മദ്യനയം: അന്തിമ തീരുമാനം മാറ്റി

Mail This Article
തിരുവനന്തപുരം∙ കൂടുതൽ ചർച്ചയും വ്യക്തതയും വേണമെന്നു സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷികൾ ആവശ്യപ്പെട്ടതിനെത്തുടർന്ന് മദ്യനയത്തിൽ അന്തിമ തീരുമാനമെടുക്കുന്നത് മന്ത്രിസഭാ യോഗം മാറ്റിവച്ചു. പുതിയ കള്ളുഷാപ്പുകൾ അനുവദിക്കുന്നതു സംബന്ധിച്ചും ആരാധനാലയങ്ങൾ, വിദ്യാലയങ്ങൾ എന്നിവയിൽ നിന്നു ഷാപ്പുകൾക്കു നിശ്ചയിച്ചിരിക്കുന്ന ദൂരപരിധിയുടെ കാര്യത്തിലും വ്യക്തത വേണമെന്ന് സിപിഐ നിലപാടെടുത്തു. ദൂരപരിധി സംബന്ധിച്ച നിയന്ത്രണത്തിൽ ഇളവു വേണമെന്ന ട്രേഡ് യൂണിയനുകളുടെ ആവശ്യത്തിൽ ഉചിത തീരുമാനമെടുക്കേണ്ടതുണ്ടെന്ന് സിപിഐയും ജനതാദളും (എസ്) ചൂണ്ടിക്കാട്ടി.വിനോദസഞ്ചാര, വിവാഹസൽക്കാര സ്ഥലങ്ങളിൽ ഒന്നാം തീയതിയിലെ ഡ്രൈ ഡേ ഒഴിവാക്കുന്ന കാര്യത്തിലും വിശദ ചർച്ച വേണമെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി.
ആരാധനാലയങ്ങളിൽനിന്നും വിദ്യാലയങ്ങളിൽനിന്നും 400 മീറ്ററാണു കള്ളുഷാപ്പുകളുടെ ദൂരപരിധി. അതേസമയം, ബവ്കോ ഷോപ്പുകൾക്കും ബാറുകൾക്കും ഇത് 200 മീറ്ററാക്കി അബ്കാരി നിയമത്തിൽ ഇളവു നൽകിയിട്ടുണ്ട്. നിയമത്തിലെ നിയന്ത്രണങ്ങൾ മൂലം ആയിരത്തിലധികം ഷാപ്പുകൾ പൂട്ടിപ്പോയെന്നു ചൂണ്ടിക്കാട്ടി ട്രേഡ് യൂണിയനുകൾ രംഗത്തുവന്നിരുന്നു.കള്ളുഷാപ്പുകളുടെ ദൂരപരിധി നിയന്ത്രണം പൂർണമായി എടുത്തുകളയണമെന്ന് പുതിയ മദ്യനയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് എക്സൈസ് മന്ത്രി എം.ബി.രാജേഷ് വിളിച്ച യോഗത്തിൽ സിപിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസി ആവശ്യപ്പെട്ടിരുന്നു. പൂർണമായി എടുത്തുകളയണമെന്നല്ല, ഇളവു വേണമെന്നതാണ് സിഐടിയു ഉൾപ്പെടെയുള്ളവയുടെ നിലപാട്.