ഡൽഹിയിൽ 28ന് കേരള ചർച്ച; സംസ്ഥാന നേതാക്കളെ ഹൈക്കമാൻഡ് വിളിപ്പിച്ചു

Mail This Article
ന്യൂഡൽഹി ∙ തർക്കം മുറുകുന്നതിനിടെ കേരളത്തിലെ കോൺഗ്രസ് നേതാക്കളെ ഹൈക്കമാൻഡ് ഡൽഹിക്കു വിളിപ്പിച്ചു. 28ന് വൈകിട്ട് 4.30ന് സംസ്ഥാനത്തെ എംപിമാരും മുതിർന്ന നേതാക്കളും എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഒരുക്കം, സംഘടനയെ ശക്തിപ്പെടുത്തൽ തുടങ്ങിയവയുമായി ബന്ധപ്പെട്ടാണു യോഗമെന്നാണു വിവരം. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്കു പുറമേ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും യോഗത്തിൽ പങ്കെടുക്കും. ഈ വർഷം തദ്ദേശ തിരഞ്ഞെടുപ്പും അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കെ പഴുതടച്ച ഒരുക്കം സംഘടനാതലത്തിൽ വേണമെന്ന നിലപാടാണു ഹൈക്കമാൻഡിന്. മുഖ്യമന്ത്രിസ്ഥാനാർഥി ആരെന്ന ചർച്ച പാർട്ടിക്കുള്ളിൽ കലഹമെന്ന പ്രതീതി സൃഷ്ടിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കെപിസിസിയിൽ നേതൃമാറ്റം വേണ്ടെന്ന വികാരം നേതാക്കൾ നേരത്തേമുതൽ പങ്കുവയ്ക്കുന്നുണ്ട്. പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള നീക്കം ഗുണത്തെക്കാൾ പാർട്ടിക്കു ദോഷം ചെയ്യുമെന്നും വിലയിരുത്തപ്പെടുന്നു.
അതേസമയം, ഇടതു സർക്കാരിന്റെ വ്യവസായ വികസനത്തെ പ്രകീർത്തിച്ചു ശശി തരൂർ ഉയർത്തിവിട്ട രാഷ്ട്രീയ കോലാഹലം യോഗത്തിന്റെ അജൻഡയല്ലെന്ന സൂചനയും നേതാക്കൾ നൽകി. വിവാദത്തിന്റെ പശ്ചാത്തലത്തിൽ തനിക്കുള്ള അതൃപ്തി ബോധ്യപ്പെടുത്താൻ തരൂർ കഴിഞ്ഞയാഴ്ച രാഹുൽ ഗാന്ധിയെ നേരിൽകണ്ടിരുന്നു. എന്നാൽ, വിഷയങ്ങളിൽ പരിഹാരമോ അനുകൂല നിലപാടോ നേതൃത്വത്തിൽനിന്ന് ഉണ്ടാകുമെന്ന പ്രതീക്ഷ തരൂരിന് ഇല്ല. ഈ പശ്ചാത്തലത്തിൽ 28ലെ യോഗത്തിൽ അദ്ദേഹം പങ്കെടുക്കുമോ എന്നതാണു കൗതുകം.