ഇപിഎഫ്ഒ: ‘പണി തീർക്കൽ’ ഇങ്ങനെയോ?; ഉയർന്ന വിഹിതം അടച്ചവർക്കും കിട്ടിയത് തുച്ഛ പെൻഷൻ

Mail This Article
കോഴിക്കോട് ∙ ഉയർന്ന പെൻഷനുവേണ്ടി വൻതുക വിഹിതം അടച്ചവർക്കും കിട്ടിയത് ശമ്പളപരിധി ബാധകമായ കുറഞ്ഞ പെൻഷൻ. കേരഫെഡിലെ മുപ്പതോളം ജീവനക്കാരെയാണ് ഇപിഎഫ്ഒ തിരുവനന്തപുരം റീജൻ കബളിപ്പിച്ചത്. 20 ലക്ഷത്തിലേറെ രൂപ അടച്ചവർക്കുപോലും ഏകദേശം 5000 രൂപ മാത്രമാണു പെൻഷൻ കിട്ടിയത്. പെൻഷനു ബാധകമായ ശമ്പളമായി പെൻഷൻ പേയ്മെന്റ് ഓർഡറിൽ (പിപിഒ) കാണിച്ചിരിക്കുന്നത് സ്റ്റാറ്റ്യൂട്ടറി പരിധി ബാധകമായ തുകയാണ്.
സുപ്രീം കോടതി ഉത്തരവുപ്രകാരം എല്ലാ വ്യവസ്ഥകളും പാലിക്കുകയും പെൻഷൻ ഫണ്ടിലേക്ക് അധികവിഹിതം അടയ്ക്കുകയും ചെയ്തതിനാൽ അപേക്ഷകൾ സ്വീകരിച്ചതായി ജീവനക്കാരുടെ പട്ടിക സഹിതം കേരഫെഡിന് ഫെബ്രുവരി ആദ്യവാരം ഇപിഎഫ്ഒ കത്തു നൽകിയിരുന്നു. അതിനു ശേഷമാണ് ഇത്തരത്തിൽ തെറ്റായി കണക്കുകൂട്ടി പെൻഷൻ നൽകിയത്.
ടാർഗറ്റ് തികയ്ക്കാൻ കേന്ദ്ര ഓഫിസിൽനിന്നു സമ്മർദമുള്ളതിനാൽ തിടുക്കത്തിൽ പിപിഒ തയാറാക്കിയപ്പോൾ സംഭവിച്ച പിഴവാണെന്നും ഇതു പരിഹരിക്കുമെന്നുമാണ് പരാതിപ്പെട്ടവരോട് ഉദ്യോഗസ്ഥർ പറഞ്ഞത്. ഉയർന്ന പെൻഷനുള്ള അപേക്ഷകളിൽ 70 ശതമാനത്തിലേറെ പരിശോധിച്ചുകഴിഞ്ഞെന്നു പറയുന്ന ഇപിഎഫ്ഒ ഇങ്ങനെയാണോ ‘പണി തീർക്കുന്നത്’ എന്നാണു പെൻഷൻകാരുടെ ചോദ്യം.