ധനവകുപ്പ് കണ്ണുരുട്ടി; സർവകലാശാലകളിൽ നിന്ന് ട്രഷറിയിലേക്കെത്തി, 1,769 കോടി

Mail This Article
തിരുവനന്തപുരം ∙ സർക്കാർ അറിയാതെ 7 സർവകലാശാലകൾ ബാങ്കിൽ സൂക്ഷിച്ചിരുന്ന 1,769 കോടി ഒടുവിൽ ട്രഷറിയിലേക്ക്. സർക്കാരിൽനിന്നു നൽകുന്ന ഗ്രാന്റ് അടക്കമുള്ളവ തടയുമെന്ന ധനവകുപ്പിന്റെ കർശന മുന്നറിയിപ്പിനെ തുടർന്നാണ്, കാലങ്ങളായി ബാങ്കിൽ സൂക്ഷിച്ചിരുന്ന പണം ഒടുവിൽ ട്രഷറിയിൽ നിക്ഷേപിക്കാൻ സർവകലാശാലകൾ തയാറായത്. ഇത്രയധികം തുക സർവകലാശാലകൾ ബാങ്കിൽ സൂക്ഷിച്ചിരുന്നത് ധനവകുപ്പിനെയും ഞെട്ടിച്ചു. സാമ്പത്തികവർഷം തീരാൻ ഒരുമാസം മാത്രം ബാക്കിനിൽക്കെ പാസാക്കുന്ന ബില്ലുകൾക്കു പണം നൽകാൻ സർക്കാർ പാടുപെടുകയാണ്. ഇൗ മാസാവസാനത്തെ ചെലവുകൾക്കായി 30,000 കോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണു കണക്കുകൂട്ടൽ. പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായാണു സർവകലാശാലകൾക്കും ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങൾക്കും പണം ട്രഷറിയിലേക്കു മാറ്റാൻ കർശന നിർദേശം നൽകിയത്.
സർക്കാർ മുന്നറിയിപ്പു നൽകിയിട്ടും പണം ട്രഷറിയിലേക്കു മാറ്റാൻ പലരും തയാറാകാത്തതിനെ തുടർന്നാണ് ഗ്രാന്റും പ്ലാൻ ഫണ്ടും വെട്ടുമെന്ന ഭീഷണി ഇറക്കിയത്. പിന്നാലെ 7 സർവകലാശാലകൾ പണം ട്രഷറിയിലേക്കു മാറ്റി. അങ്ങനെ ആകെ കിട്ടിയത് 1,769 കോടി രൂപ. സർക്കാരാണ് ഇപ്പോൾ സർവകലാശാലകളിൽ നിന്നു വിരമിക്കുന്നവർക്കു പെൻഷൻ നൽകാനായി പണം കൈമാറുന്നത്. പെൻഷൻ വിതരണത്തിനു സർവകലാശാലകൾ സ്വന്തമായി ഫണ്ട് കണ്ടെത്തണമെന്നു ധനവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നെങ്കിലും സർക്കാർ ഫണ്ട് നിലയ്ക്കുമെന്നു കരുതിയാണ് പല സർവകലാശാലകളും വൻ തുക ബാങ്കിൽ സ്ഥിരനിക്ഷേപമായി സൂക്ഷിക്കുന്നത്. ഇൗ തുക ട്രഷറിയിൽ സൂക്ഷിച്ചാലും പലിശ ലഭിക്കുമല്ലോ എന്നാണ് ധനവകുപ്പിന്റെ വാദം.