പാതിവില തട്ടിപ്പ്: മന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് പണം വാങ്ങിയതായി പരാതി

Mail This Article
ചിറ്റൂർ (പാലക്കാട്) ∙ പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് പണം വാങ്ങിയത് മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ ഓഫിസ് കേന്ദ്രീകരിച്ചാണെന്ന പരാതിയുമായി വീട്ടമ്മമാർ. മന്ത്രിയുടെ പാർട്ടിയിലെ ഭാരവാഹികളും പഞ്ചായത്തംഗങ്ങളും ഉൾപ്പെടെയുള്ളവർ സർക്കാർ പദ്ധതിയാണെന്നു ധരിപ്പിച്ചാണു പണം വാങ്ങിയതെന്നും ഇവർ പറയുന്നു. നല്ലേപ്പിള്ളി, കൊഴിഞ്ഞാമ്പാറ, ചിറ്റൂർ, തത്തമംഗലം തുടങ്ങിയ പ്രദേശങ്ങളിലെ മുന്നൂറിലധികം വനിതകളാണു തട്ടിപ്പിന് ഇരകളായിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് നൂറോളം പരാതികളാണു ചിറ്റൂർ പൊലീസ് സ്റ്റേഷനിൽ ലഭിച്ചിരിക്കുന്നത്. ഇതിൽ അനന്തകൃഷ്ണൻ ഒന്നാംപ്രതിയും പ്രീതി രാജൻ രണ്ടാംപ്രതിയുമായി 5 കേസുകൾ എടുത്തിട്ടുണ്ട്. നല്ലേപ്പിള്ളി പഞ്ചായത്തിലെ ജനതാദൾ (എസ്) അംഗമായ പ്രീതി രാജനെതിരെയാണു കൂടുതൽ പരാതി.
‘മകൾക്കു വേണ്ടിയാണു സ്കൂട്ടർ വാങ്ങാൻ തീരുമാനിച്ചത്. സ്കൂട്ടർ ലഭിക്കാൻ 60,000 രൂപ അടയ്ക്കണമെന്നാണു പ്രീതി മെംബർ പറഞ്ഞത്. തുക ഗൂഗിൾ പേ ചെയ്താലും മതിയെന്നു പറഞ്ഞു. എന്നാൽ അത്തരം സംവിധാനങ്ങളൊന്നും ഇല്ലാത്തതിനാൽ മന്ത്രിയുടെ ഓഫിസിനു പിറകിലുള്ള പാർട്ടി ഓഫിസിൽ എത്തിയാണു മെംബറുടെ കയ്യിൽ പണം നൽകിയത്. അതിനു പുറമേ സ്കൂട്ടറിന്റെ ഇൻഷുറൻസിനായി 5,900 രൂപയും അംഗത്വ ഫീസായി 320 രൂപയും കൊടുത്തു’– കൊഴിഞ്ഞാമ്പാറ സ്വദേശിനിയായ വീട്ടമ്മ പറഞ്ഞു. പണം നൽകാൻ പോയപ്പോൾ മന്ത്രി അവിടെ ഉണ്ടായിരുന്നതായും അടുത്ത മുറിയിലെത്തിയാണു പണം കൈമാറിയതെന്നും പരാതിക്കാരിൽ ചിലർ പറഞ്ഞു. പണമിടപാട് നടന്നതു മന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചായതിനാലാണു കൂടുതൽ വിശ്വാസം തോന്നിയതെന്നും വീട്ടമ്മമാർ പറയുന്നു.
അതേസമയം, പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് തന്റെ ഓഫിസ് ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങൾ ഉയർന്നപ്പോൾ തന്നെ പൊലീസിൽ പരാതി നൽകാനുള്ള ഇടപെടലുകൾ നടത്തിയിരുന്നു. അതിന്റെ ഭാഗമായി എസ്പിക്കും ഡിവൈഎസ്പിക്കും ദിവസങ്ങൾക്കു മുൻപുതന്നെ പരാതി നൽകിയിട്ടുണ്ട്. ഓഫിസിലെ ആരെങ്കിലും തട്ടിപ്പിൽ ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ അവരെ പുറത്താക്കും. പാർട്ടി നേതാക്കൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും മുഖംനോക്കാതെ നടപടിയെടുക്കും. പരാതിക്കാർ പറഞ്ഞതു സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നും മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു.