ജാർഖണ്ഡിലേക്കു പോകാൻ പണമില്ല; പാളത്തിൽ കല്ലുവച്ച് ട്രെയിൻ തടയാൻ ശ്രമം

Mail This Article
കോട്ടയം ∙ ജാർഖണ്ഡിൽ നിന്നു നാടുവിട്ടു കേരളത്തിലെത്തി. തിരികെ പോകാൻ വണ്ടിക്കൂലി ഇല്ലാതെ വന്നതോടെ പാളത്തിൽ കല്ലെടുത്തുവച്ച് ട്രെയിൻ തടഞ്ഞു നിർത്താൻ ശ്രമിച്ച അറുപത്തിരണ്ടുകാരനെ റെയിൽവേ സുരക്ഷാസേന പിടികൂടി പുനരധിവാസ കേന്ദ്രത്തിലേക്കു മാറ്റി. ജാർഖണ്ഡ് സ്വദേശിയായ ശിവകുമാർ സിങ്ങിനെ(62) യാണ് പിടികൂടിയത്.
കോട്ടയം–ഏറ്റുമാനൂർ സെക്‌ഷനിൽ നിരന്തരം ട്രാക്കുകളിൽ കല്ലു വയ്ക്കുന്നതു കണ്ടെത്തിയതോടെ റെയിൽവേ സുരക്ഷാസേന രഹസ്യ നിരീക്ഷണം ആരംഭിച്ചിരുന്നു. ആർപിഎഫ് എസ്ഐ എൻ.എസ്. സന്തോഷ്, എഎസ്ഐ എസ്. സന്തോഷ് കുമാർ എന്നിവർ ഇന്നലെ രാവിലെ നടത്തിയ പരിശോധനയിൽ ഏറ്റുമാനൂരിനു സമീപം രണ്ടിടങ്ങളിൽ പാളത്തിൽ കല്ലെടുത്തുവച്ചതു കണ്ടെത്തി.
സമീപത്തു നിന്നിരുന്ന ശിവകുമാർ സിങ്ങാണ് കല്ലെടുത്തു വച്ചതെന്നു പ്രദേശത്തുണ്ടായിരുന്നവരും പറഞ്ഞു. ചോദ്യം ചെയ്തപ്പോൾ പരസ്പരവിരുദ്ധമായി ശിവകുമാർ സംസാരിച്ചു. തുടർന്ന് റെയിൽവേ സുരക്ഷാസേന അന്വേഷണം നടത്തി വിലാസം സ്ഥിരീകരിച്ചു. ഇയാൾ കുടുംബകലഹത്തെത്തുടർന്നു നാടുവിടുകയായിരുന്നു.
മകന്റെ മർദനം സഹിക്കാനാവാതെയാണ് ട്രെയിൻ കയറിയതെന്നും ശിവകുമാർ സിങ് പറയുന്നു. നാട്ടിലേക്കു മടങ്ങണമെന്നും മക്കളെ കാണണമെന്നും തോന്നിയതോടെ പാളത്തിൽ കല്ലെടുത്തുവച്ച് ട്രെയിൻ നിർത്താൻ ശ്രമിക്കുകയായിരുന്നു. മൊഴി രേഖപ്പെടുത്തിയ ശേഷം ശിവകുമാർ സിങ്ങിനെ ചികിത്സയ്ക്കായി പുനരധിവാസകേന്ദ്രത്തിലാക്കി.