ശബരിമല അതോറിറ്റി: ആദ്യ ലക്ഷ്യം മാസ്റ്റർപ്ലാൻ പൂർത്തീകരണം

Mail This Article
തിരുവനന്തപുരം ∙ ശബരിമല മാസ്റ്റർപ്ലാൻ പ്രകാരം 2030 വരെയായി 10 പദ്ധതികളുടെ പൂർത്തീകരണമാകും പുതുതായി രൂപം കൊള്ളുന്ന ശബരിമല വികസന അതോറിറ്റിയുടെ ആദ്യഘട്ട ലക്ഷ്യങ്ങൾ. പമ്പ ഗണപതിക്ഷേത്രം മുതൽ പമ്പ ഹിൽടോപ് വരെ നദിക്കു കുറുകെ പാലം, നിലയ്ക്കൽ കോർ ഏരിയ വികസനം, കുന്നാർ– സന്നിധാനം ശുദ്ധജല പൈപ്‌ലൈൻ, നിലയ്ക്കൽ ഇടത്താവള റോഡ്– പാലം നിർമാണം, സന്നിധാനത്തെ തീർഥാടന സൗകര്യകേന്ദ്രം, തന്ത്രിമഠം, പ്രസാദ നിർമാണ-വിതരണ സമുച്ചയം, അഗ്നിരക്ഷാ സംവിധാനം, തീർഥാടക നിർഗമന പാലം, നിലയ്ക്കലിലെ ജലസ്രോതസ്സുകളുടെ നവീകരണം എന്നിവയാണു പദ്ധതികൾ. വിശദ പദ്ധതിരേഖ വൈകാതെ പൂർത്തിയാക്കും.
റോപ്‌വേയുടെ നിർമാണവും നടത്തിപ്പു ചുമതലയും ‘എയ്റ്റീൻത് സ്റ്റെപ് ദാമോദർ കേബിൾ കാർ ലിമിറ്റഡ്’ എന്ന കമ്പനിക്കു കൈമാറിയിട്ടുണ്ട്. ശബരിമല, പമ്പ, പരമ്പരാഗത പാത, നിലയ്ക്കൽ എന്നിവയുടെ സമഗ്ര വികസനമാണ് 2033 വരെയുള്ള പദ്ധതികളുടെ രണ്ടാംഘട്ടം. ആദ്യ ഘട്ടത്തിന് 600.47 കോടി രൂപയും രണ്ടാം ഘട്ടത്തിന് 100.02 കോടി രൂപയും 2039 വരെയുള്ള മൂന്നാം ഘട്ടത്തിന് 77.68 കോടി രൂപയും ഉൾപ്പെടെ ആകെ 778.17 കോടി രൂപയാണ് ലേഔട്ട് പ്ലാൻ പ്രകാരം ചെലവ് കണക്കാക്കിയിരിക്കുന്നത്. മാസ്റ്റർപ്ലാൻ പ്രവൃത്തികൾ ആരംഭിച്ച 2011 മുതൽ ഇതുവരെ 148.5 കോടിയോളം രൂപ വിവിധ പദ്ധതികൾക്കായി ചെലവഴിച്ചു.
പൈതൃക ശൈലിയിൽ നിർമാണം
പരമ്പരാഗത വാസ്തുശൈലിയിലാകും നിർമാണ ജോലികൾ. തീർഥാടകർക്ക് സന്നിധാനത്തേക്കു പ്രവേശിക്കുന്നതിനും തിരിച്ച് ഇറങ്ങുന്നതിനും പ്രത്യേക സർക്കുലേഷൻ റൂട്ട് ഉണ്ടാകും. മകരവിളക്ക് സുഗമമായി വീക്ഷിക്കാനും തിരക്ക് നിയന്ത്രിക്കാനുമായി 2 ഓപ്പൺ പ്ലാസകൾ നിർമിക്കും. യാത്രാപ്രശ്നങ്ങളൊഴിവാക്കാൻ പെരിഫെറൽ റിങ് റോഡ് നിർമിക്കും. . കാനനപാതയിൽ എമർജൻസി റൂട്ടുമുണ്ടാകും.