‘ഐഎഎസിൽ പവർ ഗ്രൂപ്പ്, വ്യാപക ക്രമക്കേട്’: ഗുരുതര ആരോപണവുമായി ചീഫ് സെക്രട്ടറിക്ക് പ്രശാന്തിന്റെ കത്ത്

Mail This Article
തിരുവനന്തപുരം ∙ അഡീഷനൽ ചീഫ് സെക്രട്ടറി എ.ജയതിലകും വ്യവസായ വകുപ്പ് മുൻ സെക്രട്ടറി കെ.ഗോപാലകൃഷ്ണനും പട്ടികവിഭാഗ വകുപ്പിൽ സാമ്പത്തിക തിരിമറിയും ബെനാമി സ്ഥാപനങ്ങളും നടത്തിയെന്ന ഗുരുതര ആരോപണവുമായി സസ്പെൻഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥൻ എൻ.പ്രശാന്ത് രംഗത്ത്. സംസ്ഥാനത്തെ ഐഎഎസുകാർക്കിടയിൽ അനൗദ്യോഗിക പവർ ഗ്രൂപ്പുണ്ടെന്നും ഭരണസർവീസിലെ സമാന്തര സംവിധാനമായി ഇവർ പ്രവർത്തിക്കുകയാണെന്നും ചീഫ് സെക്രട്ടറി ശാരദ മുരളീധരന് അയച്ച കത്തിൽ പ്രശാന്ത് ആരോപിച്ചു.
-
Also Read
കടൽമണൽ ഖനനം യുഎൻ ഉടമ്പടിയുടെ ലംഘനം
തന്റെ സസ്പെൻഷനുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിക്കയച്ച 52 പേജുള്ള വിശദമറുപടിയിലാണ് ജയതിലകിനും ഗോപാലകൃഷ്ണനുമെതിരെ പ്രശാന്ത് ആഞ്ഞടിച്ചത്. തനിക്കെതിരെ വ്യാജരേഖ ചമയ്ക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്ത ഇരുവർക്കുമെതിരെ സർക്കാർ നടപടിയെടുക്കാത്തതിനാൽ നിയമപരമായി നീങ്ങുകയല്ലാതെ മറ്റു വഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ ഹർജി നൽകിയ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോകിനു പിന്നാലെ നിയമനടപടി സംബന്ധിച്ച് പ്രശാന്തും മുന്നറിയിപ്പ് നൽകിയതോടെ, സംസ്ഥാനത്തെ ഭരണസർവീസിലെ പോര് പാരമ്യത്തിലെത്തി.
പരസ്പരം സഹകരിച്ചും രാഷ്ട്രീയ സ്വാധീനമുപയോഗിച്ചും ഐഎഎസിലെ പവർ ഗ്രൂപ്പ് വ്യാപക ക്രമക്കേടുകൾ നടത്തുകയാണെന്നു പ്രശാന്ത് കത്തിൽ ആരോപിച്ചു. പട്ടികവിഭാഗ വകുപ്പിലെ ക്രമക്കേടുകൾ പുറത്തുകൊണ്ടുവരാതിരിക്കാനാണു ജയതിലകും ഗോപാലകൃഷ്ണനും തനിക്കെതിരെ പ്രവർത്തിച്ചത്. അക്കാര്യം സമൂഹമാധ്യമത്തിലൂടെ ഉന്നയിച്ച തനിക്കെതിരെ സർക്കാർ നടപടിയെടുത്തു. ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്ത ഇരുവർക്കുമെതിരെ തെളിവു സഹിതം പരാതി നൽകിയെങ്കിലും അനങ്ങിയില്ല. ജയതിലകിന്റെയും ഗോപാലകൃഷ്ണന്റെയും സ്വാർഥതാൽപര്യങ്ങൾക്കായി സർക്കാർ സംവിധാനത്തെ ദുരുപയോഗം ചെയ്തു. വകുപ്പുമായോ ജോലിയുമായോ ബന്ധപ്പെട്ടല്ല തനിക്കെതിരെ നടപടിയെടുത്തത്. സമൂഹമാധ്യമത്തിൽ കുറിപ്പിട്ടതിനു സസ്പെൻഡ് ചെയ്യപ്പെടുന്ന ആദ്യ ഐഎഎസ് ഉദ്യോഗസ്ഥനാണു താൻ. ഐഎഎസ് ഉദ്യോഗസ്ഥരായ രാജു നാരായണസ്വാമിയും ബിജു പ്രഭാകറും 2017ൽ മോശമായ രീതിയിൽ പരസ്യമായി ഏറ്റുമുട്ടിയിട്ടും നടപടിയുണ്ടായില്ല. ഇരുവരെയും സ്ഥലംമാറ്റുക മാത്രമാണ് അന്ന് ചെയ്തത്.
അഭിപ്രായവ്യത്യാസങ്ങൾ തുറന്നുപറയുന്നവരെ നിശ്ശബ്ദരാക്കാൻ ഐഎഎസ് എന്നത് ഫാൻ ക്ലബ്ബോ സംഘടനയോ കേഡർ പാർട്ടിയോ അല്ല. ശക്തരായ ഉദ്യോഗസ്ഥർക്കു വ്യക്തിവിരോധം തീർക്കാനുള്ള സ്വകാര്യ സംഘടനയായി അതിനെ മാറ്റുന്നത് സത്യസന്ധരായ ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുമെന്നും സുതാര്യതയും നീതിയും ഉറപ്പാക്കേണ്ട ഭരണസർവീസിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടുമെന്നും പ്രശാന്ത് കത്തിൽ ചൂണ്ടിക്കാട്ടി.