പെരിയ ഇരട്ടക്കൊലക്കേസ് : പ്രതികളുടെ പരോൾ അപേക്ഷ നിയമാനുസൃതമെന്ന് ജയിൽ സൂപ്രണ്ട്

Mail This Article
കണ്ണൂർ ∙ കാസർകോട് പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട എട്ടാംപ്രതി പാക്കം വെളുത്തോളിയിലെ എ.സുബീഷ്, 15ാം പ്രതി കല്യോട്ടെ സുരേന്ദ്രൻ എന്നിവരുടെ പരോളിനുള്ള അപേക്ഷ സ്വീകരിച്ചത് നിയമപ്രകാരമെന്ന് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് കെ.വേണു. രണ്ടുവർഷം തടവുശിക്ഷ പൂർത്തിയാക്കിയവർക്ക് പരോളിന് അർഹതയുണ്ട്. വിചാരണക്കാലയളവുകൂടി പരിഗണിക്കുമ്പോൾ ഇവർ രണ്ടു വർഷത്തിലധികമായി ജയിലിലാണ്.
2019 ഫെബ്രുവരി 17ന് ആണ് ഇരട്ടക്കൊലപാതകം നടന്നത്. കേസിൽ സിപിഎം പ്രവർത്തകരും അനുഭാവികളുമായ 10 പ്രതികൾക്കു ജീവപര്യന്തം തടവുശിക്ഷയും 2 ലക്ഷം രൂപവീതം പിഴയുമാണ് സിബിഐ പ്രത്യേക കോടതി വിധിച്ചത്. സിപിഎം മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ എന്നിവർ ഉൾപ്പെടെ നാലു പ്രതികൾക്ക് അഞ്ചുകൊല്ലം തടവാണു ശിക്ഷ. ഒന്നു മുതൽ എട്ടുവരെ പ്രതികളും പത്താം പ്രതിയും അഞ്ചു വർഷമായി ജയിലിലാണ്. 15–ാം പ്രതി സുരേന്ദ്രൻ മൂന്നു വർഷമായി ജയിലിലാണ്.
സിപിഎം–ബിജെപി കൂട്ടുകെട്ട് തകർത്ത് ഭരണത്തിലെത്തും: ഡി.കെ.ശിവകുമാർ
പെരിയ (കാസർകോട്) ∙ സിപിഎം–ബിജെപി അവിശുദ്ധ കൂട്ടുകെട്ട് തകർത്ത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് കർണാടക ഉപമുഖ്യമന്ത്രിയും പിസിസി പ്രസിഡന്റുമായ ഡി.കെ.ശിവകുമാർ പറഞ്ഞു. കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത്‌ലാലിന്റെയും ആറാം രക്തസാക്ഷിത്വ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൃപേഷിന്റെയും ശരത്‌ലാലിന്റെയും ജീവത്യാഗം കോൺഗ്രസിന്റെ മുന്നോട്ടുള്ള പ്രയാണത്തിനു കരുത്തു പകരുമെന്നും അദ്ദേഹം ശിവകുമാർ പറഞ്ഞു. സംഘാടക സമിതി ചെയർമാൻ രാജ്മോഹൻ ഉണ്ണിത്താൻ അധ്യക്ഷത വഹിച്ചു. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, കർണാടക പിസിസി വർക്കിങ് പ്രസിഡന്റ് മഞ്ജുനാഥ ഭണ്ഡാരി, ഷാഫി പറമ്പിൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, സോണി സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
സ്മാരകത്തിന് 25 ലക്ഷം
കൃപേഷിന്റെയും ശരത് ലാലിന്റെയും സ്മരണ നിലനിർത്താൻ കല്യോട്ട് സാംസ്കാരികകേന്ദ്രം നിർമിക്കുന്നതിന് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി 25 ലക്ഷം രൂപ നൽകുമെന്ന് ഡി.കെ.ശിവകുമാർ അറിയിച്ചു.