ചീഫ് സെക്രട്ടറിയെ കോടതിയലക്ഷ്യത്തിന് ശിക്ഷിക്കണമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി; ഐഎഎസ് തലപ്പത്ത് നിയമപ്പോര്

Mail This Article
തിരുവനന്തപുരം∙ കോടതിയലക്ഷ്യത്തിനു നടപടിയാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കെതിരെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ബി.അശോക് രംഗത്തിറങ്ങിയതോടെ, സംസ്ഥാനത്തെ ഭരണ സർവീസ് തലപ്പത്ത് അസാധാരണ നിയമപ്പോര്. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായ അശോക് നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ ഏപ്രിൽ 1നു മറുപടി നൽകാൻ ചീഫ് സെക്രട്ടറി ശാരദ മുരളീധരനു കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നോട്ടിസയച്ചു. പുതുതായി രൂപീകരിച്ച തദ്ദേശ ഭരണപരിഷ്കരണ കമ്മിഷൻ അധ്യക്ഷനായി നിയമിച്ചതു ചോദ്യംചെയ്ത് അശോക് തുടക്കമിട്ട നിയമപോരാട്ടമാണ് ചീഫ് സെക്രട്ടറിക്കെതിരായ ഏറ്റുമുട്ടലായി മാറിയിരിക്കുന്നത്. ചീഫ് സെക്രട്ടറി സമർപ്പിച്ച സത്യവാങ്മൂലത്തിൽ പിടിച്ചാണ് അശോകിന്റെ ഹർജി. ട്രൈബ്യൂണൽ മുൻപ് പുറപ്പെടുവിച്ച ഉത്തരവ് ലംഘിച്ചെന്നു കാട്ടി, ചീഫ് സെക്രട്ടറിയെ കോടതിയലക്ഷ്യത്തിനു ശിക്ഷിക്കണമെന്നാണു ഹർജിയിലെ ആവശ്യം.
ഭരണപരിഷ്കരണ കമ്മിഷന്റെ അധ്യക്ഷനാക്കിയതു വഴി അപ്രധാന തസ്തികയിൽ തന്നെ തളച്ചിടാനുള്ള നീക്കമാണു സർക്കാർ നടത്തുന്നതെന്നാണ് ഐഎഎസ് അസോസിയേഷന്റെ പ്രസിഡന്റ് കൂടിയായ അശോകിന്റെ നിലപാട്. നടപടിക്രമങ്ങൾ പാലിച്ചും മന്ത്രിസഭയുടെ തീരുമാനപ്രകാരവുമാണ് അശോകിനെ അധ്യക്ഷനാക്കിയതെന്നു കാട്ടി ചീഫ് സെക്രട്ടറി ട്രൈബ്യൂണലിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. കമ്മിഷൻ അധ്യക്ഷ പദവി പ്രിൻസിപ്പൽ സെക്രട്ടറിക്കു തുല്യമായ തസ്തികയാണെന്നും അറിയിച്ചു.
എന്നാൽ, കാർഷികോൽപാദന കമ്മിഷണറായി 2023 ഫെബ്രുവരി 7നു നിയമിച്ചതു സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയത് സൂചിപ്പിച്ചാണ് കോടതിയലക്ഷ്യവുമായി അശോക് ട്രൈബ്യൂണലിനെ സമീപിച്ചത്. കേഡർ തസ്തികയിൽ ചുരുങ്ങിയത് 2 വർഷത്തേക്കാണു നിയമനമെന്നും അതിനുമുൻപ് മാറ്റണമെങ്കിൽ സിവിൽ സർവീസസ് ബോർഡിന്റെ ശുപാർശ വേണമെന്നുമുള്ള ട്രൈബ്യൂണലിന്റെ മുൻ ഉത്തരവാണ് അദ്ദേഹം ആധാരമാക്കിയത്. കാർഷികോൽപാദന കമ്മിഷണറായി 2 വർഷം പൂർത്തിയാക്കുന്നത് ഈ മാസം 7നാണെന്നും എന്നാൽ, കഴിഞ്ഞ ജനുവരി 9ന് ഭരണപരിഷ്കരണ കമ്മിഷൻ അധ്യക്ഷനായി തന്നെ നിയമിച്ചുവെന്നും അശോക് ചൂണ്ടിക്കാട്ടി. സിവിൽ സർവീസസ് ബോർഡിന്റെ അനുമതിയില്ലാതെയുള്ള തസ്തികമാറ്റം സംബന്ധിച്ച് ഉത്തരവിറക്കിയ ചീഫ് സെക്രട്ടറിയുടെ നടപടി കോടതിയലക്ഷ്യമാണെന്നും വിശദീകരിക്കുന്നു.