ADVERTISEMENT

കൊല്ലം∙ ഡോ.വന്ദനാദാസിനെ ആക്രമിക്കുന്നതു കണ്ടതായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ വനിതാ ജീവനക്കാർ കോടതിയിൽ മൊഴി നൽകി. സംഭവ സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങളും ആക്രമിക്കാൻ ഉപയോഗിച്ച ആയുധവും സാക്ഷികൾ തിരിച്ചറിഞ്ഞു. ആശുപത്രി ജീവനക്കാരായ മിനിമോൾ, പ്രദീപ, രമ്യ എന്നിവരാണ് കൊല്ലം ഒന്നാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി പി.എൻ.വിനോദ് മുമ്പാകെ മൊഴി നൽകിയത്. ഇവരുടെ ചീഫ് സാക്ഷി വിസ്താരം പൂർത്തിയായി.

സംഭവദിവസം കൊട്ടാരക്കര ഗവ.ആശുപത്രിയിൽ താൻ ജോലി ചെയ്തുകൊണ്ടിരുന്ന സമയം പ്രതി ഒബ്സർവേഷൻ മുറിയുടെ മുന്നിൽ ഡോ.വന്ദനയെ തലയ്ക്കും കഴുത്തിനും കുത്തി പരിക്കേൽപിക്കുന്നത് കണ്ടതായി ആശുപത്രി ജീവനക്കാരിയായ മിനിമോൾ മൊഴി നൽകി. വന്ദനയുടെ നിലവിളി കേട്ട് ഓടിയെത്തിയ അത്യാഹിത വിഭാഗം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോ.ഷിബിന് വന്ദനയെ പ്രതി ആക്രമിക്കുന്ന സ്ഥലം ചൂണ്ടിക്കാണിച്ചു കൊടുത്തതു താനാണെന്നും സാക്ഷി മൊഴി നൽകി. പ്രതിയെയും വന്ദനയെ ആക്രമിക്കാൻ ഉപയോഗിച്ച കത്രികയും പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങളും സാക്ഷി തിരിച്ചറിഞ്ഞു.

പൂയപ്പള്ളി പൊലീസ് പ്രതിയെ ആശുപത്രിയിൽ എത്തിച്ച സമയം അത്യാഹിത വിഭാഗം ഓഫിസ് കൗണ്ടറിൽ ജോലി നോക്കിയിരുന്ന പ്രദീപയെയും വിസ്തരിച്ചു. ഒപി കൗണ്ടറിൽ പ്രതി സന്ദീപ് എന്ന പേരും മേൽവിലാസവും പറഞ്ഞിരുന്നു. ഒപി കൗണ്ടറിന്റെ മുൻവശത്ത് പ്രതി ഒരു പൊലീസ് ഉദ്യോഗസ്ഥനെ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുന്നതും പരുക്കേറ്റ വന്ദനയെ ഡോ. ഷിബിൻ പുറത്തേക്കു താങ്ങി കൊണ്ടുപോകുന്നതും കണ്ടു. പ്രതി ഒപി കൗണ്ടറിന്റെ ഗ്രിൽ അടിച്ചു തുറക്കാൻ ശ്രമിച്ചു എന്നും സാക്ഷി കോടതി മുൻപാകെ മൊഴി നൽകി. പ്രതിയെയും പ്രതിക്ക് താൻ നൽകിയ ഒപി ടിക്കറ്റും സാക്ഷി കോടതി മുൻപാകെ തിരിച്ചറിഞ്ഞു.

സംഭവദിവസം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ആയിരുന്ന രമ്യയെയും വിസ്തരിച്ചു. പ്രതി ആക്രമണത്തിന് ഉപയോഗിച്ച കത്രിക ആശുപത്രിയിലെ ആവശ്യത്തിനായി ഡ്രസിങ് മുറിയിൽ സൂക്ഷിച്ചിരുന്നതാണെന്നു തിരിച്ചറിഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരെ പ്രതി കൊലപ്പെടുത്താൻ ശ്രമിക്കുന്നതു കണ്ടിരുന്നതായും കോടതിയിൽ മൊഴി നൽകി. കേസിലെ തുടർസാക്ഷി വിസ്താരം ബുധനാഴ്ച നടക്കും.

പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ പ്രതാപ് ജി.പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശിൽപ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരും പ്രതിക്കുവേണ്ടി അഡ്വ.ബി.എ.ആളൂരും മുൻ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. മനുവും  ഹാജരായി.

English Summary:

Dr. Vandana Das Murder: Witnesses identify accused's clothes and weapon

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com