വൈദ്യുതി ഉപയോഗം ഹൈ വോൾട്ടേജിൽ; വൈദ്യുതി നിയന്ത്രണം വേണ്ടി വരില്ലെന്നു മന്ത്രി

Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുത്തനെ ഉയർന്ന് ചൊവ്വാഴ്ച 10.084 കോടി യൂണിറ്റിലെത്തി. വൈദ്യുതി നിയന്ത്രണം വേണ്ടി വരില്ലെന്നു മന്ത്രിയും കെഎസ്ഇബിയും പറയുന്നുണ്ടെങ്കിലും തലസ്ഥാന നഗരത്തിലുൾപ്പെടെ സംസ്ഥാനത്തു പലയിടത്തും രാത്രി വൈദ്യുതി മുടക്കവും വോൾട്ടേജ് ക്ഷാമവും അനുഭവപ്പെടുന്നുണ്ട്.
തുടർച്ചയായി രണ്ടു ദിവസം മഴ ലഭിച്ചെങ്കിലും മഴ തോർന്നതോടെ വൈദ്യുതിയുടെ ആവശ്യം വർധിക്കുകയായിരുന്നു. പീക്ക് സമയത്തെ ആവശ്യം 5122 മെഗാവാട്ട് ആയി. ഫെബ്രുവരി 28 നു തന്നെ 5000 മെഗാവാട്ട് പിന്നിട്ടിരുന്നു. പീക്ക് സമയത്തെ ഓവർലോഡ് താങ്ങാനാകാതെ സംസ്ഥാനത്തു പലയിടത്തും രാത്രി വൈദ്യുതി മുടങ്ങുകയും വോൾട്ടേജ് കുറയുകയും ചെയ്യുന്ന സ്ഥിതിയുണ്ട്. ഈ മാസം 1 ന് 9.989 കോടി യൂണിറ്റിലെത്തിയെങ്കിലും തുടർച്ചയായി രണ്ടു ദിവസം മഴ പെയ്തതോടെ 2ന് ആകെ വൈദ്യുതി ഉപയോഗം 9.0946 കോടി യൂണിറ്റ് ആയി കുറഞ്ഞു. 3 ന് 9.688 കോടിയായി. 4 ന് ഈ വർഷത്തെ റെക്കോർഡ് ആയ 10 കോടി യൂണിറ്റ് പിന്നിട്ടു. മാർച്ച് ആദ്യവാരത്തിലെ റെക്കോർഡ് ഉപയോഗം കൂടിയാണിത്.
വൈദ്യുതി തടസ്സം ഉണ്ടാകില്ല: മന്ത്രി
സംസ്ഥാനത്തു വൈദ്യുതി ക്ഷാമം കാരണമോ വിതരണ ശൃംഖലയുടെ പ്രശ്നം കാരണമോ വൈദ്യുതി തടസ്സമുണ്ടാകുന്ന സ്ഥിതിയില്ലെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. 1938 വിതരണ ട്രാൻസ്ഫോമറുകൾ മേയിൽ ലഭിക്കുന്നതിനു കരാർ നൽകിയിട്ടുണ്ട്. അത് മാർച്ചിൽ ലഭ്യമാക്കാനാകുമോയെന്നു പരിശോധിക്കും.