സിപിഎമ്മിന്റെ എഴുത്തിൽ പൊലീസിന്റെ തിരുത്ത്

Mail This Article
തൃക്കരിപ്പൂർ (കാസർകോട്) ∙ പെരുങ്കളിയാട്ടം നടക്കുന്ന തൃക്കരിപ്പൂർ രാമവില്യം കഴകത്തിലേക്കുള്ള റോഡിലെ സിപിഎം പ്രവർത്തകരുടെ എഴുത്തുകൾ തിരുത്തിയെഴുതി പൊലീസ്. കഴിഞ്ഞദിവസം രാത്രി പ്രവർത്തകർ റോഡിൽ CPIM എന്ന് ഇംഗ്ലിഷിൽ എഴുതിയതാണ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പൊലീസ് NO CRIME (നോ ക്രൈം) ആക്കിയത്. ഡിവൈഎഫ്ഐ എന്ന് എഴുതിയത് പെയ്ന്റ് ഉപയോഗിച്ച് മായ്ച്ച പൊലീസ്, സിപിഐഎമ്മിലെ അക്ഷരങ്ങൾ തട്ടിക്കൂട്ടിയാണ് ക്രൈം എന്ന വാക്ക് രൂപപ്പെടുത്തിയത്. തൊട്ടുമുകളിലായി നോ എന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു.
ഇളമ്പച്ചി റോഡിൽനിന്നു കഴകത്തിനു മുന്നിലൂടെ കടന്നുപോകുന്ന റോഡിലും വൈദ്യുതത്തൂണുകളിലും മറ്റും കഴിഞ്ഞദിവസം രാത്രിയാണ് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ ചായംമുക്കി സംഘടനയുടെ പേര് എഴുതിയത്.
സംഘടനാ സ്നേഹം അൽപം കടന്നുപോയെന്ന് പ്രവർത്തകരിൽനിന്നുതന്നെ പ്രതികരണം ഉയർന്നു. പിന്നാലെ പ്രദേശത്ത് രാഷ്ട്രീയ തർക്കം രൂപപ്പെടുമെന്ന സൂചന പൊലീസിനും ലഭിച്ചു. അതോടെ കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ പൊലീസെത്തി.
എല്ലാ എഴുത്തും മായ്ക്കാനുള്ള പെയ്ന്റ് പൊലീസിന്റെ പക്കലുണ്ടായിരുന്നില്ല. അതോടെയാണ് എഴുത്ത് പൂർണമായും മായ്ക്കേണ്ട, തിരുത്താമെന്ന ആശയം പൊലീസ് സ്വീകരിച്ചത്. ഇതിനിടെ പ്രവർത്തകരിൽ ചിലർ പെയ്ന്റുമായെത്തി എഴുത്തുകൾ മായ്ക്കാനും ശ്രമിക്കുന്നുണ്ടായിരുന്നു. മാർച്ച് 5 മുതൽ 12 വരെയാണ് രാമവില്യം കഴകം പെരുങ്കളിയാട്ടം.