ദുരന്ത പ്രതികരണ നിധി: 5 സംസ്ഥാനങ്ങൾക്ക് 1,555 കോടി; കേരളത്തിനില്ല

Mail This Article
ന്യൂഡൽഹി ∙ കഴിഞ്ഞ വർഷമുണ്ടായ പ്രളയം, ഉരുൾപൊട്ടൽ, ചുഴലിക്കാറ്റ് എന്നിവയുമായി ബന്ധപ്പെട്ട് ആന്ധ്രപ്രദേശ് അടക്കം 5 സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ദുരന്ത പ്രതികരണ നിധിയിൽ (എൻഡിആർഎഫ്) നിന്ന് 1,554.99 കോടി രൂപ അധികസഹായമായി അനുവദിച്ചു. ആന്ധ്രപ്രദേശ് (608.08 കോടി), നാഗാലാൻഡ് (170.99 കോടി), ഒഡീഷ (255.24 കോടി), തെലങ്കാന (231.75 കോടി), ത്രിപുര (288.93 കോടി) എന്നീ സംസ്ഥാനങ്ങൾക്കാണ് പണം അനുവദിച്ചിരിക്കുന്നത്. ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള ഉന്നതതലസമിതിയാണ് (എച്ച്എൽസി) ഇതിന് അംഗീകാരം നൽകിയത്.
-
Also Read
മദ്യനയം: അന്തിമ തീരുമാനം മാറ്റി
എന്നാൽ പ്രഖ്യാപിച്ച തുക മുഴുവൻ ലഭിക്കില്ല. അധികസഹായമായി അനുവദിക്കുന്ന തുകയിൽനിന്ന് സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിൽ (എസ്ഡിആർഎഫ്) അവശേഷിക്കുന്ന തുകയുടെ 50% കുറച്ചേ നൽകാവൂ എന്ന വ്യവസ്ഥയാണ് കാരണം. വയനാട് മുണ്ടക്കൈ–ചൂരൽമലയിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ നവംബറിൽ ഇതേ ഉന്നതതലസമിതി 153.47 കോടി രൂപയാണ് കേരളത്തിന് അനുവദിച്ചത്. എസ്ഡിആർഎഫിൽ 558 കോടി രൂപയാണുണ്ടായിരുന്നത്. ഇതിന്റെ 50 ശതമാനമായ 279 കോടി കേന്ദ്രം അനുവദിച്ച 153.47 കോടിയിൽനിന്നു വെട്ടിക്കുറച്ചതിനാൽ ഫലത്തിൽ ഒരു രൂപ പോലും ലഭിച്ചില്ല. ഇക്കുറി ഫണ്ട് അനുവദിച്ച ചില സംസ്ഥാനങ്ങൾക്കെങ്കിലും ഒന്നും ലഭിക്കണമെന്നില്ല. വയനാട്ടിലെ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് ഇനി കേരളം പ്രതീക്ഷയർപ്പിക്കുന്നത് 2,219 കോടി രൂപ ആവശ്യപ്പെട്ടുള്ള പിഡിഎൻഎ (പോസ്റ്റ് ഡിസാസ്റ്റർ നീഡ്സ് അസസ്മെന്റ്) അപേക്ഷയിന്മേലാണ്.