കുർബാന തർക്ക പരിഹാരം: കർമ പദ്ധതികൾ മുന്നോട്ടുവച്ച് സംയുക്ത സർക്കുലർ

Mail This Article
കൊച്ചി ∙ കുർബാന തർക്കത്തിൽ എറണാകുളം–അങ്കമാലി അതിരൂപതയിലെ പ്രതിസന്ധി പരിഹരിക്കാൻ കർമ പദ്ധതികൾ മുന്നോട്ടുവച്ച് മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലിന്റെയും മേജർ ആർച്ച് ബിഷപ്പിന്റെ വികാരി മാർ ജോസഫ് പാംപ്ലാനിയുടെയും സംയുക്ത സർക്കുലർ. വിവിധ തലങ്ങളിൽ നടന്ന കൂടിയാലോചനകളിലൂടെ എത്തിച്ചേർന്ന ധാരണ പ്രകാരം നിലവിൽ ഏകീകൃത കുർബാന അർപ്പിക്കാത്ത പള്ളികളിൽ ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ഒരു കുർബാനയെങ്കിലും ഏകീകൃത രീതിയിൽ അർപ്പിക്കണമെന്നു സർക്കുലറിൽ പറയുന്നു.
സിവിൽ കേസുകൾ നിലവിലുള്ള പള്ളികളിൽ ഉൾപ്പെടെയാണിത്. ഈ രീതിയിൽ കുർബാനയർപ്പണം ആരംഭിച്ചു കഴിഞ്ഞാൽ ഇതുമായി ബന്ധപ്പെട്ടു നിലവിലുള്ള കേസുകൾ പിൻവലിക്കാൻ ബന്ധപ്പെട്ടവർ തയാറാകണം. എല്ലാ പള്ളികളിലും വചനവേദി എല്ലാ കുർബാനകളിലും ഉപയോഗിക്കണം. അജപാലന ആവശ്യങ്ങൾക്കായി അതിരൂപതയിലെത്തുന്ന മെത്രാൻമാർക്കും വൈദികർക്കും ഏകീകൃത കുർബാന അർപ്പിക്കാൻ സൗകര്യം ചെയ്യണം. തെരുവുസമരങ്ങളും കോടതി വ്യവഹാരങ്ങളും നമ്മൾ സഞ്ചരിക്കേണ്ട വഴിയല്ലെന്നു തിരിച്ചറിയണമെന്നും ഏതൊരാവശ്യവും സഭാ സംവിധാനങ്ങളുടെ പരിധിക്കുള്ളിൽനിന്ന് അനുഭാവപൂർവം തുടർ ചർച്ചകളിലൂടെ പരിഹരിക്കാൻ തങ്ങൾ സദാ സന്നദ്ധരാണെന്നും സർക്കുലറിൽ അറിയിച്ചു.
പ്രതിസന്ധി പരിഹരിക്കാൻ ആത്മാർഥമായി ശ്രമിക്കുന്ന കാലഘട്ടത്തിൽ, പരസ്പരം കുറ്റപ്പെടുത്തി സമൂഹ മാധ്യമങ്ങളിൽ സഭയ്ക്ക് അപമാനമുണ്ടാക്കുന്ന വാക്കുകളും പ്രവൃത്തികളും ഒഴിവാക്കാൻ എല്ലാവരും ശ്രദ്ധിക്കണം. പ്രതിസന്ധി പരിഹരിക്കാനുള്ള ആദ്യപടി പ്രകോപനങ്ങൾ ഒഴിവാക്കുകയെന്നതാണ്. അതിനാൽ എറണാകുളം അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട വിഷയങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വിചാരണ ചെയ്യുന്നത് അവസാനിപ്പിച്ച് മാധ്യമ മൗനം പാലിക്കണമെന്നും സർക്കുലറിലൂടെ ആവശ്യപ്പെട്ടു. ഇന്ന് കുർബാന മധ്യേ സർക്കുലർ എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും വായിക്കണമെന്നും ഇന്ന് വായിക്കാൻ സാധിക്കാത്ത ഇടവകകളിൽ 9ന് വായിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.