി കൂടിയത് ഈ മാസം 11നാണ്. അതും ക്രൂരമായ റാഗിങ് നടന്ന വിവരം പുറത്തുവന്നതിനു ശേഷം. മൂന്നു മാസം കൂടുമ്പോൾ കമ്മിറ്റി കൂടിയെന്നാണു കോളജ് പ്രിൻസിപ്പൽ പൊലീസിനോടു പറഞ്ഞത്.
കമ്മിറ്റിയിലെ അംഗങ്ങളായ മാധ്യമപ്രവർത്തകനെയും പൊതുപ്രവർത്തകയെയും യോഗങ്ങളിൽ പങ്കെടുപ്പിച്ചിരുന്നില്ല. ഇവരുടെ ഫോൺ നമ്പർ ഇല്ലെന്നായിരുന്നു പറഞ്ഞ ന്യായം. കോളജിന്റെ രേഖകളിൽ ഇവരുടെ മൊബൈൽ ഫോൺ നമ്പർ ഉണ്ട്. റാഗിങ് നടന്ന ബോയ്സ് ഹോസ്റ്റലിന്റെ വാർഡൻ പ്രിൻസിപ്പലാണ്. കോളജിലെ അധ്യാപകന് അസിസ്റ്റന്റ് വാർഡന്റെ ചുമതല നൽകിയിരുന്നെങ്കിലും അദ്ദേഹം ഹോസ്റ്റലിൽ താമസിച്ചിരുന്നില്ല. സെക്യൂരിറ്റി കം ഹൗസ് കീപ്പർ മാത്രമാണ് രാത്രി താമസിച്ചിരുന്നത്.
താഴത്തെ നിലയിൽ താമസിക്കുന്ന ഒന്നാം വർഷ വിദ്യാർഥികളെ സീനിയേഴ്സ് മുകളിലേക്കു വിളിച്ചുവരുത്തി റാഗ് ചെയ്തത് വിവരം താഴത്തെ നിലയിൽ താമസിക്കുന്ന ഹൗസ് കീപ്പർ അറിഞ്ഞില്ല. മുകൾനിലയിൽ ഉച്ചത്തിൽ പാട്ടു വയ്ക്കുകയും പാട്ടുപാടുകയും പീഡനത്തിരയായ വിദ്യാർഥികൾ അലറിവിളിക്കുകയും ചെയ്തിരുന്നു.
ഒരു ശബ്ദവും കേട്ടില്ലെന്നാണ് ഹൗസ് കീപ്പറുടെ മൊഴി. ഹൗസ് കീപ്പറോട് വിശദീകരണം ചോദിക്കാനോ നടപടിയെടുക്കാനോ കോളജ് അധികൃതർ തയാറായിട്ടില്ല. സിസി ടിവി ഉണ്ടെങ്കിലും ദൃശ്യങ്ങൾ ആരും പരിശോധിക്കാറില്ല. രാത്രി 9 വരെയാണ് ഹോസ്റ്റലിൽ വിദ്യാർഥികൾക്കു പ്രവേശനം. ഒൻപതിനു ശേഷവും ഹോസ്റ്റലിൽ സീനിയർ വിദ്യാർഥികൾ വന്നിരുന്നുവെന്നാണു പൊലീസിനു ലഭിക്കുന്ന സൂചന. റാഗിങ് കേസിൽ പ്രിൻസിപ്പൽ ഡോ.എ.ടി. സുലേഖയെയും വാർഡിന്റെ ചുമതലയുള്ള അസി.പ്രഫ. അജീഷ് പി. മാണിയെയും കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു.