ലഹരിമാഫിയ നിലവിലെ യാഥാർഥ്യം: മുഖ്യമന്ത്രി

Mail This Article
കോഴിക്കോട്∙ ലഹരിമരുന്നു മാഫിയ സമൂഹത്തിൽ പിടിമുറുക്കുന്നുവെന്നത് നിലവിലെ യാഥാർഥ്യമാണെന്നും അടുത്ത അധ്യയന വർഷത്തിന്റെ തുടക്കംമുതൽ പൊതുവിദ്യാഭ്യാസ മേഖലയിൽ ലഹരിമാഫിയയ്ക്കെതിരെ വലിയ ക്യാംപെയ്ൻ തുടങ്ങുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെഎസ്ടിഎ) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിലവിൽ മാഫിയയെന്നു വിളിക്കപ്പെടുന്നവരല്ല, ലഹരിമാഫിയയാണ് യഥാർഥ മാഫിയയെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകരാജ്യങ്ങളിലെ ഭരണകൂടങ്ങളെ വരെ താഴെയിറക്കാൻ ശേഷിയുള്ള ഈ മാഫിയയുടെ കണ്ണികളായാണ് പലരും പ്രവർത്തിക്കുന്നത്. അവർ കുഞ്ഞുങ്ങളെയാണ് ലക്ഷ്യമിടുന്നത്. ഒരുപാട് ഞെട്ടിപ്പിക്കുന്ന അനുഭവങ്ങളുടെ വാർത്തകൾ പുറത്തുവരുന്നുണ്ട്.
അധ്യാപകസമൂഹത്തിന്റെ ശ്രദ്ധയിലും ഇത്തരം അനുഭവങ്ങളുണ്ട്. കുട്ടികളെ ലഹരിവാഹകരാക്കാൻ പലതരത്തിൽ ശ്രമിക്കുന്നു. ലിംഗവ്യത്യാസമില്ലാതെ കുട്ടികൾ പെട്ടുപോവുകയാണ്. ഇത് സാമൂഹികവിപത്തായി മാറുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലഹരിവ്യാപനത്തെ അതീവഗൗരവമായി കാണണം. അധ്യാപകർ ശ്രദ്ധിച്ചും സൂക്ഷിച്ചും ഇടപെടണം.
ബഹളംവച്ച് കുട്ടികളുടെ അഭിമാനത്തിനു പോറലേൽപ്പിക്കരുത്. വീട്ടുകാർക്ക് ഈ പ്രശ്നത്തെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് അവബോധം കൊടുക്കണം. കുഞ്ഞുങ്ങളാരും നാളെയുടെ ലോകത്തിനു പറ്റാത്തവരായി മാറരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്കൂൾ പരിസരത്തേക്ക് ഇഷ്ടംപോലെ കടന്നുവരാമെന്ന അവസ്ഥ ഉണ്ടാക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.