പെരിയ ഇരട്ടക്കൊല: വിധി വന്ന് ഒന്നരമാസം തികയും മുൻപേ 2 പ്രതികൾക്ക് പരോൾ നൽകാൻ നീക്കം

Mail This Article
പെരിയ (കാസർകോട്) ∙ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കല്യോട്ടെ കൃപേഷിന്റെയും ശരത്‌ലാലിന്റെയും കൊലപാതകക്കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന സിപിഎം പ്രവർത്തകരായ രണ്ടു പ്രതികൾക്ക് വിധി വന്ന് ഒന്നര മാസം തികയുംമുൻപേ പരോൾ അനുവദിക്കാൻ നീക്കം. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത എട്ടാം പ്രതി പാക്കം വെളുത്തോളിയിലെ എ.സുബീഷ് (മണി–37), 15–ാം പ്രതി കല്യോട്ടെ സുരേന്ദ്രൻ (വിഷ്ണു സുര–51) എന്നിവരുടെ പരോളിനുള്ള അപേക്ഷയിൽ ജയിൽ അധികൃതർ പൊലീസിന്റെ റിപ്പോർട്ട് തേടി.
ഈ വർഷം ജനുവരി മൂന്നിനാണ് കൊച്ചി സിബിഐ കോടതി കേസിലെ 14 പ്രതികൾക്കു ശിക്ഷ വിധിച്ചത്. ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിക്ക് മനുഷ്യാവകാശ കമ്മിഷന്റെ നിർദേശം മറയാക്കി പരോൾ അനുവദിച്ചതു വിവാദമായതിനു പിന്നാലെയാണ് ഈ നീക്കം. സുബീഷിനെ ആദ്യം കേസന്വേഷിച്ച ക്രൈംബ്രാഞ്ചും സുരേന്ദ്രനെ സിബിഐയുമാണ് അറസ്റ്റ് ചെയ്തത്. ഇരുവരും അറസ്റ്റിലായതു മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. ജീവപര്യന്തം തടവിനു പുറമേ ഇരുവരെയും ഒരു ലക്ഷം രൂപ വീതം പിഴയടയ്ക്കാനും ശിക്ഷിച്ചിരുന്നു.