ഇന്ത്യയിൽ ക്ലാസിക്കൽ ഫാഷിസം ഇല്ല: എം.വി.ഗോവിന്ദൻ

Mail This Article
കയ്യൂർ (കാസർകോട്) ∙ ജനാധിപത്യ അവകാശങ്ങൾ ഇല്ലായ്മ ചെയ്ത്, ഭരണകൂടം പ്രതിപക്ഷത്തിനും ഭരണസംവിധാനത്തിനുമെതിരെ കടന്നാക്രമണം നടത്തുന്ന ക്ലാസിക്കൽ ഫാഷിസം ഇന്ത്യയിലില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഫാഷിസം ഇന്ത്യയിലുണ്ടെങ്കിൽ സിപിഎം പതാക ജാഥ പോലുള്ള പരിപാടി കയ്യൂരിൽ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പതാക ജാഥാ പ്രയാണം കയ്യൂർ രക്തസാക്ഷി മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
-
Also Read
യുവതി മരിച്ച നിലയിൽ; കൊലപാതകമെന്ന് സൂചന
കുത്തക മുതലാളിമാരുടെ താൽപര്യം സംരക്ഷിക്കാൻ മത ധ്രുവീകരണം വഴി ഹിന്ദുത്വ അജൻഡയും അമിതാധികാര വാഴ്ചയും സംഘടിപ്പിക്കുകയാണ് കേന്ദ്രസർക്കാർ. അതു പുതിയ ഫാഷിസമാണ്. അങ്ങനെയാണു രാഷ്ട്രീയ പ്രമേയത്തിന്റെ ഭാഗമായി നിയോ ഫാഷിസ്റ്റിക് എന്ന പദം പരിചയപ്പെടുത്തിയത്. അടിയന്തരാവസ്ഥ വന്നപ്പോഴും ഫാഷിസമാണെന്നു പാർട്ടി പറഞ്ഞിട്ടില്ല. അത് അർധ ഫാഷിസമായിരുന്നു.
ഫാഷിസത്തിലേക്കാണ് ഇന്ത്യയുടെ യാത്ര. ഫാഷിസമായിട്ടില്ല. ഇതിനെ പിടിച്ചുകെട്ടിയില്ലെങ്കിൽ ഇന്ത്യയുടെ ജനാധിപത്യം തകരുമെന്നും അദ്ദേഹം പറഞ്ഞു.
‘20 വർഷം ലഭിച്ചാൽ തൊഴിലില്ലായ്മയ്ക്ക് പരിഹാരം’
മാറിവരുന്ന കേരളത്തിന്റെ പശ്ചാത്തലത്തിൽ എൽഡിഎഫ് സർക്കാരിന് പത്തിരുപത് വർഷം കൂടി ലഭിച്ചാൽ തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പൂർണമായി പരിഹാരം കാണാം. നാളെത്തന്നെ കാണാനാകുമെന്ന് പറയുന്നില്ല. വാരിക്കോരി എടുക്കാൻ മാത്രം അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ ഇവിടെയുണ്ട്. ഇന്ത്യയിലെവിടെയും ഇങ്ങനെയുള്ള പ്രതിഭാസമില്ല. സർക്കാർ ഈ വർഷം 20 ലക്ഷം ആളുകൾക്കു തൊഴിൽ നൽകുമെന്നതിൽ ഒരു സംശയവുമില്ല.
സ്വപ്നതുല്യമായ പ്രഖ്യാപനമാണിത്. ഇന്ത്യയ്ക്കും ലോകത്തിനും മാതൃകയാകുന്ന മുതലാളിത്ത സമൂഹത്തിലെ തുരുത്തായി കേരളത്തെ പരിവർത്തനം ചെയ്യിപ്പിക്കാം. നമ്മളെല്ലാം മുൻപു പ്രസംഗിച്ചത് മുതലാളിത്തം ഇല്ലാതാക്കുന്നതിലൂടെ തൊഴിലില്ലായ്മ ഇല്ലാതാക്കാമെന്നാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.