വനംവകുപ്പ്: 3 ദിവസം ഓഫ് വ്യവസ്ഥ രഹസ്യമായി പിൻവലിച്ചു; ഉത്തരവ് പൂഴ്ത്തിവച്ചത് ഒന്നരമാസം

Mail This Article
കോഴിക്കോട് ∙ വനസംരക്ഷണ വിഭാഗം ജീവനക്കാർക്കായി വനം വകുപ്പ് നടപ്പാക്കിയ ‘6 ദിവസത്തെ ജോലിക്ക് 3 ദിവസം വിശ്രമം’ എന്ന വ്യവസ്ഥ രഹസ്യമായി പിൻവലിച്ചു. ഒന്നരവർഷം മുൻപു നടപ്പാക്കിയ പരിഷ്കാരം ഫലവത്താകുന്നില്ലെന്നും ക്രമപ്രകാരമല്ലെന്നും വിലയിരുത്തിയാണ് നിർത്തലാക്കാൻ അഡിഷനൽ ചീഫ് സെക്രട്ടറി ഉത്തരവിട്ടത്.
ആരോഗ്യവകുപ്പിലും മറ്റുമുള്ള നൈറ്റ് ഓഫ്, കോംപൻസേഷൻ ലീവ്് എന്നിവ നടപ്പാക്കുന്നതിനെക്കുറിച്ചു പഠിക്കാനും ശുപാർശയുണ്ട്. കഴിഞ്ഞ ജനുവരി ഒന്നിന് ഉത്തരവിറങ്ങിയെങ്കിലും മനുഷ്യ–വന്യജീവി സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ജീവനക്കാരുടെ പ്രതിഷേധം ഭയന്നു രഹസ്യമാക്കി വയ്ക്കുകയായിരുന്നു എന്നാണു സൂചന.
പരിഷ്കാരം റദ്ദാക്കി ഒന്നര മാസം മുൻപ് ഇറക്കിയ ഉത്തരവ് നിലനിൽക്കെ കഴിഞ്ഞയാഴ്ച വരെ ജീവനക്കാർക്കു 3 ദിവസം ഓഫ് അനുവദിച്ചിട്ടുണ്ട്. ഉൾവനത്തിൽ തുടർച്ചയായി ജോലി ചെയ്യുന്നവർക്കു വേണ്ടത്ര വിശ്രമം ലഭ്യമാക്കണമെന്ന ആവശ്യം അംഗീകരിച്ചാണു പരിഷ്കാരം കൊണ്ടുവന്നത്. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ സംവിധാനത്തിന്റെ ഗുണദോഷങ്ങൾ പഠിക്കാൻ ഡിവിഷൻ മേധാവികളോടു നിർദേശിച്ചിരുന്നു.
മറ്റു വകുപ്പുകളിലെ ജോലിസാഹചര്യമല്ല വനം ഫീൽഡ് ജീവനക്കാരുടേതെന്നു സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ഉൾവനത്തിൽ വാഹനസൗകര്യമോ ആശയവിനിമയ സംവിധാനമോ ഇല്ലാതെയാണ് 6 ദിവസത്തോളം തുടർച്ചയായി ജോലി ചെയ്യുന്നത്. ജോലി കഴിഞ്ഞാൽ ഒരു ദിവസത്തിലധികം എടുത്താണ് പലരും വീട്ടിൽ എത്തുന്നത്. ഇങ്ങനെ ജോലി ചെയ്യുന്നവർക്കു വേണ്ടത്ര വിശ്രമം അനുവദിക്കാത്തതു മനുഷ്യാവകാശലംഘനമാണെന്നു സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.