ആശ്വാസ പദ്ധതികൾ മുടങ്ങി; വഴിയടഞ്ഞപ്പോൾ ജീവൻ വെടിഞ്ഞവർ 23

Mail This Article
ആലപ്പുഴ∙ സംസ്ഥാനത്തു ബൗദ്ധിക, മാനസിക വെല്ലുവിളി നേരിടുന്ന 11 പേർ 2022 ജനുവരിക്കു ശേഷം മാതാപിതാക്കളാൽ കൊല്ലപ്പെട്ടു. മിക്ക സംഭവങ്ങളിലും അതിനു ശേഷം മാതാപിതാക്കൾ ജീവനൊടുക്കി. അതു കൂടിയാകുമ്പോൾ ആകെ മരണം 23. ബൗദ്ധിക, മാനസിക വെല്ലുവിളി നേരിടുന്നവർക്കും അവരെ പരിചരിക്കുന്നവർക്കും താങ്ങും തണലുമാകേണ്ട സർക്കാർ സംവിധാനങ്ങളുടെയും പദ്ധതികളുടെയും പോരായ്മകളിലേക്കാണ് ഈ കണക്കു വിരൽ ചൂണ്ടുന്നത്.
2022ൽ ആലപ്പുഴ താമരക്കുളത്തു ഭിന്നശേഷിക്കാരായ സഹോദരിമാരും മാതാവും മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി മരിച്ചിരുന്നു. ഭിന്നശേഷിക്കാരനായ ഏക മകനെ ചേർത്തു നിർത്തി മാതാപിതാക്കൾ തീകൊളുത്തി മരിച്ചത് അമ്പലപ്പുഴയിലാണ്. 2024ൽ തൃശൂരിൽ ഭിന്നശേഷിക്കാരനായ മകനെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ജീവനൊടുക്കി. തിരുവനന്തപുരം ചിറയൻകീഴിൽ എട്ടുവയസ്സുകാരിയായ ഭിന്നശേഷിക്കാരിയെ അമ്മ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി.
മക്കളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്ക, ചികിത്സ ഉൾപ്പെടെ ചെലവുകൾക്കു നിവൃത്തിയില്ലാത്ത അവസ്ഥ – കൊലപാതകത്തിലേക്കു നയിച്ചത് ഇത്തരം പ്രതിസന്ധികളായിരുന്നു. നിർഭാഗ്യകരമായ ഇത്തരം സംഭവങ്ങളുടെ കാര്യകാരണ സഹിതമുള്ള വിശദമായ കണക്ക് സർക്കാരിന്റെ പക്കലില്ല. ബൗദ്ധിക, മാനസിക വെല്ലുവിളി നേരിടുന്നവരുടെ രക്ഷിതാക്കളുടെ സംഘടനയായ സേവ് ദ് ഫാമിലിയുടെ പ്രസിഡന്റ് കെ.മുജീബ് പത്രവാർത്തകൾ അടിസ്ഥാനമാക്കിയാണ് ഈ കണക്ക് തയാറാക്കിയത്.
സർക്കാർ പദ്ധതികളും അവയുടെ സ്ഥിതിയും
∙ ക്ഷേമപെൻഷൻ – ഭിന്നശേഷിക്കാർക്കു മാസം 1600 രൂപ വീതം നൽകുന്ന പദ്ധതി. 4 മാസത്തെ പെൻഷൻ കുടിശിക.
∙ ആശ്വാസ കിരണം – ബൗദ്ധിക, മാനസിക വെല്ലുവിളി നേരിടുന്നവരെ പരിചരിക്കുന്നവർക്കു മാസം 600 രൂപ വീതം നൽകുന്ന പദ്ധതി. 19 മാസമായി കുടിശിക.
∙ നിരാമയ ഇൻഷുറൻസ് – കേന്ദ്ര സർക്കാരിന്റെ നാഷനൽ ട്രസ്റ്റ് വഴി ഭിന്നശേഷിക്കാർക്കു വർഷത്തിൽ ഒരു ലക്ഷം രൂപ വരെ ചികിത്സയ്ക്കു നൽകുന്ന ഇൻഷുറൻസ് പരിരക്ഷ. പദ്ധതിയുടെ തുടക്കത്തിൽ പ്രീമിയം തുക കേന്ദ്രവും സംസ്ഥാനവും ചേർന്നു നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം മുതൽ സംസ്ഥാന വിഹിതം നൽകുന്നില്ല. ഇൻഷുറൻസിൽ ചേരാൻ നിലവിൽ ബിപിഎൽകാർക്ക് 300 രൂപയും എപിഎൽകാർക്ക് 550 രൂപയുമാണു പ്രീമിയം തുക. കിടത്തിച്ചികിത്സയുടെ ആനുകൂല്യത്തിനു ബിൽ നൽകി മാസങ്ങൾ കാത്തിരിക്കേണ്ടതായും പരാതിയുണ്ട്.
∙ ഭിന്നശേഷി വിദ്യാർഥികൾക്കുള്ള ധനസഹായം – യാത്രാബത്ത ഉൾപ്പെടെ വർഷം 28,500 രൂപ. ഓരോ വിഭാഗം ചെലവിന്റെയും വൗച്ചറുകൾ സമർപ്പിച്ചാലേ പണം ലഭിക്കൂ.
മാതാപിതാക്കളുടെ ആവശ്യങ്ങൾ
∙ ബൗദ്ധിക, മാനസിക വെല്ലുവിളി നേരിടുന്നവർക്കായി മുഴുവൻ സമയ പരിപാലന കേന്ദ്രം. നിലവിലുള്ള ബഡ്സ് സ്കൂളുകൾ പകൽ കുറച്ചു സമയം മാത്രമാണു പ്രവർത്തിക്കുന്നത്. അതിനാൽ മാതാപിതാക്കൾക്കു ജോലിക്കു പോകാനും മറ്റും ബുദ്ധിമുട്ടുണ്ട്.
∙ പ്രത്യേക വിഭാഗമായി കണക്കാക്കി മാസം 3000 രൂപ അലവൻസ്.
∙ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി വരുമാനം ഉറപ്പാക്കണം.
∙ സർക്കാർ ജോലിയിൽ ബൗദ്ധിക, മാനസിക വെല്ലുവിളി നേരിടുന്നവർക്കോ, മാതാപിതാക്കൾക്കോ സംവരണം.