ഡോ.വന്ദന കേസ്: പ്രതി തന്നെയും ഉപദ്രവിച്ചതായി 12–ാം സാക്ഷി

Mail This Article
കൊല്ലം∙ കൊട്ടാരക്കര താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഡോ.വന്ദന ദാസിനെ ആക്രമിച്ച പ്രതി സന്ദീപ് അവിടെവച്ചു തന്നെയും ശാരീരികോപദ്രവം ഏൽപിച്ചതായി കേസിലെ 12–ാം സാക്ഷിയും സന്ദീപിന്റെ ബന്ധുവുമായ രാജേന്ദ്രൻ പിള്ള കോടതിയിൽ മൊഴി നൽകി. കൊല്ലം അഡീഷനൽ സെഷൻസ് ജഡ്ജി പി.എൻ.വിനോദ് മുൻപാകെ നടന്ന സാക്ഷി വിസ്താര വേളയിലാണു മുൻ കരസേന ഉദ്യോഗസ്ഥൻ കൂടിയായ സാക്ഷി മൊഴി നൽകിയത്.
കാലിനു പരുക്കേറ്റ നിലയിൽ പ്രതി സന്ദീപിനെ ആശുപത്രിയിൽ പൊലീസ് എത്തിക്കുമ്പോൾ ബന്ധുവായ താനും ഒപ്പം ഉണ്ടായിരുന്നു. ആശുപത്രിയിൽ വച്ചു പ്രതി മനഃപൂർവം തൊഴിച്ചെന്നും പ്രോസിക്യൂട്ടറുടെ ചോദ്യത്തിന് മറുപടിയായി സാക്ഷി മൊഴി നൽകി.
കേസിന്റെ അന്വേഷണ ഘട്ടത്തിൽ പൊലീസ് ഉദ്യോഗസ്ഥരോടു ഈ വിവരങ്ങൾ പറഞ്ഞിരുന്നതായും കോടതി മുൻപാകെ പറഞ്ഞു. കേസിൽ തുടർസാക്ഷി വിസ്താരം 20ന് നടക്കും. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ.പ്രതാപ് ജി. പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശിൽപ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരും പ്രതിഭാഗത്തിനു വേണ്ടി അഡ്വ.ബി.എ. ആളൂരും കോടതിയിൽ ഹാജരായി.