സർവകലാശാല നിയമഭേദഗതി തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനം: വിസിമാരുടെ അധികാരം വെട്ടി

Mail This Article
തിരുവനന്തപുരം∙ സർവകലാശാല ഭരണസമിതികളുടെ തിരഞ്ഞെടുപ്പുഫലം സംബന്ധിച്ച് വിജ്ഞാപനമിറക്കുന്നതിൽനിന്ന് വൈസ് ചാൻസലർമാരെ ഒഴിവാക്കി സർവകലാശാല നിയമഭേദഗതി ബിൽ. വോട്ടെണ്ണൽ രേഖകൾ ഇല്ലാത്തതിനാൽ യൂണിയൻ തിരഞ്ഞെടുപ്പു ഫലം പ്രഖ്യാപിക്കാൻ വിസമ്മതിച്ച കേരള വിസിയുടെ നിലപാടിനെത്തുടർന്ന് ഹൈക്കോടതിയെ സമീപിച്ചിട്ടും എസ്എഫ്ഐ പ്രതിനിധികൾക്കു യൂണിയൻ രൂപീകരിക്കാൻ കഴിയാതെ വന്നിരുന്നു. ഇത് ഒഴിവാക്കാനാണു പുതിയ ഭേദഗതി.
സെനറ്റ്, സിൻഡിക്കറ്റ്, അക്കാദമിക് കൗൺസിൽ, യൂണിവേഴ്സിറ്റി യൂണിയൻ എന്നിവയിലെ തിരഞ്ഞെടുപ്പുഫലം വിജ്ഞാപനം ചെയ്യുന്നതിനും സമിതികൾ രൂപീകരിക്കുന്നതിനും വിസിമാർക്കുള്ള അധികാരം റജിസ്‌ട്രാർമാർക്കു നൽകുന്ന പുതിയ ഭേദഗതി മാർച്ച് 3ന് നിയമസഭയിൽ അവതരിപ്പിക്കുന്ന സർവകലാശാല നിയമഭേദഗതി ബില്ലിൽ ഉൾപ്പെടുത്തി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ എല്ലാ ചുമതലകളും റജിസ്ട്രാർക്കായിരിക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികളിൽ അപ്പീൽ അധികാരിയുടെ ചുമതലയാണു വിസിക്ക് ഉണ്ടാകുക.
വിസിയുടെ അധികാരങ്ങൾ കുറയ്ക്കാനുള്ള സിപിഎം നിലപാടിന്റെ ഭാഗമാണു പുതിയ നീക്കമെന്നു സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ആരോപിച്ചു. ഗവർണറുടെയും വിസിയുടെയും അധികാരങ്ങൾ വെട്ടിക്കുറച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും റജിസ്ട്രാർക്കും സിൻഡിക്കറ്റിനും കൂടുതൽ അധികാരങ്ങൾ നിയമഭേദഗതികളിൽ ഉൾപ്പെടുത്തി. ഇതു സർവകലാശാലകളുടെ അക്കാദമിക് സ്വാതന്ത്ര്യം നഷ്ടപ്പെടുത്തും. 1991ൽ കെ.കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ സർവകലാശാലകളുടെ ഫയലുകൾ പരിശോധിക്കാൻ സർക്കാരിന് അധികാരം നൽകുന്ന നിയമഭേദഗതിക്കു ശ്രമിച്ചപ്പോൾ സർവകലാശാലകളുടെ സ്വയംഭരണം നഷ്ടമാകുമെന്നു പറഞ്ഞു സമരം ചെയ്ത സിപിഎമ്മാണ് ഇപ്പോൾ മന്ത്രിക്ക് അമിതാധികാരം നൽകുന്നത്. കേന്ദ്ര സർക്കാർ സർവകലാശാലകളെ കാവിവൽക്കരിക്കുന്നെന്ന ആരോപണം നിലനിൽക്കുമ്പോൾ സംസ്ഥാന സർക്കാർ സർവകലാശാലകളെ ചുവപ്പണിയിക്കാനാണു ശ്രമിക്കുന്നതെന്നും ക്യാംപെയ്ൻ കമ്മിറ്റി കുറ്റപ്പെടുത്തി.