ഡോ. ജോർജ് പി.ഏബ്രഹാം: വൃക്ക ശസ്ത്രക്രിയയിലെ അഗ്രഗണ്യൻ

Mail This Article
കൊച്ചി ∙ ഡോ.ജോർജ് പി.ഏബ്രഹാം വിട പറഞ്ഞത് രാജ്യത്തെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിദഗ്ധർക്കായി നടത്താനിരുന്ന രാജ്യാന്തര സമ്മേളനത്തിന്റെ ഒരുക്കങ്ങൾക്കിടെ. യൂറോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ മേയിൽ കൊച്ചിയിൽ നടത്താനിരുന്ന സമ്മേളനം ‘കെടികോണിന്റെ’ സംഘാടക സമിതി രക്ഷാധികാരിയായിരുന്നു ഡോ. ജോർജ്. കേരളത്തിലെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ രംഗത്തു ചിരപ്രതിഷ്ഠ നേടിയ പേരാണു ലേക്‌ഷോർ ആശുപത്രിയിലെ ഡോ. ജോർജ് പി.ഏബ്രഹാമിന്റേത്. അപ്രതീക്ഷിതമായ അദ്ദേഹത്തിന്റെ വിയോഗം ഉൾക്കൊള്ളാൻ കൊച്ചിയിലെ ഡോക്ടർ സമൂഹത്തിനും സഹപ്രവർത്തകർക്കും ഇപ്പോഴും സാധിച്ചിട്ടില്ല.
താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ വൃക്കമാറ്റിവയ്ക്കൽ നടത്തിയ ലോകത്തെ മൂന്നാമത്തെ സർജൻ, മസ്തിഷ്ക മരണം സംഭവിച്ചയാളിൽ നിന്നുള്ള വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ സംസ്ഥാനത്ത് ആദ്യമായി നടത്തിയ സർജൻ തുടങ്ങി വൃക്കരോഗ ചികിത്സയിൽ ഒട്ടേറെ നേട്ടങ്ങൾ തന്റെ പേരിൽ എഴുതിച്ചേർത്താണു ഡോ.ജോർജ് മടങ്ങുന്നത്. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ അവയവമാറ്റ ശസ്ത്രക്രിയയുടെ തുടക്ക കാലത്ത് അദ്ദേഹം വലിയ പങ്കുവഹിച്ചു. പിന്നീട് പിവിഎസ് ആശുപത്രിയിലും പ്രവർത്തിച്ചു. അതിനു ശേഷമാണു ലേക്‌ഷോർ ആശുപത്രിയിൽ യൂറോളജി വിഭാഗം മേധാവിയാകുന്നത്. ഇതിനൊപ്പം വി.ജി. സറഫ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിന്റെയും ഭാഗമായി.
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കു പുറമേ മൂത്രാശയ കല്ലുകൾ നീക്കാനുള്ള 8,500 ശസ്ത്രക്രിയകളും, പ്രോസ്റ്റേറ്റിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള 12,000 ശസ്ത്രക്രിയകളും അദ്ദേഹം നടത്തിയിട്ടുണ്ട്. ശരീരത്തിൽ ചെറിയ മുറിവുകൾ മാത്രമുണ്ടാക്കി (എൻഡോയൂറോളജിക്കൽ പ്രൊസീജിയർ) മൂത്രനാളിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ അഗ്രഗണ്യനായിരുന്നു ഡോക്ടർ. ഇത്തരത്തിലുള്ള 15,000 ശസ്ത്രക്രിയകളാണു ഡോക്ടർ നടത്തിയിട്ടുള്ളത്.