എസ്എഫ്ഐ സംസ്ഥാന സമ്മേളനം ഇന്നുമുതൽ; നാളെ പൊതുസമ്മേളനം, ഉദ്ഘാടനം മുഖ്യമന്ത്രി

Mail This Article
തിരുവനന്തപുരം∙ എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന് ഇന്നു തുടക്കമാകും. സീതാറാം യച്ചൂരി, കോടിയേരി ബാലകൃഷ്ണൻ എന്നിവരുടെ പേരിൽ സജ്ജീകരിച്ച സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്നു വൈകിട്ട് ആറിനു സംഘാടക സമിതി ചെയർമാൻ എം.വിജയകുമാർ പതാക ഉയർത്തും. വിദ്യാർഥി റാലിക്കു ശേഷം നാളെ 11നു പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ അധ്യക്ഷയാകും.
ഇടുക്കി എൻജിനീയറിങ് കോളജിൽ കൊല്ലപ്പെട്ട ധീരജിന്റെ പേരിൽ സജ്ജീകരിച്ച എകെജി ഹാളിൽ പ്രതിനിധി സമ്മേളനം ഇന്ത്യയിലെ ക്യൂബൻ സ്ഥാനപതി ജുവാൻ കാർലോസ് മാർസൻ അഗ്യുലേര ഉദ്ഘാടനം ചെയ്യും. ക്യൂബൻ മിഷൻ ഉപമേധാവി ആബെൽ അബല്ലെ ഡെസ്പൈ മുഖ്യാതിഥിയാകും. 503 പ്രതിനിധികളും 71 സംസ്ഥാന സമിതിയംഗങ്ങളും പങ്കെടുക്കും. 20നു മുൻകാല ഭാരവാഹികളുടെ സംഗമം നടക്കും. 21നു പുതിയ സംസ്ഥാന സമിതിയെയും ഭാരവാഹികളെയും തിരഞ്ഞെടുക്കും.
പൈനാവ് എൻജിനീയറിങ് കോളജിലെ ധീരജ് സ്മൃതി മണ്ഡപത്തിൽ ആരംഭിച്ച പതാക ജാഥ കെ.അനുശ്രീയും എറണാകുളം മഹാരാജാസ് കോളജിലെ അഭിമന്യു സ്മൃതിമണ്ഡപത്തിൽ ആരംഭിച്ച ദീപശിഖാ ജാഥ ദേശീയ ജോയിന്റ് സെക്രട്ടറി ആദർശ് എം.സജിയും ഉദ്ഘാടനം ചെയ്തു. കൊടിമരജാഥ പാറശാലയിലെ സജിൻ ഷാഹുൽ സ്മൃതി കുടീരത്തിൽ ഇന്നു രാവിലെ ദേശീയ പ്രസിഡന്റ് വി.പി.സാനു ഉദ്ഘാടനം ചെയ്യും. മൂന്നു ജാഥകളും ഇന്നു നഗരത്തിൽ സംഗമിച്ചു പൊതുസമ്മേളന വേദിയിലെത്തുമെന്ന് എം.വിജയകുമാർ, കെ.അനുശ്രീ, സംഘാടക സമിതി കൺവീനർ എസ്.കെ.ആദർശ്, ജില്ലാ പ്രസിഡന്റ് എം.എ.നന്ദൻ എന്നിവർ അറിയിച്ചു. നിലവിലെ പ്രസിഡന്റ് അനുശ്രീയും സെക്രട്ടറി ആർഷോയും ഈ സമ്മേളനത്തിൽ ഭാരവാഹിത്വത്തിൽനിന്ന് ഒഴിവാകും. ഇരുവരെയും സിപിഎം ജില്ലാ കമ്മിറ്റികളിൽ ഉൾപ്പെടുത്തിയിരുന്നു.