‘എൻഎസ്എസ് ഉത്തരവ്’: സർക്കാർ തീരുമാനം കാത്ത് മാനേജ്മെന്റുകൾ

Mail This Article
തിരുവനന്തപുരം ∙ എൻഎസ്എസിനു കീഴിലെ സ്കൂളുകളിൽ ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്തിട്ടുള്ളതൊഴികെയുള്ള തസ്തികകളിലെ നിയമനങ്ങൾക്ക് അംഗീകാരം നൽകാമെന്ന സുപ്രീംകോടതി ഉത്തരവിൻമേൽ ഇനി സർക്കാർ തീരുമാനം നിർണായകമാകും. മറ്റു മാനേജ്മെന്റുകൾക്കും ഇൗ വിധി ബാധകമാക്കാൻ സർക്കാർ തയാറാകുമോ എന്നതിലാണ് ആകാംക്ഷ. ഭിന്നശേഷി സംവരണം പൂർത്തിയാക്കാൻ കഴിയാത്തതിനാൽ വിവിധ മാനേജ്മെന്റുകൾക്കു കീഴിലെ 16,000 അധ്യാപക നിയമനങ്ങളാണ് അംഗീകാരം കാത്തിരിക്കുന്നത്. നിലവിൽ ഇവർക്കു ദിവസ വേതനക്കാരായി മാത്രമാണ് സർക്കാർ അംഗീകാരം നൽകിവരുന്നത്.
4% ഭിന്നശേഷി സംവരണം നടപ്പാക്കിയ സ്കൂളുകളിലെ അധ്യാപകർക്കു മാത്രമാണ് ഇപ്പോൾ സർക്കാർ സ്ഥിരനിയമനാംഗീകാരം നൽകുന്നത്. ഭിന്നശേഷി സംവരണത്തെ തുടക്കത്തിൽ എതിർത്തിരുന്ന മാനേജ്മെന്റുകൾ സുപ്രീംകോടതി വിധി പാലിക്കാൻ നിർബന്ധിതരായതോടെ ഭിന്നശേഷിക്കാരെ നിയമിച്ചുതുടങ്ങിയിട്ടുണ്ട്. എന്നാൽ, സർക്കാർ നിർദേശിച്ച നടപടിക്രമങ്ങൾ പൂർണമായി പാലിച്ച് ഭിന്നശേഷി നിയമനം സാധ്യമാകുന്നില്ലെന്നാണ് അവരുടെ പരാതി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽനിന്നു പട്ടിക വാങ്ങിയാണു നിയമനം നടത്തേണ്ടത്.
അവിടെനിന്ന് ആവശ്യത്തിന് ഉദ്യോഗാർഥികളെ ലഭിച്ചില്ലെങ്കിൽ നോൺ അവെയ്‌ലബിലിറ്റി സർട്ടിഫിക്കറ്റ് (എൻഎസി) വാങ്ങിയശേഷം പത്രപ്പരസ്യം നൽകി ഉദ്യോഗാർഥികളെ ക്ഷണിക്കാം. എന്നിട്ടും അർഹരില്ലെങ്കിൽ വീണ്ടും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ സമീപിക്കണം.
ഭിന്നശേഷി വിഭാഗങ്ങളിൽ ആദ്യ പരിഗണന കാഴ്ചപരിമിതർക്കാണ്. കേൾവിപരിമിതർ, ശാരീരിക വെല്ലുവിളി നേരിടുന്നവർ, മറ്റു വിവിധ ഭിന്നശേഷിക്കാർ എന്ന ക്രമത്തിലാണ് അവസരം. ഇതിൽ ഒരു വിഭാഗത്തിലുള്ള ഉദ്യോഗാർഥികളെ ലഭിച്ചില്ലെങ്കിൽ മറ്റു മുൻഗണനാ വിഭാഗങ്ങളിലുള്ളവരുടെ പട്ടിക എക്സ്ചേഞ്ചുകൾ വഴി നൽകുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. എന്നാൽ, ഇൗ നടപടിക്രമങ്ങളിലൂടെ കടന്നുപോയിട്ടും യോഗ്യരായ ഭിന്നശേഷിക്കാരെ കിട്ടാനില്ലെന്നാണ് മാനേജ്മെന്റുകളുടെ പരാതി. അവർക്കായി സീറ്റ് ഒഴിച്ചിടാമെന്നും മറ്റു നിയമനങ്ങൾക്ക് അംഗീകാരം നൽകണമെന്നും ആവശ്യപ്പെട്ടിട്ടു സർക്കാർ വഴങ്ങിയില്ല.
എന്നാൽ, ഭിന്നശേഷിക്കാർക്കായി സീറ്റുകൾ മാറ്റിവച്ചതിനാൽ മറ്റു നിയമനങ്ങൾക്ക് അംഗീകാരം നൽകണമെന്ന എൻഎസ്എസിന്റെ ആവശ്യത്തെ സർക്കാർ കോടതിയിൽ കാര്യമായി എതിർത്തില്ല. ഇൗ സർക്കാർ നിലപാട് തങ്ങൾക്ക് ഗുണകരമാകുമെന്നാണ് പൊതുവേ മാനേജ്മെന്റുകളുടെയും അധ്യാപക സംഘടനകളുടെയും പ്രതീക്ഷ. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കുന്ന ഉത്തരവ് എല്ലാ എയ്ഡഡ് സ്കൂളുകൾക്കും ബാധകമാക്കണമെന്നാണ് അവരുടെ ആവശ്യം.